SignIn
Kerala Kaumudi Online
Friday, 26 April 2024 5.51 PM IST

നാട്ടാനകൾക്ക് കൂച്ചുവിലങ്ങ് മുറുകുമ്പോൾ

aana

ആനകളില്ലാതെ പൂരത്തെക്കുറിച്ചോ ഉത്സവത്തെക്കുറിച്ചോ മലയാളിയ്ക്ക്, പ്രത്യേകിച്ച് തൃശൂരുകാരന് ചിന്തിക്കാനാവില്ല. ആനകളെന്നു പറഞ്ഞാൽ തൃശൂർക്കാരന് തൃപ്തിയാവില്ല. കരിവീരൻ അല്ലെങ്കിൽ ഗജവീരൻ. അതുമല്ലെങ്കിൽ കൊമ്പൻ. അങ്ങനെ പറഞ്ഞാലേ തൃശൂർക്കാരന്റെ മനസിലുളള ആനയേക്കാൾ വലിയ ആനക്കമ്പക്കാരൻ തൃപ്തനാകൂ. തൃശൂർ പൂരമാണോ ഈ ആനക്കമ്പത്തിന് കാരണം? ലോകത്തു തന്നെ മറ്റൊരു ദേവാലയത്തിലും കാണാൻ കഴിയാത്തയത്രയും ഗജസമ്പത്തുളള ഗുരുവായൂർ ക്ഷേത്രമോ, പതിനായിരങ്ങൾ സാക്ഷിയാകാറുളള ആനയൂട്ട് നടക്കുന്ന വടക്കുന്നാഥക്ഷേത്രമോ ഒക്കെയാകാം ആനക്കമ്പത്തിന്റെ കാരണങ്ങളിൽ ചിലത്. ആനത്തൊഴിലാളിയ്ക്കും ആനയുടമയ്ക്കും സംഘടനകളുളള തൃശൂരിൽ കർക്കടകം വരുമ്പോൾ ഓരോ ആനപ്രേമിയും തന്റെ ചികിത്സയെക്കുറിച്ചാവില്ല തന്റെ മനസിലെ നായകനായി മദിച്ചുനടക്കുന്ന കൊമ്പന്റെ സുഖചികിത്സയെക്കുറിച്ചാകും ആലോചിക്കുന്നത്. മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊന്നും കൊടുക്കാത്ത നായകപരിവേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോ ഗുരുവായൂർ പത്മനാഭനോ മനസിൽ കൽപ്പിച്ചിരിക്കുന്നവർ അനേകരുണ്ടിവിടെ. വീടിന്റെ ചുവരിലെ കലണ്ടറുകളിൽ ഈ കൊമ്പൻമാർ കൊമ്പും തുമ്പിക്കൈയും ഉയർത്തി നിൽക്കുന്നത് കാണുമ്പോൾ സാഫല്യം നേടുന്നവർ.

