പയ്യന്നൂർ: അന്നൂരിൽ 1972-ൽ ഏതാനും ബീഡി തൊഴിലാളികളും പുരോഗമന ചിന്താഗതിക്കാരും ഉൾപ്പെടെയുള്ളവർ തുടക്കമിട്ട അന്നൂർ പീപ്പിൾസ് ആർട്സ് ക്ലബ്ബ് 50-ാം വാർഷികം ആഘോഷിക്കുന്നു.
ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ നാളെ വൈകീട്ട് 5.30 ന് ടി.ഐ.മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സി.പി.എം. പി.ബി.അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു വാടക കെട്ടിടത്തിനു മുകളിൽ എളിയ തോതിൽ തുടക്കമിട്ട ക്ലബ്ബിന് ഇന്ന് സ്വന്തമായി നല്ലൊരു കെട്ടിടവും ഓഡിറ്റോറിയവും സ്റ്റേജുo ഉണ്ട്.
വിദ്വാൻ പി. കേളുനായരുടെ ജീവിതത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച കേളു എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാഡമിയുടെ 5 അവാർഡുകൾ ലഭിക്കുകയും വിവിധ സംസ്ഥാനങ്ങളിലായി 100 ഓളം വേദികളിൽ അവതരിപ്പിക്കുകയും ഉണ്ടായി. വനിതാവേദി, ബാലവേദി, യുവജനവേദി, വയോജനവേദി എന്നിവയോടൊപ്പം 200 മെമ്പർമാരുമുള്ള ക്ലബ്ബിനോടനുബന്ധിച്ച് 'എ' ഗ്രേഡ് ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ കെ.കെ. ഗംഗാധരൻ, വി.പി. കണ്ണൻ, എം.ടി. അന്നൂർ, കെ.പി. സജേഷ്, പി.പി. ലീല, എം.വി. കാർത്യായനി, കെ. യശോദ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |