റിയാദ്/കുവൈറ്റ് സിറ്റി: സൗദി അറേബ്യയുടെതലസ്ഥാനമായ റിയാദിൽ വീശിയടിച്ച പൊടിക്കാറ്റിൽ അകപ്പെട്ട 1285 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമായും ശ്വാസകോശരോഗമുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇറാഖിൽ ആരംഭിച്ച പൊടിക്കാറ്റ് റിയാദിലേക്കും സൗദിയുടെ കിഴക്കൻ പ്രവിശ്യയിലേക്കും വ്യാപിക്കുകയായിരുന്നു.
അതേസമയം അതിശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചതായി സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വീശിയ പൊടിക്കാറ്റിൽ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചെന്നും ഒഴിവാക്കാനാകാത്ത കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും പൊതുജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. ആരെങ്കിലും പുറത്തിറങ്ങുന്നുവെങ്കിൽ പൊടിക്കാറ്റിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊലീസിന്റെ നിർദ്ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി നമ്പരായ 112ൽ ബന്ധപ്പെടണം.