ആനകളെ സംരക്ഷിക്കാൻ പ്രത്യേകസ്ഥലം തന്നെയുണ്ടാക്കി ഗുരുവായൂർ ക്ഷേത്രം, തൃശൂർക്കാരന്റെ ആനസ്‌നേഹത്തിന്റെ ചങ്ങലക്കെട്ടഴിച്ചു. ഗുരുവായൂരിലെ പുന്നത്തൂർ കൊട്ടാരം കേന്ദ്രമാക്കിയുളള ആനക്കോട്ടയിൽ കർക്കടകത്തിന് മുൻപേ ആനകളെ മനുഷ്യരെന്ന പോലെ, ഒരു പക്ഷേ അതിനേക്കാൾ ശ്രദ്ധയോടെ പരിപാലിക്കും. രാജ്യത്തെ വലിയ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിലെ ഉത്സവങ്ങൾക്ക് ആനകൾ അനുസരണയുളള കൊച്ചുകുട്ടികളെപ്പോലെ ഇരിക്കുന്നതിന്റെ കാരണങ്ങളിലൊന്നും ഈ സുഖചികിത്സ തന്നെ. ഗുരുവായൂരപ്പന് സ്വന്തമായി ഒരു ആനപോലും ഇല്ലാതിരുന്നതും സാമൂതിരിയും കൊച്ചിരാജാവും തമ്മിൽ വഴക്കായപ്പോൾ ക്ഷേത്രത്തിലേക്ക് ആനയെ നൽകേണ്ടെന്ന് കൊച്ചി രാജാവ് തീരുമാനിച്ചതും ഒടുവിൽ, ഉത്സവത്തിനിടെ തൃക്കണ്ണാമതിലകം ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിൽ പങ്കെടുത്ത ആനകൾ തിടമ്പുമായി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഓടിയെത്തിയതും ഐതിഹ്യമെന്നും ചരിത്രമെന്നും പറയുന്നവരുണ്ട്. ഇപ്പോഴും ഉത്സവക്കൊടിയേറ്റ് ദിവസം രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലിയും ആനയോട്ടവും നടത്തുന്നത് ആ ഓർമ്മയുടെ തണലിൽ തന്നെ. ക്ഷേത്രങ്ങളിൽ നിന്ന് ക്ഷേത്രങ്ങളിലേയ്ക്ക് തീർത്ഥയാത്രപോലെ ആനകൾ പോകുന്ന കാഴ്ച തൃശൂരിന് മാത്രം സ്വന്തം. ആനകളുമായി ബന്ധപ്പെട്ട എന്തും തൃശൂർ അറിയും. ആനത്തൊഴിലാളികളുടെ പരിശീലന ക്യാമ്പായാലും ആന പരിപാലനം സംബന്ധിച്ച കോടതി ഉത്തരവായാലും. അതെല്ലാം തൃശൂർക്കാർക്ക് വലിയ വാർത്തയാണ്. ആ ചർച്ചയ്ക്ക് പ്രായഭേദവുമില്ല. ആനപ്രേമത്തിന് മുന്നിൽ ഉടമയും തൊഴിലാളിയും ഒന്നാണ്. മുണ്ടുമടക്കിക്കുത്തി, ആനക്കൊമ്പ് പിടിച്ച് പാപ്പാനൊപ്പം നടക്കാനും കർക്കടകത്തിൽ തേച്ചുകുളിപ്പിക്കാനും ആന ഉടമയുമുണ്ടാകും.

ആന സ്നേഹത്തിന്റെ ഇത്രയും വിസ്തരിച്ച പശ്ചാത്തലം പറയേണ്ടിവന്നത് നാട്ടാന പരിപാലന വന്യജീവി സംരക്ഷണ നിയമങ്ങളുടെ കൂച്ചുവിലങ്ങ് മുറുകുമോയെന്ന ആശങ്ക കടുത്തപ്പോഴാണ്. നാട്ടാനകളുടെ കുറവ് കാരണം തൃശൂർപൂരം അടക്കമുള്ള ഉത്സവങ്ങൾ പ്രതിസന്ധിയുടെ അരികിലെത്തിയിരുന്നു. ആനകളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്നും വർഷങ്ങളായി കൈവശമുള്ള ആനകളെ സർക്കാരിന് വിട്ടുകൊടുക്കണമെന്നും പറയുന്ന നിയമം നടപ്പാക്കിയാൽ ഉത്സവനടത്തിപ്പ് ത്രിശങ്കുവിലാകുമെന്ന ആശങ്ക ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. കൊവിഡാനന്തരം സജീവമായ ഉത്സവകാലം കൊട്ടിക്കയറുമ്പോഴാണ് ആനകളെ ചൊല്ലിയുള്ള പരിദേവനങ്ങളുയരുന്നത്. ആനകളെ സർക്കാരിന് കൈമാറാനോ? ആനകളെ ഇനി സ്വന്തമായി വളർത്താൻ കഴിയില്ലെന്നും അവയെ സർക്കാരിന് കൈമാറണമെന്നും ജയറാം രമേശ് കേന്ദ്രമന്ത്രിയായിരിക്കെ വന്യജീവിസംരക്ഷണത്തിന്റെ ഭാഗമായി ഡോ. മഹേഷ് രംഗരാജൻ ചെയർമാനായുള്ള കമ്മിറ്റി കൊണ്ടുവന്ന റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. സബ് കമ്മിറ്റി റിപ്പോർട്ടിലും ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. ക്ഷേത്രങ്ങളുടെയും ദേവസ്വങ്ങളുടെയും ആനയെ മാത്രമേ എഴുന്നള്ളിക്കാനാകൂവെന്ന നിയമം നടപ്പായാൽ ഉത്സവങ്ങളും പൂരവും നേർച്ചകളും പെരുന്നാളുകളുമെല്ലാം ആനയില്ലാതെ നടത്തേണ്ടി വരും. എല്ലാ ആനകളേയും ദേവസ്വങ്ങൾ സംരക്ഷിക്കുന്നത് പ്രയാേഗികമാവില്ല.

