SignIn
Kerala Kaumudi Online
Friday, 26 April 2024 1.21 PM IST

തൃക്കാക്കരയിലെ രാഷ്ട്രീയക്കളികൾ

vivadavela

പ്രജാക്ഷേമ തത്‌പരനായ മഹാബലിയോട് മഹാവിഷ്ണു വാമനനായി അവതരിച്ച് മൂന്നടി മണ്ണ് ചോദിച്ച ഐതിഹ്യകഥയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഇടമാണ് തൃക്കാക്കര. ആദ്യത്തെ രണ്ടടിയിൽ ഭൂമിയും സ്വർഗവും അളന്ന വാമനന് മുന്നിൽ മൂന്നാമത്തെ അടിക്കായി തല താഴ്ത്തിക്കൊടുത്തതാണല്ലോ മഹാബലിയുടെ കഥ. വാമനൻ ബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നും മഹാബലിക്കായി സുതലം എന്ന ഇടം സൃഷ്ടിച്ച് അവിടെ രാജാവായി വാഴിച്ചെന്നും അവിടെ ബലിയുടെ കാവൽക്കാരനായി വാമനൻ നിലകൊണ്ടെന്നും കഥയുണ്ട്. ഇത്തരമൊരു കഥയെ പിൻപറ്റി വാമനമൂർത്തിയെ പൂജിക്കുന്ന കേരളത്തിലെ ഏകനാട് തൃക്കാക്കരയാണ്. തൃക്കാക്കരയപ്പനെ ഓണത്തോട് ചേർത്താണ് വായിക്കുന്നത്. ഓണക്കഥയുടെ ഐതിഹ്യമാണ് വാമന- മഹാബലി സങ്കല്പങ്ങൾ.

ആ തൃക്കാക്കരയിലിപ്പോൾ തിരഞ്ഞെടുപ്പുത്സവത്തിന്റെ ആരവമാണ്. പരിസ്ഥിതി രാഷ്ട്രീയത്തിൽ സത്യസന്ധമായ നിലപാടുമായി ജീവിതാന്ത്യം വരെ തുടർന്ന പി.ടി. തോമസ് എന്ന മനുഷ്യന്റെ അകാലനിര്യാണത്തെ തുടർന്ന് വന്നുപെട്ട ഉപതിരഞ്ഞെടുപ്പ് തൃക്കാക്കരയിലാണ്. തൃക്കാക്കരയുടെ എം.എൽ.എയായി 2016ലും 2021ലും ജയിച്ചുവന്നയാളാണ് കോൺഗ്രസുകാരനായ പി.ടി. തോമസ്. 2011ൽ മാത്രം രൂപമെടുത്ത നിയോജകമണ്ഡലമാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര. എറണാകുളം നഗരമദ്ധ്യത്തിലുള്ള മണ്ഡലമെന്ന് പറയാം. പൊതുവെ നഗരസ്വഭാവം പ്രകടിപ്പിക്കുന്ന ജില്ലയുടെ സവിശേഷ കാലാവസ്ഥയാണ് എറണാകുളത്ത് ഇപ്പോഴും വലിയ തോതിൽ കടന്നുകയറാൻ തടസമെന്ന് സി.പി.എം അവരുടെ സമ്മേളനറിപ്പോർട്ടിൽ ഈയടുത്തും വിലയിരുത്തിയതാണ്. കഴിഞ്ഞ വർഷമായിരുന്നു അവസാന നിയമസഭാ തിരഞ്ഞെടുപ്പ്. കൃത്യം ഒരുവർഷം പിന്നിടുമ്പോൾ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു.

തൃക്കാക്കരയുടെ നഗരസ്വഭാവം

തൃക്കാക്കര മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും എറണാകുളം നഗരസഭയുടെ ഭാഗങ്ങളാണ്. ഐ.ടി മേഖലയായ കാക്കനാട് തൃക്കാക്കരയിലാണ്. ഇവിടെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാതിനിധ്യമുണ്ട്. നഗരമേഖലയായത് കൊണ്ടുതന്നെ വന്നുപോകുന്ന ജനങ്ങളുടെ തോത് കൂടുതലാണ്. ഫ്ലോട്ടിംഗ് പോപ്പുലേഷനെന്ന് പറയാം. ഐ.ടി മേഖല സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ ടെക്കികളുടെ കേന്ദ്രമാണ്. സമ്പന്നമുദ്ര അടയാളപ്പെടുത്തുന്ന മേഖല. ഹിന്ദു വിഭാഗങ്ങൾക്ക് മേൽക്കൈയുണ്ട്. ഈഴവ പ്രാതിനിദ്ധ്യമുള്ള പ്രദേശങ്ങളേറെ. 27 ശതമാനം ക്രൈസ്തവരുണ്ട്. അതിൽ സുറിയാനി, ലത്തീൻ, മറ്റ് കത്തോലിക്കാവിഭാഗക്കാർ പത്ത്-പന്ത്രണ്ട് ശതമാനത്തോളം വരും. യാക്കോബായ, ഓർത്തഡോക്സ് പ്രാതിനിദ്ധ്യവുമുണ്ട്. പതിമൂന്ന്- പതിനഞ്ച് ശതമാനത്തോളം മുസ്ലിം വോട്ടർമാരുണ്ട്.

2009ലെ മണ്ഡല പുനർവിഭജനത്തിന് ശേഷം രൂപപ്പെട്ട തൃക്കാക്കരയിൽ അതിനുശേഷം ആകെ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും വിജയിച്ചിട്ടുള്ളത് യു.ഡി.എഫാണ്. മണ്ഡലത്തിന്റെ ചായ്‌വ് അത്തരത്തിലാണെന്ന് പറയാം. ഏറ്റവുമൊടുവിൽ നടന്ന കഴിഞ്ഞവർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ടി. തോമസ് വിജയിച്ചത് 14,329 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന അസ്ഥിരോഗവിദഗ്ദ്ധനായ ഡോ. ജെ. ജേക്കബ് 45,510 വോട്ടുകൾ നേടിയപ്പോൾ പി.ടി. തോമസ് നേടിയത് 59,839 വോട്ടുകളാണ്. എറണാകുളം നഗരമേഖലയിൽ പുതുതായി രൂപമെടുത്തിട്ടുള്ള ട്വന്റി- ട്വന്റി കൂട്ടായ്മ പതിമൂവായിരത്തിൽപ്പരം വോട്ടുനേടിയ മണ്ഡലവുവമാണ് തൃക്കാക്കര. ബി.ജെ.പിയും സാന്നിദ്ധ്യമുയർത്തിയിട്ടുണ്ടെങ്കിലും 2016നെ അപേക്ഷിച്ച് താഴേക്കുപോയി. യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തമ്മിലെ വോട്ടുവ്യത്യാസം പത്ത് ശതമാനത്തോളം വരും. (പി.ടി. തോമസ് 43.82 ശതമാനവും ജെ. ജേക്കബ് 33.32 ശതമാനവും വോട്ട് നേടി.)

എറണാകുളം ജില്ലയുടെ രാഷ്ട്രീയം

സി.പി.എമ്മിനും ഇടതുമുന്നണിക്കും വലിയ തോതിൽ കടന്നുകയറാനാവാത്ത ജില്ലകളിലൊന്നായി വളരെക്കാലമായി തുടരുന്നുണ്ട് എറണാകുളം ജില്ല. മറ്റൊന്ന് മലപ്പുറമാണ്. അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലീഗ് കോട്ടകളിൽ ചെറിയതോതിലൊക്കെ കുലുക്കമുണ്ടാക്കാൻ സി.പി.എമ്മിന് സാധിച്ചിട്ടുണ്ട്. ലീഗിൽ നിന്ന് വിമതരെ അടർത്തിയെടുത്ത് സ്വതന്ത്രരായി അവതരിപ്പിച്ചുള്ള നുഴഞ്ഞുകയറ്റം എന്ന തന്ത്രമാണ് കുറച്ചുകാലമായി മലപ്പുറത്ത് സി.പി.എമ്മും ഇടതുമുന്നണിയും നടത്തിവരുന്നത്. അതിന് ഫലവുമുണ്ട്.

