ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ആലപ്പുഴ പൊലീസാണ് കുട്ടിയെ കൊണ്ടുവന്നവർക്കും റാലിയുടെ സംഘാടകർക്കുമെതിരെ കേസെടുത്തത്. മതസ്പർദ്ധ വളർത്തുന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടി പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച് പോപ്പുലർ ഫ്രണ്ട് രംഗത്ത് വന്നിരുന്നെങ്കിലും സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്ന് പോപ്പുലർ ഫ്രണ്ട് വിശദീകരിച്ചു.
സംഭവത്തിൽ നേരത്തെ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും സോഷ്യൽ മീഡിയയിലടക്കം വിമർശനം വ്യാപകമാവുകയും ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. രണ്ടുദിവസം മുമ്പുനടന്ന റാലിക്കിടെ ഒരു ചെറിയ ആൺകുട്ടിയാണ് മുദ്രാവാക്യം മുഴക്കിയത്. ആയിരക്കണക്കിനുപേരാണ് ഈ റാലിയിൽ പങ്കെടുത്തത്.
റാലിയിൽ പങ്കെടുത്ത ഒരാളുടെ തോളിലിരുന്നാണ്' അരിയും മലരും കുന്തിരിക്കവും വാങ്ങി വച്ചോളൂ നിന്റെയൊക്കെ കാലൻമാർ വരുന്നുണ്ട്' എന്നു തുടങ്ങുന്ന വിവിധ മതവിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയത്. ഇരട്ടക്കൊലപാതകങ്ങൾ നടന്ന ജില്ലയാണ് ആലപ്പുഴ. അതിനാൽ കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്. അതിനിടയിലാണ് മുദ്രാവാക്യംവിളി ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |