SignIn
Kerala Kaumudi Online
Saturday, 27 April 2024 4.00 AM IST

ചന്ദ്രൻ വെയാട്ടുമ്മേൽ എന്ന ഈണം

chandran-veyattummal

ചന്ദ്രൻ വെയാട്ടുമ്മേൽ സംഗീതരംഗത്ത് കൂടുതൽ പ്രവർത്തിച്ചത് യൂറോപ്പിലായിരുന്നു. ബ്രിട്ടനിലെ ജതീന്ദ്രവർമ്മയുടെ കീഴിലുള്ള പ്രമുഖ ഏഷ്യൻ നാടകഗ്രൂപ്പായ താരാ ആർട്സിനൊപ്പവും, ലണ്ടനിലെ നാഷണൽ തിയേറ്ററിനു വേണ്ടിയും വർഷങ്ങളോളം ചന്ദ്രൻ നാടകസംഗീതം ചെയ്തു. പാരീസിലെ ഫുറ്റ്സ്ബാൻ ട്രാവെലിംഗ് തിയേറ്ററുമായാണ് ചന്ദ്രൻ കൂടുതൽ പ്രവർത്തിച്ചത്. ഫിലിം പശ്ചാത്തല സംഗീതത്തിൽ ചന്ദ്രനു കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചു. ഗാലീലിയോ, ദൃഷ്ടാന്തം, ചായില്യം, ബോംബെ മിട്ടായി, നഖരം, ഈട, ബയോസ്‌കോപ്, ഞാൻ സ്റ്റീവ് ലോപസ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീത സംവിധാനം ചെയ്തു. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ അഭിലാഷ് പിള്ളയുമായും ചന്ദ്രൻ പല നാടകങ്ങളും ചെയ്തു. ഒപ്പം അനുരാധ കപൂർ, ദീപൻ ശിവരാമൻ, വയലാ വാസുദേവൻ പിള്ള തുടങ്ങിയവർക്ക് വേണ്ടിയും നാടകസംഗീതം തയാറാക്കി.

ലണ്ടനിൽ എൺപതുകളിൽ പ്രൊഫ ജി.ശങ്കരപ്പിള്ള സാറിന്റെ കൂടെ ജിതേന്ദ്ര വർമ്മയുടെ താരാ ആർട്ട്സിനു നാടകം അവതരിപ്പിക്കാൻ വന്നപ്പോൾ ഇവിടത്തെ പ്രധാന വാരികയായ ടൈം ഔട്ടിലെ നാടക നിരൂപകൻ സ്റ്റേജിനു പിന്നിൽവന്നു ചോദിച്ചു ഈ വ്യത്യസ്തമായ ഉപകരണങ്ങൾ വായിച്ചത് ആരൊക്കെയാണെന്ന്? എല്ലാം വായിച്ചത് ചന്ദ്രനാണെന്ന് പറഞ്ഞപ്പോൾ അയാൾ സ്തബ്ധനായിപ്പോയി.

ബി.ബി.സി റേഡിയോയ്ക്കു വേണ്ടിയും ചന്ദ്രൻ സംഗീതം തയാറാക്കിയിട്ടുണ്ട്. ജപ്പാനിലെ ഒരു പ്രമുഖ നാടകത്തിനു വേണ്ടിയും സംഗീതം ചെയ്യുന്നതായി പറഞ്ഞതോർക്കുന്നു. പലതും രേഖപ്പെടുത്തുന്നതിൽ അത്ര താത്‌പര്യമില്ലാത്ത ആളായതുകൊണ്ട് ചന്ദ്രന്റെ എല്ലാ സംഭാവനയും വേണ്ടതുപോലെ വിലയിരുത്തപ്പെടാതെ പോകും.

ഏതു പുതിയ സംഗീത ഉപകരണവും മിനിട്ടുകൾക്കകം വായിക്കാനുള്ള അപൂർവകഴിവ് ചന്ദ്രനുണ്ടായിരുന്നു. അങ്ങനെ ലണ്ടനിൽവച്ച് ഉപയോഗിച്ച് തുടങ്ങിയതാണ് ട്രമ്പറ്റ് എന്ന സംഗീതോപകരണം. തുടർന്ന് ചന്ദ്രന്റെ സംഗീതത്തിന്റെ പ്രധാന ധാരയായി മാറി ട്രമ്പറ്റ് സംഗീതം.

67 -ാമത്തെ വയസ്സിലാണ് ചന്ദ്രൻ വിടപറഞ്ഞത്.
മൂത്തമകൻ ആനന്ദ് രാഗ് ചലച്ചിത്ര രംഗത്തുതന്നെ മലയാളത്തിലെയും കന്നടയിലെയും ഉയർന്നു‌വരുന്ന സൗണ്ട് ഡിസൈനറായി പ്രവർത്തിക്കുന്നു. ഭാര്യ ശൈലജ. ഇളയമകൻ ആയുഷ് .
സൈപ്രസിലെ യാത്രയ്ക്കിടയിലാണ് ഈ ദുഃഖവാർത്ത അറിയിച്ചു കൊണ്ട് ചന്ദ്രന്റെയും എന്റെയും സുഹൃത്തായ സാംസ്‌കാരിക പ്രവർത്തകൻ ശശികുമാർ വള്ളിക്കാടിന്റെ ഫോൺ കാൾ എത്തുന്നത് . ഒരുമാസം മുൻപ് അസുഖമാണെന്ന് കേട്ടെങ്കിലും ചന്ദ്രൻ ഇത്രപെട്ടെന്നു പോകുമെന്നറിഞ്ഞില്ല.
പ്രിയ സുഹൃത്ത് ചന്ദ്രന് ഏറെ ദുഃഖത്തോടെ വിട.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHANDRAN VEYYATTUMMEL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.