കോട്ടയം: പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
എല്ലാ ജനവിഭാഗങ്ങളും തങ്ങളോടെപ്പമുണ്ടെന്ന് കൂടിക്കാഴ്‌ചയ്ക്ക് ശേഷം ജോ ജോസഫ് പറഞ്ഞു. സുകുമാരന്‍ നായരുടെ അനുഗ്രഹവും പിന്തുണയും തേടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സന്ദർശനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടുകൽ വിശദമാക്കാൻ അദ്ദേഹം തയാറായില്ല. ഇക്കാര്യങ്ങൾ പാർട്ടിയാണ് വ്യക്തമാക്കേണ്ടതെന്ന് ജോ ജോസഫ് ചൂണ്ടിക്കാട്ടി.
വളരെ ആത്മവിശ്വാസത്തോടെയാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. പ്രവർത്തകരിലും ജനങ്ങളിലും ആവേശം കാണാമെന്നും തൃക്കാക്കര ഇടതിനൊപ്പമായിരിക്കുമെന്നും ജോ ജോസഫ് പറഞ്ഞു. ഭരണപക്ഷത്തുള്ള ഒരു എം.എൽ.എയെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും പെരുന്നയിലെ എന്‍.എസ്.എസ് ഓഫീസിലെത്തിയിരുന്നു. സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്ന് അദ്ദേഹവുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഉമ തോമസ് പറഞ്ഞിരുന്നു. പി ടി തോമസുമായി അദ്ദേഹത്തിന് ആത്മബന്ധമുണ്ടെന്നും എന്‍.എസ്.എസ് നേതൃത്വത്തിന്റെ അനുഗ്രഹം വാങ്ങാനാണ് വന്നതെന്നും ഉമ തോമസ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |