SignIn
Kerala Kaumudi Online
Thursday, 17 September 2026 2.29 PM IST

ഷൺമുഖന് മോഹൻലാൽ ഇന്നും ലാൽകുഞ്ഞാണ്; എന്ത് ആവശ്യമുണ്ടെങ്കിലും പറയാനുള്ള സ്വാതന്ത്ര്യമുള്ളയാൾ

mohanlal

37 വർഷത്തിലധികമായി മോഹൻലാലിന്റെയും കുടുംബത്തിന്റെയും സാരഥിയായി ഷൺമുഖൻ ഒപ്പമുണ്ട്. അടുപ്പക്കാർക്ക് ഷൺമുഖഅണ്ണനാണ് അദ്ദേഹം. ആറു വയസുമുതൽ കാണുന്ന മുഖം നടന വിസ്‌മയമായി മാറി പ്രശസ്‌തിയുടെ മഹാമേരു കീഴടക്കിയപ്പോഴും, ഷൺമുഖ അണ്ണന് മോഹൻലാൽ ലാൽ കുഞ്ഞാണ്.

'തിരുവനന്തപുരത്ത് പൂ‌ജപ്പുരയിൽ പൈ റോഡിലായിരുന്നു ലാൽ സാറിന്റെ കുടുംബം ആദ്യം താമസിക്കാൻ എത്തിയത്. അന്ന് ആറ് വയസേ അദ്ദേഹത്തിന് പ്രായമുണ്ടായിരുന്നുള്ളൂ. പിന്നീട് മുടവൻമുകളിലേക്ക് വീട് വച്ച് താമസം മാറുകയായിരുന്നു. എനിക്ക് സത്യത്തിൽ ലാൽകുഞ്ഞിന്റെ ചേട്ടൻ പ്യാരിലാലുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. ലാൽകുഞ്ഞേ എന്നാണ് അന്നും ഇന്നും ഞാൻ അദ്ദേഹത്തെ വിളിക്കാറ്. ആദ്യം ലാൽ സാറിന്റെ കുടുംബത്തിന്റെ ഡ്രൈവറായിട്ടായിരുന്നു തുടക്കം. അച്ഛനും അമ്മയ്‌ക്കും ഒപ്പമായിരുന്നു ആദ്യം. പിന്നീട് 1989 മുതൽ ലാലു കുഞ്ഞിന്റെ കൂടെയായി. എന്ത് ആവശ്യമുണ്ടെങ്കിലും പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹം തന്നിട്ടുണ്ട്. കുടുംബത്തിലെ എല്ലാവരും അങ്ങനെ തന്നെയാണ്'.

mohanlal-family

അച്ഛന്റെ മകനും മകളും

അച്ഛന്റെ അതേ സ്വഭാവം തന്നെയാണ് പ്രണവിനും വിസ്‌മയയ്ക്കും. എല്ലാവരോടും സ്‌നേഹം മാത്രം. പ്രണവിന്റെ കാര്യമെടുത്താൽ,​ അച്ഛനെ പോലെ തന്നെ കഴിവുള്ള കുട്ടിയാണ്. അച്ഛന്റെ കഴിവ് മുഴുവനായും ഇനിയും അദ്ദേഹത്തിന് അറിയില്ല എന്നുപറയും പോലെ തന്നെയാണ് മകന്റെ കാര്യവും. എന്ത് പറഞ്ഞാലും അത് ചെയ്യുന്നതിന് ഒരുമടിയും പ്രണവ് കാട്ടിയിട്ടില്ല. ഒരു വയസു കഴിഞ്ഞപ്പോൾ തന്നെ വളരെ ആക്‌ടീവ് ആയിരുന്നു മോൻ. വലിയ വണ്ണമുള്ള ശരീരമല്ലെങ്കിലും നല്ല ശക്തിയും ഫ്ളെക്‌സിബിലിറ്റിയും ശരീരത്തിനുണ്ട്. ലാലു കുഞ്ഞും അങ്ങനെ തന്നെയായിരുന്നു. മകൾ വിസ്‌മയക്ക് സിനിമയോട് താൽപര്യമില്ല. എന്നാൽ ഇംഗ്ളീഷ് നാടകങ്ങളൊക്കെ ചെയ്യാറുണ്ട്.

ചെറുപ്പം മുതലുള്ള പാചകത്തോടുള്ള ഇഷ്‌ടം

പാചകത്തോടുള്ള ഇഷ്‌ടം ലാൽ കുഞ്ഞിന് കല്യാണത്തിന് മുമ്പുതന്നെയുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്റെ ഡ്രൈവറായിട്ടായിരുന്നു തുടക്കം എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അന്ന് വീട്ടിലെത്തുമ്പോഴെല്ലാം കുഞ്ഞാണ് ചിലദിവസങ്ങളിലൊക്കെ എനിക്ക് ദോശ ഉണ്ടാക്കി തന്നിരുന്നത്. ജോലിക്കാരനെന്നോ മുതലാളിയെന്നോ ഉള്ള ഒരു വ്യത്യാസവും അവിടെ ഉണ്ടായിരുന്നില്ല. ചേട്ടൻ പ്യാരിലാലുമായിട്ടായിരുന്നു എനിക്ക് കൂടുതലും സൗഹൃദം. അൽപം ചൂടനായിരുന്നു ചേട്ടനെങ്കിൽ അനിയൻ ദാ ഇന്നു കാണുന്നപോലെ തന്നെ. എല്ലാവരോടും സ്‌നേഹം മാത്രം.

mohanlal

ആദ്യം സ്വന്തമാക്കിയ വാഹനം അംബാസിഡർ

അംബാസിഡർ മോഡൽ കാർ ആണ് ലാ‌ലു കുഞ്ഞ് ആദ്യം വാങ്ങിയ വാഹനം. 4455 ആയിരുന്നു വണ്ടി നമ്പർ. അന്ന് ചെന്നൈയിൽ കൊണ്ടുപോയി ഒരുപാട് മാറ്റങ്ങളൊക്കെ വരുത്തിയാണ് വണ്ടി ഇവിടെ കൊണ്ടുവന്നത്. ആരുകണ്ടാലും ഞെട്ടുന്ന രീതിയിലായിരുന്നു അതിന്റെ മടങ്ങിവരവ്. ലാൽ സാറിന്റെ ലക്കി നമ്പരുകളാണ് 4455, 5544 എന്നിവ. കൂട്ടുമ്പോൾ ഒമ്പത് വരണം'.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHANMUKHAN, MOHANLAL, DRIVER, BIRTHDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY