SignIn
Kerala Kaumudi Online
Friday, 26 April 2024 6.39 AM IST

കുതിക്കുന്നു സഹകരണവും രജിസ്ട്രേഷനും

vn-vasavan

സഹകരണമേഖലയിലും രജിസ്ട്രേഷനിലും ആധുനികതയിലൂന്നിയുള്ള വളർച്ചയുടെ കുതിപ്പും റെക്കോഡ് വരുമാനവുമാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യവർഷത്തിൽ സഹകരണമേഖലയുടെ നേട്ടം. നിക്ഷേപസമാഹരണത്തിലും രജിസ്ട്രേഷൻ വരുമാനത്തിലും റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ കൊവിഡ് കാലഘട്ടത്തിൽ സഹകരണരംഗത്തും രജിസ്ട്രേഷൻ രംഗത്തും ഭരണമികവിന്റെ നേട്ടങ്ങളാണ് മന്ത്രി വി.എൻ.വാസവൻ കാഴ്ചവച്ചത്. കരുവന്നൂർ ബാങ്കിലെ വായ്പാവിവാദം എതിരാളികൾ സഹകരണമേഖലയെ മോശപ്പെടുത്താനുള്ള ആയുധമാക്കുകയും സംസ്ഥാന സഹകരണമേഖലയെ തകർക്കാൻ കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ റിസർവ് ബാങ്ക് നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരികയും ചെയ്‌ത വർഷത്തിലാണ് ഇൗ നേട്ടങ്ങളെന്നത് മാറ്റുകൂട്ടുന്നു. വിശ്വാസ്യത നഷ്ടമാക്കാതെ മുന്നോട്ടു പോയെന്നതാണ് എടുത്തുപറയേണ്ട വസ്തുത. അതേസമയം പരാതികളും ആക്ഷേപങ്ങളും കുറവുമായിരുന്നു.

നേട്ടങ്ങൾ സർവരംഗത്തും

സഹകരണമേഖലയുടെ നേട്ടങ്ങൾ എല്ലാരംഗത്തും എത്തിക്കുകയായിരുന്നു മന്ത്രിയെന്ന നിലയിൽ വി.എൻ.വാസവൻ ലക്ഷ്യമിട്ടത്. വിദ്യാഭ്യാസരംഗത്ത് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മൊബൈൽഫോണും ടാബ്‌ലെറ്റും വാങ്ങുന്നതിനുള്ള വിദ്യാതരംഗിണി പദ്ധതി വഴി 80,265 പേർക്ക് 77,68,47,581രൂപ നൽകി. കുടുംബക്ഷേമരംഗത്ത് ബ്ലേഡ് പലിശക്കാരുടെ ഇടപെടൽ ഒഴിവാക്കാനുള്ള മുറ്റത്തെ മുല്ല വായ്പാപദ്ധതിയിലൂടെ 14,237 കുടുംബശ്രീ യൂണിറ്റുകൾവഴി അൻപതിനായിരത്തിലധികം പേർക്ക് 1500കോടി രൂപയോളം നൽകി. ഭവനനിർമ്മാണ മേഖലയിൽ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് കെയർ ഹോം പദ്ധതി വഴി 2091വീടുകൾ നിർമ്മിച്ചു നൽകി. യുവജനക്ഷേമത്തിനായി 29 പുതിയ യുവജന സഹകരണ സംഘങ്ങൾ ആരംഭിച്ചു. തൊഴിൽരംഗത്ത് പതിനാറായിരത്തിലധികം തൊഴിൽ സൃഷ്ടിച്ചു.191 സ്ഥിരം നിയമനങ്ങൾ നടത്തി. കേരളബാങ്ക് നിയമനങ്ങൾ പി.എസ്.സി.ക്ക് വിട്ടു.16,637 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. വ്യവസായരംഗത്ത് കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും സംഘത്തിന്റേതായ റൈസ് മില്ലുകൾ സ്ഥാപിച്ചു. സാമൂഹ്യക്ഷേമരംഗത്ത് വായ്പയെടുത്ത ശയ്യാവലംബിതരെയും മാതാപിതാക്കൾ മരിച്ചുപോയ കുട്ടികളെയും സഹായിക്കാൻ 11,060 പേർക്കായി 22,93,50,000 രൂപലഭ്യമാക്കി. ഐ.ടി.രംഗത്ത് സഹകരണ സംഘങ്ങളുടെ പൂർണ വിവരങ്ങൾ ഒറ്റക്ലിക്കിൽ ആർക്കും അറിയാൻ കോ - ഓപ്പറേറ്റീവ് ഓഡിറ്റ് മോണിട്ടറിംഗ് സിസ്റ്റം ( കാമിസ് ), നടപ്പാക്കി.

ലക്ഷ്യം കോപ്മാർട്ടും

സഹകരണഭവന വിപ്ളവവും

സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങളുടെ ഉത്‌പന്നങ്ങൾ കോപ് മാർട്ട് എന്ന ഒറ്റബ്രാൻഡായി വിൽക്കുന്ന മാർക്കറ്റിംഗ് വിപ്ളവമാണ് അടുത്ത വർഷം നടപ്പാക്കുന്ന സുപ്രധാന പദ്ധതി.