നാട്ടാന പരിപാലന നിയമത്തിന്റെ ഭേദഗതി സംബന്ധിച്ച് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, കേന്ദ്ര അനിമൽ വെൽഫയർ ബോർഡ് അംഗം ഡോ. പി.ബി. ഗിരിദാസ്, അഡ്വ. രാജാറാം എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയുമായി പൂരത്തിന് മുൻപേ കൂടിക്കാഴ്ച നടത്തിയിരുന്നു. പത്തുവർഷം മുൻപ് കേരളത്തിൽ ആയിരത്തോളം നാട്ടാനകളുണ്ടായിരുന്നു. ഇപ്പോൾ പകുതിയായി കുറഞ്ഞു. നിലവിൽ കേരളത്തിലുളള ആനകൾ 448 ആണ്. പത്ത് വർഷം മുൻപ് മൈക്രോചിപ്പ് ഘടിപ്പിച്ചത് 772 ആനകൾക്കാണ്. പ്രായാധിക്യം മൂലം പലതും ചെരിഞ്ഞു. കൊവിഡ് കാലത്ത് എഴുന്നള്ളിപ്പുകളിൽ നിന്നുള്ള വരുമാനം നിലച്ചത് പാപ്പാന്മാർ അടക്കമുളള നിരവധി തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാക്കിയിരുന്നു. ഉത്സവങ്ങളും ആനസംരക്ഷണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ ഉപജീവനം നടത്തുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൊന്നും കേരളത്തിലേതുപോലെ ആനകളും തൊഴിലാളികളുമില്ല. നാട്ടാനകളിലും കാട്ടാനകളിലും ലോകരാജ്യങ്ങളിൽ ഇന്ത്യയാണ് മുൻപന്തിയിൽ.

ഗൂഢ അജൻഡകൾ?

ആനകളെ സംരക്ഷിക്കുന്നത് സംബന്ധിച്ച കേന്ദ്രനിയമങ്ങളിൽ വലിയ സന്ദേഹങ്ങളാണ് ആന ഉടമകൾക്കുളളത്. ഇതു സംബന്ധിച്ച് ആന ഉടമ സംഘടനകളുമായി എന്തെങ്കിലും ചർച്ചകൾക്ക് തയ്യാറായിട്ടുമില്ല. ഇതിനു പിന്നിൽ ചില സംഘടനകളുടെ ഗൂഢ അജൻഡകൾ നടപ്പാക്കുകയാണോ എന്നും കേരള എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി. ശശികുമാർ ചോദിക്കുന്നു. നാട്ടാനകളുടെ എണ്ണം കുറയുന്നത് അടക്കമുളള പരാതികളിൽ കേന്ദ്രസർക്കാർ അനുകൂല നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് അറിയുന്നതെന്നാണ് പ്രശസ്ത ആന ചികിത്സാ വിദഗ്ദ്ധനായ ഡോ. പി.ബി. ഗിരിദാസ് പ്രതികരിച്ചത്. എന്തായാലും വലിയൊരു ജനസമൂഹം ആനകളെ സ്നേഹിച്ചും പരിപാലിച്ചും കഴിയുന്നുണ്ട്. നിരവധി പേരുടെ ജീവിതോപാധി കൂടിയാണിത്. അതുകൊണ്ട് പ്രശ്നങ്ങൾ എന്താണെന്ന് പഠിച്ചും ചർച്ച ചെയ്തും പരിഹാരം കാണുകയാണ് വേണ്ടത്. കാടടച്ച് വെടിവെയ്ക്കാനുളള നിയമങ്ങളല്ല വേണ്ടതെന്ന് ചുരുക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.