SignIn
Kerala Kaumudi Online
Friday, 26 April 2024 12.56 PM IST

നിരപരാധിയെ കുരുക്കാൻ നിയമത്തെ വളച്ചൊടിക്കരുത്

photo

ജനവിരുദ്ധ നടപടികൾക്കെതിരെ സർക്കാരുകളെ വിമർശിക്കാൻ ജനാധിപത്യ സംവിധാനത്തിൽ പൗരന് അവകാശമുണ്ട്. എന്നാൽ സർക്കാരിനെതിരെ വിരൽചൂണ്ടിയാൽ അഴിയെണ്ണുമെന്ന സ്ഥിതി വന്നാലോ! അത് ജനാധിപത്യവിരുദ്ധമാണ് . രാജ്യദ്യോഹ നിയമം പൗരന് നേരെ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യത മുൻകൂട്ടിക്കണ്ടാണ് ഈ നിയമം തത്കാലം മരവിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനം സുപ്രീംകോടതി കൈക്കൊണ്ടത് . തൊട്ടതിനും പിടിച്ചതിനുമെല്ലാം രാജ്യദ്യോഹക്കുറ്റം ചുമത്തുന്നത് അടുത്തകാലത്ത് മാരകരോഗം പോലെ പടർന്നിരുന്നു. ഏതു കരിനിയമവും കാലത്തിനനുസരിച്ച് പരുവപ്പെടണം. അത്തരമൊരു തുടക്കമാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

നിയമം ദുരുപയോഗപ്പെടുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിനും നന്നായി അറിയാം. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെ സ്വാതന്ത്ര്യവുമാണ് കോടതി പരിഗണിച്ചത്. രണ്ടും തമ്മിൽ തുലനം വേണമെന്നും നിർദ്ദേശിച്ചു. ഭരണഘടനയേക്കാൾ പഴക്കമുള്ള ഒരു നിയമം ദേദഗതി ചെയ്യുകതന്നെ വേണം. സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ഈ നിയമവും കടൽ കടക്കേണ്ടിയിരുന്നു. നിയമത്തിന്റെ ദുരവസ്ഥ അനുഭവിച്ചവർ പിന്നീട് ഭരണാധികാരികളായി വന്നെങ്കിലും നിയമത്തെ തൊടാൻ തയ്യാറായിരുന്നില്ല. പൗരാവകാശവും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണം. അതിന് താങ്ങും തണലുമാകേണ്ടവരാണ് ഭരണകൂടം. എന്നാൽ, ഒരു നിയമത്തിന്റെ പിന്തുണയോടെ പലരെയും അടിച്ചമർത്താൻ സർക്കാരുകൾ തയാറാകുമ്പോഴാണ് വിമർശനം ഉയരുന്നത്.

152 വർഷമായി ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ഭാഗമായുള്ള വകുപ്പാണ് താത്കാലികമായെങ്കിലും സുപ്രീം കോടതി മരവിപ്പിച്ചത്. 124 എ വകുപ്പ് പ്രകാരം 2014 മുതൽ 2021 വരെ രാജ്യത്ത് 442 കേസുകൾ രജിസ്‌റ്റർ ചെയ്‌തെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്. അതിൽ 206 കേസുകളിൽ മാത്രമാണ് കുറ്റപത്രം നൽകിയത്. ആരോപണ വിധേയരായവരിൽ എട്ടുപേർ മാത്രമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

ഈ കണക്കുകൾ മുൻനിറുത്തി വിലയിരുത്തുമ്പോൾ നിരപരാധികളായ പലരുടെയും കൈകളിൽ വിലങ്ങു വീണെന്ന് നിസംശയം പറയാം.

രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ പിന്നിടുമ്പോൾ അതിനും വർഷങ്ങൾക്ക് മുൻപേയുള്ള നിയമത്തിന്റെ പ്രസക്തി പരിശോധിക്കപ്പെടേണ്ടത് അനിവാര്യമാണ് . രാജ്യദ്യോഹ വകുപ്പ് കാലത്തിന് യോജിക്കാത്തതെന്ന വിലയിരുത്തലിലേക്ക് പരമോന്നത നീതിപീഠം കടക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ വാക്കുകൾക്കും തീരുമാനങ്ങൾക്കുമാണ് രാജ്യം കാതോർക്കുന്നത്.

1870 ലാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രാജ്യദ്രോഹ വകുപ്പ് ബ്രിട്ടീഷുകാർ ഉൾപ്പെടുത്തിയത്. എന്നാൽ, വിമർശന സ്വഭാവമുള്ള അഭിപ്രായപ്രകടനങ്ങൾ ബ്രിട്ടനിൽ കുറ്റകരമല്ലെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. 124 എ വകുപ്പ് ഭരണഘടനാപരമായി ശരിയെന്ന് 1962 ൽ സുപ്രീം കോടതി വിധിച്ചിരുന്നെങ്കിലും നടപ്പാക്കുന്നതിൽ വ്യക്തമായ മാർഗരേഖയും നിർദ്ദേശിച്ചിരുന്നു. ഈ മാർഗരേഖ പാലിക്കപ്പെടുന്നില്ലെന്നും വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നു എന്നുമുള്ള ഇപ്പോഴത്തെ നിരീക്ഷണം സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രസക്തമാവുകയാണ്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ സ്വാതന്ത്ര്യസമര സേനാനികളെ നിശബ്‌ദരാക്കാൻ ആവിഷ്‌‌കരിച്ച നിയമത്തിന് ജനാധിപത്യ ഇന്ത്യയിൽ എന്തു പ്രസക്തിയെന്ന സുപ്രീംകാേടതി ചീഫ് ജസ്‌റ്റിസ് എൻ.വി. രമണയുടെ ചോദ്യം പ്രസക്‌തവും ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. മഹാത്മാഗാന്ധി 1922 ൽ തന്നെ ഈ വകുപ്പ് രാഷ്‌ട്രീയ ആയുധമാണെന്ന് പറഞ്ഞിരുന്നു. അതിന്റെ ഇര കൂടിയായിരുന്നു ഗാന്ധിജി. സ്വാതന്ത്ര്യപ്രാപ്‌തിക്കു ശേഷം വന്ന സർക്കാരുകളെല്ലാം ഈ വകുപ്പ് രാഷ്‌ട്രീയ ആയുധമായി തൊടുത്തുവിട്ടു എന്നത് വർത്തമാനചരിത്രം. നിയമം ദുരുപയോഗപ്പെടുത്തുന്നു എന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിനും മറിച്ചൊരു നിലപാടില്ല. എന്നാൽ, മരവിപ്പിക്കുന്ന കാര്യത്തിൽ എതിർപ്പു ണ്ടായിരുന്നു. അത് എന്തുകൊണ്ടാണെന്ന കാര്യം മാത്രം മനസിലാകുന്നില്ല.

