8.31 മീറ്റർ
ഏതൻസ് : ഗ്രീസിലെ ഏതൻസിൽ നടന്ന ഇന്റർനാഷണൽ ജമ്പിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മലയാളി താരം എം.ശ്രീശങ്കർ. സ്വർണം. ലോംഗ്ജമ്പിൽ 8.31 മീറ്റർ കുറിച്ചാണ് ശ്രീശങ്കർ ഒന്നാമതെത്തിയത്. 8.27 മീറ്റർ ചാടിയ സ്വീഡന്റെ തോബിയാസ് മോൺട്രലറാണ് രണ്ടാം സ്ഥാനത്ത്.
ലോംഗ്ജമ്പിൽ ദേശീയ റെക്കാഡ് ജേതാവാണ് പാലക്കാട് സ്വദേശിയായ ശ്രീശങ്കർ. ശ്രീശങ്കറിന്റെ കരിയറിലെ മികച്ച രണ്ടാമത്തെ പ്രകടനമാണിത്. കഴിഞ്ഞമാസം തേഞ്ഞിപ്പലത്ത് നടന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് 8.36 മീറ്റർ ചാടി ശ്രീശങ്കർ ദേശീയ റെക്കാഡ് സ്വന്തം പേരിലെഴുതിയത്.
ടോക്യാ ഒളിമ്പിക്സിന് ശേഷം ആദ്യമായാണ് ശ്രീ ശങ്കർ വിദേശത്ത് ഒരു ഒൗട്ട്ഡോർ മീറ്റിൽ മത്സരിക്കുന്നത്. ഇന്ത്യയ്ക്കു പുറത്തു നടക്കുന്ന മത്സരങ്ങളിൽ ശ്രീശങ്കർ എട്ടു മീറ്റർ പിന്നിടുന്നതും ഇതാദ്യമാണ്. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്ക് മുന്നോടിയായി ശ്രീശങ്കർ അടക്കമുള്ള ഇന്ത്യൻ ജമ്പിംഗ് ടീമംഗങ്ങൾ ഗ്രീസിൽ പരിശീലനം നടത്തിവരികയാണ്. ഇതിനിടയിലാണ് രാജ്യാന്തര ഇൻവിറ്റേഷൻ മത്സരത്തിൽ പങ്കെടുത്തത്.
മുൻ കായികതാരങ്ങളായ മുരളിയുടെും ബിജിമോളുടെയും മകനാണ് ശങ്കുവെന്ന് വിളിപ്പേരുള്ള ശ്രീശങ്കർ.