ബ്രസൽസ്: നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകാൻ ഫിൻലൻഡും സ്വീഡനും ഇന്നലെ അപേക്ഷ സമർപ്പിച്ചു. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൽറ്റൻബർഗാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ റഷ്യയുടെ ഭീഷണി തങ്ങൾക്ക് നേരെയുമുണ്ടായേക്കാമെന്ന ഭയമാണ് ദശാബ്ദങ്ങൾ നീണ്ട സൈനിക നിഷ്പക്ഷത അവസാനിപ്പിച്ച് ഇരുരാജ്യങ്ങളെയും നാറ്റോയിൽ ചേരാൻ പ്രേരിപ്പിച്ചത്.
എന്നാൽ, നാറ്റോ പ്രവേശനം പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്ന് റഷ്യ ഫിൻലൻഡിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയുമായി 1,300 കിലോമീറ്റർ കര അതിർത്തിയാണ് ഫിൻലൻഡിനുള്ളത്. സ്വീഡന് റഷ്യയുമായി നാവിക അതിർത്തിയാണുള്ളത്. ഇരുരാജ്യങ്ങളും നാറ്റോയുടെ ഭാഗമായാൽ അത് റഷ്യൻ അതിർത്തിയ്ക്ക് സമീപം നാറ്റോയുടെ സൈനിക സാന്നിദ്ധ്യം വ്യാപിക്കാനും ഇത് റഷ്യയുടെ ഭാഗത്ത് നിന്ന് കൂടുതൽ കടുത്ത നടപടികളിലേക്ക് വഴിവച്ചേക്കുമെന്നുമാണ് ആശങ്ക.
സാധാരണ നാറ്റോയുടെ അംഗമാകാൻ 8 മാസം മുതൽ മുതൽ ഒരു വർഷം വരെ സമയമെടുക്കും. എന്നാൽ, റഷ്യൻ ഭീഷണി നേരിടുന്ന ഭീഷണി പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടെയും അപേക്ഷയിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് സ്റ്റോൽറ്റൻബർഗ് വ്യക്തമാക്കി.