എല്ലാ ജില്ലകളിലും കോപ് മാർട്ടുകൾ സ്ഥാപിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ കോപ്മാർട്ട് ഷോറൂം തുറക്കും. ഒാൺലൈൻ വിൽപനയ്ക്ക് പ്രത്യേക ഇ - കോമേഴ്സ് വെബ്സൈറ്റുമുണ്ടാകും. പഴയന്നൂരിൽ സ്ഥാപിച്ച കെയർഹോം മാതൃകയിൽ എല്ലാ ജില്ലകളിലും നാൽപതുപേർക്ക് വീടുകൾ നൽകുന്ന ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കുകയാണ് അടുത്തവർഷം ലക്ഷ്യമിടുന്ന മറ്റൊരു സുപ്രധാനപദ്ധതി. ലൈഫ് പദ്ധതിയിൽ നിന്നായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.

അലങ്കാരമായി നൂറുദിന

കർമ്മപദ്ധതികൾ

സഹകരണവകുപ്പിന് ഭരണമികവിന്റെ അലങ്കാരമാണ് നൂറുദിന കർമ്മപദ്ധതികൾ. ഒന്നാം നൂറുദിന പദ്ധതി ലക്ഷ്യമിട്ടതിലും അധികം നേട്ടങ്ങളുമായാണ് സമയബന്ധിതമായി പൂർത്തിയാക്കിയത്. രണ്ടാംപദ്ധതിയിൽ 17പദ്ധതികളുണ്ട്. മൊത്തം 19500 തൊഴിലുകൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടു. ഇതുവരെ 14819 തൊഴിലുകൾ സൃഷ്ടിക്കാനായി.

കലാകാരന്മാരുടെ സഹകരണസംഘത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി. അശരണരായ സഹകാരികളുടെ ആശ്വാസനിധിയുടെ വ്യാപ്തി വർദ്ധിപ്പിച്ചു.

14 പട്ടികജാതി പട്ടികവർഗ സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി വരുന്നു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള വായ്പാപദ്ധതിയിൽ 204 വായ്പകളിലായി 1.84 കോടി രൂപ നൽകി.

ഇതിലൂടെ 237 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സഹകരണസംഘങ്ങൾ വഴി 500 ഏക്കറിൽ കൃഷി നടത്താനുള്ള പദ്ധതിയിൽ ഇതുവരെ 329 സംഘങ്ങൾ വഴി 528.98 ഏക്കർ സ്ഥലത്ത് കൃഷി ആരംഭിച്ചു. സഹകരണ മേഖലയിൽ ബാഴ്സലോണ മാതൃകയിൽ ഫുട്‌ബോൾ ക്ലബ്ബ് ആരംഭിക്കാനുള്ള മാതൃകാ ബൈലോ തയ്യാറാക്കി. പ്രാഥമിക സഹകരണ സംഘങ്ങളിലെ ഏകീകൃത സോഫ്ട് വെയർ സംവിധാനത്തിന്റെ ടെണ്ടർ നടപടികളും ആരംഭിച്ചു.

റെക്കോഡ് വരുമാനവുമായി

രജിസ്ട്രേഷൻ വകുപ്പ്

രജിസ്ട്രേഷൻ വകുപ്പിലെ നേട്ടം റെക്കോഡ് വരുമാനമാണ്. ഇൗ സർക്കാരിന്റെ ആദ്യവർഷം 4,431.88 കോടിരൂപ രജിസ്ട്രേഷൻ ഫീസിനത്തിൽ നേടി. മുൻവർഷത്തെക്കാൾ 1301.57കോടി രൂപ അധികം. ആധാരങ്ങളുടെ എണ്ണത്തിലും വർദ്ധനയുണ്ട്. നടത്തിയത് 9,26,487 ആധാരങ്ങൾ. വർദ്ധന 1,63,806. ആധുനീകരണം നടപടിക്രമങ്ങൾ വേഗത്തിലാക്കി. അതോടെ നടത്തിയ ആധാരങ്ങളുടെ എണ്ണവും കൂടി. സബ് രജിസ്ട്രാർ ഒാഫീസുകൾ സ്വന്തം പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റുന്നതും ഒാൺലൈൻ,ഇ - സ്റ്റാമ്പിംഗ് നടപടി പരിഷ്‌കരണങ്ങളും പുരോഗമിക്കുന്നു. ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ആധാരങ്ങൾ പൂർണമായി ഇ - സ്റ്റാമ്പിംഗിലേക്ക് മാറിക്കഴിഞ്ഞു.

"കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും സാധാരണക്കാരെ സഹായിക്കാൻ നടപ്പിലാക്കിയ പദ്ധതികളിലുണ്ടായ വലിയ വിജയവും പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയവീടുകൾ നൽകാൻ കഴിഞ്ഞതും മന്ത്രിയെന്ന നിലയിൽ അഭിമാനിക്കാവുന്ന നേട്ടമാണ്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരിനെ,​ വരുമാനം കൂട്ടി രജിസ്ട്രേഷൻ വകുപ്പിനും നിക്ഷേപസമാഹരണത്തിൽ വൻനേട്ടം കൊയ്‌ത് സഹകരണവകുപ്പിനും സഹായിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്."

വി.എൻ.വാസവൻ

സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIRST ANNIVERSARY OF LDF GOVT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.