SignIn
Kerala Kaumudi Online
Sunday, 05 May 2024 8.03 AM IST

അനാഥർക്കിടയിൽ വിഷാദരാഗമായി, നടക്കാൻ മോഹിച്ച് ആലപ്പി ബെന്നി

benny

കോട്ടയം: ഒറ്റപ്പെടലിന്റെ വിഷാദരാഗമാണ് ഇപ്പോൾ ആലപ്പി ബെന്നിയുടെ ജീവിതം. അനാഥരുടെ അഭയകേന്ദ്രമായ പാല മരിയൻ സദനത്തിൽ തന്റെ ഹാർമോണിയപ്പെട്ടി ചേർത്തുപിടിച്ച് ബെന്നി ഇരിപ്പുണ്ട്. അഞ്ഞൂറോളം നാടകഗാനങ്ങൾക്ക് ജീവനേകിയ സംഗീത സംവിധായകൻ ആലപ്പി ബെന്നി. അപകടത്തെ തുടർന്ന് മുറിച്ചുമാറ്റിയ ഇടതുകാലിന്റെ നീറ്റലും പരസഹായമില്ലാതെ നടക്കാൻ കഴിയാത്തതിന്റെ നൊമ്പരവുമായി കഴിയുന്ന ബെന്നിക്ക് ഈ എഴുപതാം വയസിൽ ഒറ്റ ആഗ്രഹമേയുള്ളൂ,​ പുതിയൊരു വെപ്പുകാൽ വേണം!

എം.എസ്. ബാബുരാജിന്റെ ശിഷ്യൻ ആലപ്പി ബെന്നിക്ക് വേദികളിൽ നിന്ന് വേദികളിലേക്കു പറന്ന ഒരു പ്രതാപകാലമുണ്ടായിരുന്നു. അത്തരം ഒരു യാത്ര കഴിഞ്ഞുവരുമ്പോഴാണ് 1996 മാർച്ച് 10ന് അപടത്തിൽപ്പെട്ടത്. നെടുമങ്ങാട്ട് നാടകം കഴിഞ്ഞ് കൊല്ലത്തേക്കു വരുംവഴി കൊട്ടിയം മേവറത്ത് വച്ച് നാടകവണ്ടി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒറ്റപ്പെടലിന്റെ പടുകുഴിയിലേക്കായിരുന്നു ആ വീഴ്ച. ആത്മബന്ധങ്ങൾ മുറിഞ്ഞു. സൗഹൃദങ്ങൾ നിലച്ചു. മുട്ടിനോട് ചേർന്ന് മുറിച്ചുമാറ്റിയ കാലിലെ വേദന മനസിലേക്കും പടർന്നു. തിരശീലയ്ക്ക് പിന്നിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ബോദ്ധ്യമായതോടെ കർത്താവിന്റെ സ്തുതിഗീതങ്ങളിലേക്ക് വഴിതിരിഞ്ഞു. ആയിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങൾക്കാണ് ഇതിനകം ഈണമിട്ടത്. ആലപ്പുഴ പൂങ്കാവ് സ്വദേശിയായ ബെന്നിയെ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരാണ് നാടകഗാനങ്ങളിലേക്ക് കൈപിടിച്ചുകയറ്റിയത്. കാഥികൻ സാംബശിവനൊപ്പം ഹാർമോണിസ്റ്റായും ഒരുപാടുകാലം പ്രവർത്തിച്ചിട്ടുണ്ട്. പകൽ കിനാവിൻ പവിഴ തേരിൽ..., കരിവളയിട്ട കണ്ണാ... തുടങ്ങിയവയാണ് ബെന്നി ഈണം പകർന്ന ഹിറ്റ് ഗാനങ്ങൾ.

മോഹൻലാലും പാടി
ബെന്നിയുടെ അഞ്ചാമത്തെ ഭക്തിഗാന സി.ഡിയിൽ നടൻ മോഹൻലാലും പാടി.

'വാഴ്ക, വാഴ്ക വാഴ്ക ക്രിസ്തുരാജാ' എന്ന ഗാനം മോഹൻലാലിന്റെ ആദ്യ ക്രിസ്തീയ ഭക്തിഗാനമാണ്. ബെന്നിയുടെ ശിഷ്യനാണ് സംഗീത സംവിധായകൻ ശരത്. എം.ജി. ശ്രീകുമാർ, കെ.ജി. മാർക്കോസ്, ബിജു നാരായണൻ, ദലീമ തുടങ്ങിയവരും ബെന്നിക്കായി പാടിയിട്ടുണ്ട്.

'' നിലവിലുള്ള വെപ്പുകാൽ ഉപയോഗിച്ച് നടക്കാൻ കഴിയില്ല. അനായാസമായി മടക്കാനും നിവർത്താനും കഴിയുന്ന പുതിയ എൻഡോലൈറ്റ് കാൽ ഘടിപ്പിച്ചാൽ പാതി ബുദ്ധിമുട്ട് മാറും. 75000 രൂപ ചെലവുണ്ട്. ആരെങ്കിലും സഹായിക്കുമെന്നാണ് പ്രതീക്ഷ''

- ആലപ്പി ബെന്നി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BENNY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.