തിരുവനന്തപുരം: ജി.എസ്.ടി സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതീക്ഷയോടെ കേരളം. ചില ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമെങ്കിലും നികുതി കൂട്ടി സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാനും സംസ്ഥാനത്തെ ഉത്പന്നങ്ങൾക്ക് കേന്ദ്രം നികുതി നിർണ്ണയിച്ച് അടിച്ചേല്പിക്കുന്നതിന് അറുതി വരുത്താനും കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളം.
ജി.എസ്.ടി വന്നപ്പോൾ ഉപഭോക്തൃസംസ്ഥാനമെന്ന നിലയിൽ കേരളത്തിന് ഗുണമുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. 14ശതമാനം നികുതിവളർച്ച കൈവരിക്കാൻ ജി.എസ്.ടിയുടെ അഞ്ചാംവർഷത്തിലും സംസ്ഥാനത്തിനായില്ല. ഇൗ ജൂണോടെ ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് കേന്ദ്രസർക്കാർ നിറുത്തുന്നതോടെ വരുമാനത്തിൽ വൻ ഇടിവുണ്ടാകുമെന്ന ആശങ്കയിലാണ് കേരളം. അതിനിടയിലാണ് പ്രതീക്ഷ നൽകിക്കൊണ്ട് സുപ്രീംകോടതി ഇടപെടൽ.
വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ജി.എസ്.ടിയിലും ഐ.ജി.എസ്.ടി.യിലും മാറ്റമൊന്നുമുണ്ടാക്കാനാകില്ല. എന്നാൽ, ജി.എസ്.ടി വന്നതോടെ നഷ്ടമായ സംസ്ഥാനത്തിനകത്തെ നികുതി നിർണ്ണയിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ.
"വാറ്റ് സമ്പ്രദായത്തിലെ രീതിയിൽ സംസ്ഥാനങ്ങളിലെ സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കും നികുതിനിർണ്ണയിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് ലഭിക്കണമെന്നാണ് കേരളം ഏറെനാളായി വാദിച്ചിരുന്നത്. അതിനുള്ള സാഹചര്യമാണ് സുപ്രീംകോടതി സൃഷ്ടിച്ചിരിക്കുന്നത്."
-ഡോ. തോമസ് ഐസക്, മുൻധനകാര്യമന്ത്രി