കോളനിവാഴ്ചയുടെ അവശേഷിപ്പ് ഈ നിയമം റദ്ദാക്കുന്നതോടെ മാറുമെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ. അതിന് അവർ പറയുന്ന കാരണങ്ങളിലൊന്ന് നിയമത്തിന്റെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. ബ്രിട്ടീഷ് സർക്കാർ തയ്യാറാക്കിയ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ കരടിൽ ആദ്യമേ രാജ്യദ്രോഹക്കുറ്റം ഇടംപിടിച്ചിരുന്നു. ഇതിനെതിരെ നിരവധി വാദപ്രതിവാദങ്ങൾ അരങ്ങേറി. 1860 ജനുവരി ഒന്നിന് നിയമം അംഗീകരിക്കപ്പെടുമ്പോൾ ഈ വകുപ്പ് ഒഴിവാക്കി. പിന്നീട് 1870 ൽ എതിർസ്വരങ്ങൾ അടിച്ചമർത്താനായി 124 എ കൂട്ടിച്ചേർക്കുകയായിരുന്നു. 1898 ൽ കൊണ്ടുവന്ന ഭേദഗതിയോടെയാണ് ഇന്നത്തെ വകുപ്പായി മാറിയത്. പിന്നീടും ഭേദഗതികളുണ്ടായെങ്കിലും വകുപ്പിന്റെ സ്വഭാവത്തിൽ മാത്രം മാറ്റമുണ്ടായില്ല. 1891 ൽ സർക്കാരിനെതിരെ ലേഖനമെഴുതിയ ജോഗിന്ധ്ര സി. ബോസിനെതിരെയാണ് ആദ്യമായി കുറ്റം ചുമത്തിയത്. അടുത്തകാലത്ത് എഴുത്തുകാർ മുതൽ കർഷകർ വരെ ഈ കരിനിയമത്തിന്റെ ഇരയായി. കർഷക വിരുദ്ധ സമരങ്ങൾക്കിടെ 200 ലധികം കർഷകർക്കെതിരെ രാജ്യദ്യോഹക്കുറ്റം ചുമത്തി. നിയമം മരവിപ്പിച്ചെങ്കിലും ഇപ്പോഴും പന്ത് കേന്ദ്ര സർക്കാരിന്റെ കോർട്ടിലാണ്. 124 എ നിയമം മാറ്റി പുതിയത് കൊണ്ടുവരുമെന്ന് നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നതാണ്. കൊളോണിയൽ കാലത്തുണ്ടായിരുന്ന നിരവധി നിയമങ്ങൾ ചവറ്റുകൊട്ടയിൽ തള്ളുകയും ചെയ്‌തു. ഏതു നിയമവും കാലത്തിനൊത്ത് മാറുക തന്നെ ചെയ്യണം. 124 എയ്‌ക്ക് പകരം പുതിയ നിയമം വരുമെന്നർത്ഥം. അത് ഏതു വിധത്തിലുള്ളതാണെന്നാണ് ഇനി കണ്ടറിയേണ്ടത്. 124 എ നിയമത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തത്‌കാലം കോടതി മരവിപ്പിച്ചിരിക്കുന്നത്. സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാനായിരിക്കും ഒരുപക്ഷേ ശ്രമിക്കുക. ഈ റിപ്പോർട്ടായിരിക്കും നിയമത്തിന്റെ ഭാവി നിശ്‌ചയിക്കുക. മറ്റൊരു രൂപത്തിൽ നിയമം തു‌ടരാനുള്ള സാദ്ധ്യതയും നിയമവിദഗ്ദ്ധർ തള്ളിക്കളയുന്നില്ല. ഏതാനും സംഭവങ്ങളുടെ പേരിൽ നിയമം റദ്ദാക്കേണ്ടെന്ന നിലപാട് ആദ്യം സ്വീകരിച്ചിരുന്ന കേന്ദ്ര സർക്കാർ പിന്നീടാണ് കോളനികാല നിയമം പുനഃപരിശോധിക്കാമെന്ന് അറിയിച്ചത്. തങ്ങളുടെ അഭിപ്രായത്തോട് കേന്ദ്ര സർക്കാരും യോജിച്ചത് കോടതിക്ക് കാര്യങ്ങൾ എളുപ്പമാക്കി. മരവിപ്പിക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ലായിരുന്നെങ്കിലും ഈ നിലപാട് കോടതിയുടെ തീരുമാനത്തിന് തടസമായില്ല. കോടതി ഉത്തരവ് രാജദ്രാേഹക്കുറ്റം ചുമത്തി ദീർഘകാലമായി ജയിലിൽ കഴിയുന്നവർക്ക് ആശ്വാസകരമാണ്. ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായ സ്വാതന്ത്ര്യം നിലനിറുത്തപ്പെടണം. എന്നാൽ, രാജ്യത്തിനെതിരെ പോരാടുന്നവർക്ക് ശക്തമായ ശിക്ഷ നൽകാനുള്ള നിയമങ്ങൾ തീർച്ചയായും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 124A IPC SEDITION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.