എന്നാൽ മദ്ധ്യതിരുവിതാംകൂറിൽ എറണാകുളം, കോട്ടയം ജില്ലകൾ ബാലികേറാമലകളായി 2016 വരെ നിലകൊണ്ടു. 2016ൽ നിന്ന് 2021ലേക്കെത്തിയപ്പോൾ യു.ഡി.എഫിൽ നിന്ന് മദ്ധ്യതിരുവിതാംകൂറിലെ അവരുടെ നട്ടെല്ല് പോലെ നിലകൊണ്ടിരുന്ന മാണിഗ്രൂപ്പിനെ അടർത്തിയെടുത്ത് ഇടത് പാളയത്തിലേക്കെത്തിച്ച സി.പി.എം സ്ട്രാറ്റജി വിജയം കണ്ടു. കോട്ടയം ജില്ലയിൽ നേട്ടമുണ്ടാക്കാനായി. എറണാകുളം അപ്പോഴും വലിഞ്ഞുനിന്നു.

ക്രൈസ്തവമേഖലയിലെ സ്വാധീനക്കുറവ് മാത്രമായി സി.പി.എം ഇതിനെ കാണുന്നില്ല. പക്ഷേ, ക്രൈസ്തവർക്കിടയിൽ പ്രത്യേകിച്ച് കത്തോലിക്കർക്കിടയിൽ പൂർണവിശ്വാസമുറപ്പിക്കാനുള്ള ഇടപെടൽ ഉണ്ടാവേണ്ടിയിരിക്കുന്നുവെന്ന് കാണുന്നുമുണ്ട്. എറണാകുളത്തിന്റെ നഗരസ്വഭാവമാണ് പ്രധാന വിനയായി സി.പി.എം പറയുന്നതെങ്കിലും സമ്പന്ന ക്രൈസ്തവവിഭാഗമായ സുറിയാനി കത്തോലിക്കരെ ഇളക്കിയടുപ്പിക്കുകയെന്ന വലിയ പരീക്ഷണം വിജയിച്ചാൽ എറണാകുളമടക്കം മദ്ധ്യതിരുവിതാംകൂറിലും ഭയക്കേണ്ടതില്ലെന്ന് സി.പി.എം കാണുന്നു. തുടർഭരണമെന്നതിൽ നിന്ന് സ്ഥിരംഭരണമാണ് അവർ ലക്ഷ്യം വയ്ക്കുന്നത്.

ഹിന്ദുഭൂരിപക്ഷമുള്ള മണ്ഡലമായിട്ടും തൃക്കാക്കരയിൽ സുറിയാനി കത്തോലിക്കനായ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോക്ടർ ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നിൽ എറണാകുളം ജില്ലയിൽ സ്വാധീനമുറപ്പിക്കുകയെന്ന വിശാലലക്ഷ്യം സി.പി.എമ്മിനുണ്ട്.

തന്ത്രങ്ങളും മറുതന്ത്രങ്ങളും

തൃക്കാക്കര യു.ഡി.എഫിന് ഏറെക്കുറെ സുരക്ഷിത മണ്ഡലമാണെന്ന് വേണമെങ്കിൽ പറയാം. 2011ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നത് യാക്കോബായക്കാരനായ ബെന്നി ബെഹനാനാണ്. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള എം.ഇ. ഹസൈനാരെ സി.പി.എം അവതരിപ്പിച്ചു. 22,406 വോട്ടുകൾക്ക് ബെന്നി വിജയിച്ചു. 2016ൽ കത്തോലിക്കനെങ്കിലും ഗാഡ്ഗിൽ വിഷയത്തിലടക്കം ഇടുക്കിയിൽ കത്തോലിക്കാസഭയോടിടഞ്ഞ പി.ടി. തോമസിന്റെ ഭൂരിപക്ഷം 11,996 ആണ്. ഇടുക്കി ഉപ്പുതുറക്കാരനായ പി.ടിയോട് ഇടുക്കിയിലേത് പോലെ അമർഷം എറണാകുളത്തെ സഭയ്ക്കുണ്ടാവാൻ തരമില്ലെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. 2016ലെ സവിശേഷത 2011ൽ നേടിയ 5935 വോട്ടിൽ നിന്ന് ബി.ജെ.പി ഒറ്റയടിക്ക് വോട്ടുകൾ 21247 ആയി ഉയർത്തിയെന്നതാണ്. ആ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ ബി.ജെ.പിക്ക് ഗ്രാഫുയർത്താനായിട്ടുണ്ട്. നേമത്ത് വിജയിക്കുക പോലും ചെയ്തു. എന്നാൽ 2021ൽ സ്ഥിതി മാറി. ബി.ജെ.പി അല്പം താഴേക്കുപോയി. നേമത്ത് തോറ്റു. തൃക്കാക്കരയിലും അതിന്റെ പ്രതിഫലനമുണ്ടായിട്ടുണ്ട്. അവിടെ നാലാം ഗ്രൂപ്പായി അവതരിച്ച ട്വന്റി-20 പതിമൂവായിരം വോട്ട് നേടിയത്, എറണാകുളത്തിന്റെ നഗരസ്വഭാവത്തിന്റെ കൂടി പ്രതിഫലനമായി വേണമെങ്കിൽ പറയാം. അത്തരമൊരു അരാഷ്ട്രീയഗ്രൂപ്പിന് വളരാനാവുക ഇത്തരം ഫ്ലോട്ടിംഗ് പോപ്പുലേഷനുള്ളിടത്താണ്.

ഇത്തവണ ട്വന്റി-20 മത്സരിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. തൊട്ടടുത്ത മണ്ഡലമായ കുന്നത്തുനാട്ടിൽ അവരുടെ ഒരു പ്രവർത്തകൻ സി.പി.എം ആക്രമണത്താൽ കൊല്ലപ്പെട്ട കഥ തൃക്കാക്കരയിലും ചർച്ചയാണെന്നത് അനകൂലഘടകമായി യു.ഡി.എഫ് കാണുന്നുണ്ട്. അതല്ല, കിറ്റെക്സ് കമ്പനി കടമ്പ്രയാറിനെ മലിനമാക്കുന്നതിനെതിരെ ശക്തിയുക്തം നിലകൊണ്ട പി.ടി. തോമസിനോടുള്ള എതിർപ്പ്, കിറ്റെക്സ് കമ്പനിയുടമ സാബുജേക്കബിന്റെ ആശീർവാദത്തോടെയുള്ള ട്വന്റി-20 പാർട്ടി കോൺഗ്രസിനെതിരെ പ്രകടിപ്പിക്കുമെന്ന് ഇടതുമുന്നണിയും പ്രതീക്ഷിക്കാതില്ല.

തൃക്കാക്കരയിലെ ജനസംഖ്യയുടെ പ്രത്യേകത നോക്കുമ്പോൾ യു.ഡി.എഫിന് മേൽക്കൈയുണ്ടെങ്കിൽ പോലും ഒരു വലിയ അട്ടിമറിയുണ്ടായാൽ തിരിയാൻ സാധിക്കാത്ത ഇടമായിട്ടൊന്നും സി.പി.എം കരുതുന്നില്ല. സീറോ മലബാർ സഭ നിയന്ത്രിക്കുന്ന എറണാകുളത്തെ പ്രശസ്തമായ ലിസി ആശുപത്രിയിലെ സഭയുടെ കുഞ്ഞാടായ ഡോക്ടർ ജോ ജോസഫിനെ സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ തയാറായതും ഇതുകൊണ്ടാണ്.

തൃക്കാക്കരയിൽ ഉമ തോമസ് കോൺഗ്രസിന് ഏറ്റവും ശക്തയായ സ്ഥാനാർത്ഥിയാണ്. പി.ടി. തോമസിനോടുള്ള നാട്ടുകാരുടെ സഹതാപതരംഗം മാത്രമല്ല, മുൻകാല വിദ്യാർത്ഥിസംഘടനാ നേതാവെന്ന പരിചയത്തിലുള്ള അവരുടെ ഇടപെടലുകളും മണ്ഡലത്തിന്റെ രാഷ്ട്രീയചായ്‌വും അനകൂലമായേക്കാം. അതിനെ മറികടക്കാൻ പോന്ന പ്രകടനം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയാണ് ഡോക്ടറിലൂടെ സി.പി.എം മുന്നോട്ടുവയ്ക്കുന്നത്. ജോ ജോസഫിന് ജനകീയ ഇമേജുണ്ട്. ലിസി ആശുപത്രിയിലെ അറിയപ്പെടുന്ന ഭിഷഗ്വരനാണ്. നഗരവാസികൾക്കിടയിൽ ഇത്തരമൊരു വിദ്യാസമ്പന്നനെ അവതരിപ്പിക്കുമ്പോൾ സ്വീകാര്യത കിട്ടിയേക്കാം. ഇടതു സഹയാത്രികനായി ജോ ജോസഫ് നേരത്തേയും തിരഞ്ഞെടുപ്പുകളിൽ പ്രചരണരംഗത്തൊക്കെ പോയിട്ടുള്ളതിനാൽ ഇടത് അണികൾക്ക് അപ്രാപ്യനല്ല. മരണാനന്തരം പോലും സഭാരീതിക്ക് ചേരാത്ത വിധം മൃതദേഹം സംസ്കരിക്കുക വഴി പി.ടി. തോമസ് പ്രഖ്യാപിച്ച രാഷ്ട്രീയനിലപാടിൽ ഈർഷ്യയുള്ളവരുണ്ടെങ്കിൽ അവരെ സ്വാധീനിക്കാം. പിന്നെ ഉപതിരഞ്ഞെടുപ്പുകളിൽ എപ്പോഴും ഭരണത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷികൾക്ക് പ്രചരണരംഗത്ത് മേൽക്കൈ കിട്ടുന്ന ഘടകങ്ങളേറെയാണ്. സർക്കാർ, പാർട്ടി സംഘടനാ സംവിധാനങ്ങൾ ആകപ്പാടെ വിനിയോഗിക്കാനാവും.

പല തലങ്ങളിൽ നോക്കിയാൽ സ്വീകാര്യമാകാവുന്ന മുഖമായ ഡോക്ടറെ അവതരിപ്പിച്ച്, സർക്കാർ, പാർട്ടി മെഷിനറികളെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിച്ച് നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലാണ് സി.പി.എമ്മിനെ നയിക്കുന്നത്. അവരുടെ നീക്കങ്ങൾക്ക് യു.ഡി.എഫിന്റെ മണ്ഡലത്തിൽ പൊതുവേയുള്ള മേൽക്കൈയെയും ഉമ തോമസിന്റെ സാന്നിദ്ധ്യത്തെയും മറികടക്കാനാകുമോയെന്ന ചോദ്യമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ ത്രസിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മതന്യൂനപക്ഷങ്ങളുടെ പിന്തുണ പൊതുവിൽ യു.ഡി.എഫിനായിരുന്നു കൂടുതൽ . കെ.എം. മാണിയുടെ മകൻ ജോസ് കെ.മാണിയുടെ കേരള കോൺഗ്രസ് ഇടതിലായിട്ട് പോലും അങ്ങനെയായിരുന്നു. 57 ശതമാനം ക്രൈസ്തവവോട്ടർമാരും 58 ശതമാനം മുസ്ലിം വോട്ടർമാരും പിന്തുണച്ചത് യു.ഡി.എഫിനെയാണ്. അതേസമയം, തുടർഭരണം നേടിയ ഇടതുമുന്നണിക്ക് മുൻകാല തിരഞ്ഞെടുപ്പിനേക്കാൾ 14 ശതമാനം ക്രൈസ്തവവോട്ടുകളും നാല് ശതമാനം മുസ്ലിംവോട്ടുകളും വർദ്ധിച്ചതും കാണാതിരിക്കാനാവില്ല. എൽ.ഡി.എഫ് നുഴഞ്ഞുകയറ്റം പതുക്കെയാണെങ്കിലും സംഭവിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.