SignIn
Kerala Kaumudi Online
Saturday, 27 April 2024 12.23 AM IST

കാലവർഷത്തിന് മുമ്പ് ജില്ലയെ സേഫാക്കണം : ആവർത്തിക്കരുത് ദുരന്തം

kavalappara
ദുരന്തം നടന്ന കവളപ്പാറ

മലപ്പുറം: നിരവധി ദുരന്തങ്ങളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്ത ജില്ല പുതിയ കാലാവസ്ഥ റിപ്പോർട്ടുകളുടെയും മുന്നറിയിപ്പുകളുടെയും അടിസ്ഥാനത്തിൽ ദ്രുതഗതിയിലുള്ള കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങളിലാണ്. 2018ലും 2019ലും ഉണ്ടായ പ്രളയത്തിൽ വലിയ ആൾനാശമടക്കം സംഭവിച്ചിരുന്നു. കവളപ്പാറ ദുരന്തവും ഓടക്കയത്ത് ഉരുൾപൊട്ടി ഏഴ് ജീവനുകൾ മണ്ണിലമർന്നതുമെല്ലാം മായാത്ത ദുരന്ത ചിത്രങ്ങളാണ്.

ഭൂമി വിഴുങ്ങിയ കവളപ്പാറ

2019 ആഗസ്റ്റ് എട്ടിനാണ് കവളപ്പാറ ദുരന്തം നടന്നത്. പൊടുന്നനെ ഉയർന്ന ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ കവളപ്പാറ മുത്തപ്പൻകുന്ന് പൂർണമായും നിലം പൊത്തിയിരുന്നു. 45 വീടുകളെ മുഴുവനായും ദുരന്തം വിഴുങ്ങി. ഓടിയെത്തിയവർ എന്തു ചെയ്യണമെന്നറിയാതെ മിഴിച്ച് നിന്നു. വിവിധ സേനകളും മറ്റുമെത്തി നടത്തിയ തിരച്ചിലിൽ 49 മൃതദേഹങ്ങളാണ് കണ്ടെത്താനായത്. 11 മൃതദേഹങ്ങൾ കണ്ടെത്താനുമായില്ല.

കരുണയില്ലാത്ത കോട്ടക്കുന്ന് ദുരന്തം

2019 ആഗസ്റ്റ് എട്ടിനായിരുന്നു കോട്ടക്കുന്നിലെ ദുരന്തം. മണ്ണിടിച്ചിലിൽ കൈക്കുഞ്ഞടക്കം മൂന്ന് മനുഷ്യ ജീവനുകൾ പൊലിഞ്ഞു. കോട്ടക്കുന്നിന് താഴെ താമസിച്ച് വരികയായിരുന്നു ശരത്തും ഭാര്യ ഗീതുവും മകൻ ധ്രുവിനും ശരത്തിന്റെ അമ്മ സരസ്വതിയും. വീടിന് മുകളിൽ മണ്ണിടിഞ്ഞ് ശരത്തൊഴികെ മൂന്ന് പേരും മരിച്ചു. അയൽവാസികൾ ഓടിയെത്തിയെങ്കിലും നടുക്കത്തിൽ ഒന്നും ചെയ്യാനായില്ല. പിന്നീട് ജെ.സി.ബിയും മറ്റു സംവിധാനങ്ങളുമെല്ലാം എത്തിച്ചാണ് മണ്ണ് പുരണ്ട മൃതദേഹങ്ങൾ പുറത്തെടുത്തത്.

ഓടക്കയത്തെ ആഗസ്റ്റ് 15

2018 ആഗസ്റ്റ് 15നാണ് ഓടക്കയം ഉരുൾപൊട്ടലുണ്ടായത്. മൂന്ന് ആദിവാസി കുടുംബങ്ങളിലെ ഏഴ് ജീവനുകളാണ് ഇല്ലാതായത്. പുലർച്ചെയാണ് ഉരുൾപൊട്ടിയത്. രണ്ട് പേരുടെ ജീവൻ രക്ഷപ്പെടുത്താനായി. ആറ് പേരുടെ മൃതദേഹം അന്നുതന്നെ പുറത്തെടുത്തു. 16ന് ഏഴാമത്തെയാളെയും കണ്ടെത്തി.

മുൻകരുതൽ വേണം,​ ഓരോ ജീവനും വിലയുണ്ട്

മലപ്പുറം,​ മേൽമുറി,​ പാണക്കാട് വില്ലേജുകളിലെ ഉദ്യോഗസ്ഥരും പൊലീസ്, ഫയർഫോഴ്സ്, പൊലീസ് വളണ്ടിയേഴേ്സ് തുടങ്ങിയവരും ഇന്നലെ യോഗം ചേർന്നിരുന്നു. കോട്ടക്കുന്ന് പ്രധാന അപകട സാദ്ധ്യതയുള്ള സ്ഥലമായതിനാൽ കാര്യമായ ശ്രദ്ധ ചെലുത്തും. ഇവിടെ അപകട സാദ്ധ്യതാ ഭാഗത്ത് 20 കുടുംബങ്ങളാണ് കഴിയുന്നത്. സമീപപ്രദേശങ്ങളിൽ മുപ്പതിലധികം വീടുകളുമുണ്ട്. ഇവർക്ക് നിർദ്ദേശങ്ങൾ നൽകും. ആവശ്യമെങ്കിൽ എം.എസ്.പി സ്കൂളിലേക്കും മറ്റും മാറ്റിപാർപ്പിക്കുമെന്നും വില്ലേജ് ഓഫീസർ ബാബു പറഞ്ഞു. ഏതു സമയത്തും രക്ഷാപ്രവർത്തനത്തിനുള്ള സംഘങ്ങൾ സജ്ജമാണ്. ഫയർഫോഴ്സിന്റെയും പൊലീസ് വളണ്ടിയേഴ്സ് ട്രോമകെയർ എന്നിവയുടെ സഹായങ്ങളും ഉപയോഗപ്പെടുത്താനാകും. മേൽമുറി വില്ലേജിലെ കൊളായി ഭാഗത്തും ജാഗ്രത പുലർത്തേണ്ടതുണ്ട്.

ദുരന്ത ഭീതി ഒഴിഞ്ഞിട്ടില്ല

ഓടക്കയത്ത് ഉരുൾപൊട്ടലുണ്ടായ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. നിരവധി ആദിവാസി കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് പുനരധിവസിപ്പിച്ചെങ്കിലും ദുരന്തം നടന്നിരുന്ന ഭാഗത്തെ നിരവധിയാളുകൾ ഇപ്പോഴും തൽസ്ഥാനത്ത് തുടരുകയാണ്. ദുരന്തം നടന്ന നെല്ലിയായി കോളനിയിലെ പല കുടുംബങ്ങളെയും സർക്കാർ പുനരധിവാസ പദ്ധതിയിൽ ഉൾപെടുത്തിയിട്ടില്ലെന്ന് വാർഡ് മെമ്പറടക്കം പറയുന്നുണ്ട്. നിരവധി തവണ ഷെൽട്ടർ ഹോം സ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അത്തരം സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. വെറ്റിലപ്പാറ വില്ലേജ് അധികൃതർ ദുരന്ത നിവാരണത്തിനും മുൻകരുതലുകളുടെ ഏകോപനത്തിനുമായി ഇന്നലെ മുതൽ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.

ദുരന്തം നടന്നിട്ട് രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികൾ അന്വേഷിക്കുന്നതിൽ അർത്ഥമില്ല. എല്ലാ സംവിധാനങ്ങളും ഇപ്പോൾ തന്നെ ഏർപ്പാട് ചെയ്യണം. വില്ലേജ് അധികൃതരും ദുരന്ത നിവാരണ സേനയും അതിനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടത്തണം.

- പറമ്പൻ കുഞ്ഞു

മലപ്പുറം പൊലീസ് വളണ്ടിയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.