SignIn
Kerala Kaumudi Online
Tuesday, 05 July 2022 9.38 PM IST

ചന്ദനമരങ്ങൾക്കും 'കൊവിഡ് ബാധ"

saseendran

ലോകത്തിൽ തന്നെ വളരെ ഗുണമേന്മയുള്ള മറയൂർ ചന്ദനമരങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി അപൂർവ വൈറസ് ബാധ. മറയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു പിൻവശത്തുള്ള രണ്ടായിരത്തോളം മരങ്ങളിലാണ് 'സാൻഡൽ വുഡ് സ്‌പൈക്ക് ഡിസീസ്' എന്ന രോഗം ബാധിച്ചിരിക്കുന്നത്. വൈറസിനെക്കാൾ സൂക്ഷ്മമായ ഫൈറ്റോ പ്ലാസ്മകളാണ് ഈ രോഗം പരത്തുന്നത്. ഇതു ബാധിച്ചു കഴിഞ്ഞാൽ രണ്ട് വർഷത്തിനുള്ളിൽ ഇലകൾ ചുരുങ്ങി മുള്ളുകൾ പോലെയാകും. ശാഖകളുടെ വലിപ്പം കുറയും. വൈകാതെ മരം ഉണങ്ങിക്കരിഞ്ഞു പോകും. വൈറസിന്റെ ആക്രമണം പെട്ടെന്ന് ഉണ്ടായതല്ല. 40 വർഷമായി മറയൂരിലെ ചന്ദനക്കാടുകളിൽ ഈ രോഗമുണ്ട്. പക്ഷേ, രണ്ടുവർഷമായി രോഗം ബാധിച്ച് നശിക്കുന്ന മരങ്ങളുടെ എണ്ണം കൂടുകയാണ്. നശിക്കുന്നവയിലധികവും ചെറു മരങ്ങളാണ്. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വനംവകുപ്പിനുണ്ടാകുന്നത്. പ്രതിരോധമോ ചികിത്സയോ ഇല്ലാത്ത വൈറസാണ് ചന്ദനമരങ്ങൾക്ക് ബാധിച്ചിരിക്കുന്നത്. മറ്റു മരങ്ങളിലേക്ക് ഇതു പടരാനും സാദ്ധ്യതയുണ്ട്. ചന്ദന മരങ്ങൾക്ക് പിടിപെട്ട രോഗബാധ സംബന്ധിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ബംഗ്ലൂരുവിലെ വുഡ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടും പഠനം നടത്തിയിട്ടുണ്ട്. മറയൂരിലെ ബ്ലോക്ക് നമ്പർ 51ൽ കിളിക്കൂട്ടുമലയിൽ നാല് പതിറ്റാണ്ട് മുമ്പാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇപ്പോൾ ബ്ലോക്ക് 52, 54 മേഖലകളിലും രോഗംബാധിച്ച ചന്ദനമരങ്ങളുണ്ട്. രോഗംബാധിച്ചാൽ നാലുവർഷം കൊണ്ട് മരം ഉണങ്ങും. വർഷത്തിൽ 1500 മുതൽ 2000വരെ ചന്ദനമരങ്ങൾ ഇത്തരത്തിൽ രോഗം ബാധിച്ച് ഉണങ്ങുന്നുണ്ട്. ഇപ്പോൾ 30 സെന്റീമീറ്റർ വണ്ണത്തിൽ 55,000 ലധികം മരങ്ങളാണ് സാൻഡൽ ഡിവിഷന്റെ കീഴിലുള്ള വനമേഖലയിലുള്ളത്. ഇതുകൂടാതെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ 10,000 ചന്ദന മരങ്ങളും സ്വകാര്യ, റവന്യൂഭൂമികളിൽ ആയിരത്തിൽതാഴെ മരങ്ങളുമാണ് നിലവിലുള്ളത്‌.

മണ്ണാർക്കാട്, പെരിയാർ, തെന്മല, ചാലക്കുടി ഡിവിഷനുകളിലെ ചന്ദന മരങ്ങൾക്ക് രോഗം വന്നിട്ടില്ല.

നശിക്കുന്നത് കോടികൾ
മറയൂരിൽ 57,000 ചന്ദനമരങ്ങളാണുള്ളത്. വർഷംതോറും 1000- 3000 മരങ്ങളുടെ വ്യത്യാസം ഉണ്ടാകുന്നുണ്ട്. ഇതിനനുസരിച്ച് വർഷംതോറും അയ്യായിരത്തോളം തൈകൾ വച്ചുപിടിപ്പിക്കുന്നു. ഏറ്റവും വിലയേറിയ മരത്തിന് അഞ്ച് കോടിക്കടുത്ത് വില വരും. ഒരു ചന്ദനമരം ശരാശരി 50 കിലോ എന്ന് കണക്കാക്കിയാൽ പോലും നഷ്ടം 160 കോടി രൂപയാണ്. കൂടുതൽ തൈലം ലഭിക്കും എന്നതാണ് മറയൂർ ചന്ദനത്തിന്റെ പ്രത്യേകത. കർണാടകയിലെ 100 കിലോ ചന്ദനത്തടിയിൽ നിന്ന് മൂന്ന് കിലോ തൈലം ലഭിക്കുമ്പോൾ മറയൂരിൽ 6- 8 കിലോ തൈലം ലഭിക്കും. ഏറ്റവും ഗുണമേന്മയുള്ള തടി കിലോയ്ക്ക് 16,000 രൂപയാണ് ശരാശരി വില.

കൊവിഡ് പ്രതിരോധം മാതൃക

ചന്ദന മരങ്ങളെ സംരക്ഷിക്കാൻ കൊവിഡ് പ്രതിരോധത്തിനു സ്വീകരിച്ച മാർഗങ്ങൾ തന്നെ പകർത്താനാണ് വനം വകുപ്പ് തീരുമാനം. രോഗം ബാധിച്ച മരങ്ങൾ പിഴുതു മാറ്റാനും മരങ്ങൾക്കിടയിൽ 'സാമൂഹിക അകലം' നില നിറുത്താനും 'സമ്പർക്ക വിലക്ക് ' നടപ്പാക്കാനുമാണ് ആലോചിക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ വൈറസ് ബാധ കണ്ടെത്താൻ ഉപയോഗിച്ച പി.സി.ആർ പരിശോധനാ മാതൃകയാണ് ചന്ദന മരങ്ങളിലും നടത്തുക. നിലവിലുള്ള മരങ്ങൾക്ക് രോഗ ബാധയുണ്ടോ എന്ന് മുൻകൂട്ടി കണ്ടെത്താൻ കൊവിഡ് പരിശോധനാ കിറ്റിന്റെ മാതൃകയിൽ പി.സി.ആർ പരിശോധനാ മാർഗങ്ങൾ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (കെ.എഫ്.ആർ.ഐ) കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആൻഡ് ട്രീ ബ്രീഡിങ്ങും (ഐ.എഫ്.ജി.ടി.ബി) വികസിപ്പിച്ചിട്ടുണ്ട്.

നേരത്തേ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചപ്പോൾ കൂടുതൽ ആവശ്യക്കാർ ഉണ്ടായിരുന്നില്ല.

രണ്ടായിരം മരങ്ങൾ പിഴുതുകളയും

മറയൂരിലെത്തി ചന്ദനമരങ്ങൾ സന്ദർശിച്ച ശേഷം വനംമന്ത്രി എ.കെ. ശശീന്ദ്രൻ സാൻഡൽ സ്‌പൈക്ക് രോഗം ബാധിച്ച മറയൂരിലെ രണ്ടായിരത്തോളം മരങ്ങൾ വേരോടെ പിഴുത് മാറ്റാൻ തീരുമാനിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ തീരുമാനിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ സന്ദർശനം. രോഗം വ്യാപിക്കുന്നത് തടയുകയാണ് പ്രഥമ ലക്ഷ്യം. അതിനാൽ രോഗം വന്ന മരങ്ങളെ വേരോടെ പിഴുത് മാറ്റാനാണ് തീരുമാനമെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. ഇതിൽ വിൽപ്പനയ്ക്കു സാധിക്കുന്ന മരങ്ങൾ ഡിപ്പോയിലേക്ക് മാറ്റി സൂക്ഷിക്കും. രോഗ വ്യാപനം തടയാനുള്ള താത്കാലിക നടപടിയെന്ന നിലയിലാണ് ഇതു ചെയ്യുന്നത്. ഇതിന്റെ മറവിൽ ചന്ദന മരങ്ങൾ വ്യാപകമായി മുറിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പച്ച ചന്ദനമരങ്ങൾ മുറിച്ചുമാറ്റില്ല. നിലവിൽ രോഗം ബാധിച്ച ഉണങ്ങാത്ത മരങ്ങൾ സംരക്ഷിക്കും. രോഗംവരാതെ പ്രതിരോധിക്കാൻ തത്കാലം മാർഗങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. രോഗവ്യാപന രീതിയെക്കുറിച്ച് ധാരണ കിട്ടിയാൽ അടിയന്തര നടപടികൾ സ്വീകരിക്കും. 40 വർഷങ്ങൾക്ക് മുമ്പുതന്നെ ഈ രോഗബാധ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിരുന്നു. ബിനോയ് വിശ്വം വനംമന്ത്രിയായി വന്ന സമയത്ത് ഇതിനെക്കുറിച്ചു പഠനം നടത്താനുള്ള നടപടികൾ സ്വീകരിച്ചു. കെ.എഫ്.ആർ.ഐ. ബംഗ്ളൂരു,​ ചെന്നൈ റിസർച്ച് സെന്ററുകളുടെ നേതൃത്വത്തിൽ ഈ രോഗബാധയെക്കുറിച്ച് പഠനം നടത്തി. ഒരുതരം വൈറസ് ആണ് രോഗബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ വൈറസ് എങ്ങനെ വ്യാപിക്കുന്നുവെന്നും മറ്റുമുള്ള കാര്യത്തിൽ കൂടുതൽ പഠനം നടത്തേണ്ടിവരുമെന്നുമാണ് മന്ത്രി പറയുന്നത്. രോഗംബാധിച്ച മരങ്ങളിൽ തൈലത്തിന്റെ അളവ് കുറയുന്നുണ്ടോയെന്നും പരിശോധിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച് ആൻഡ് എജ്യൂക്കേഷന്റെ (ഐ.സി.എഫ്.ആർ.ഇ) നാല് ഗവേഷണ സ്ഥാപനങ്ങളും കെ.എഫ്.ആർ.ഐയും ചേർന്നുള്ള ഗവേഷണമാണ് നടക്കുന്നത്. ഐ.എഫ്.ജി.ടി.ബിയിലെ ഡോ. മധുമിത ദാസ് ഗുപ്തയാണ് പഠനങ്ങൾ ഏകോപിപ്പിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MARAYOOR SANDAL WOOD
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.