ലണ്ടൻ: ഈ വർഷത്തെ വിഖ്യാതമായ ബുക്കർ പ്രൈസിന് ഇന്ത്യൻ സാഹിത്യകാരി ഗീതാഞ്ജലി ശ്രീ അർഹയായി. ഗീതാഞ്ജലി രചിച്ച 'രേത് സമാധി' എന്ന കൃതിയുടെ ഇംഗ്ളീഷ് പരിഭാഷ 'ടോംബ് ഓഫ് സാന്റ്‌സ്' ആണ് പുരസ്‌കാരം നേടിയത്. ഇതാദ്യമായാണ് ഹിന്ദി കൃതിയുടെ പരിഭാഷാ ഗ്രന്ഥത്തിന് ബുക്കർ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കൻ വംശജ ഡെയ്‌സി റോക്ക്‌വെല്ലുമായി സമ്മാനത്തുക ഗീതാഞ്ജലി പങ്കിടും.
50,000 യൂറോയാണ് സമ്മാനത്തുക(41.6 ലക്ഷം രൂപ). അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിയാണ്. ബുക്കർ സമ്മാനം സ്വപ്‌നം കണ്ടിട്ടുകൂടിയില്ലെന്നും ഇത് വലിയ അംഗീകാരമാണെന്നും അവാർഡിനെക്കുറിച്ചുളള വാർത്തകളോട് ഗീതാഞ്ജലി പ്രതികരിച്ചു.
എഴുത്തുകാരിയും പരിഭാഷകയും ചിത്രകാരിയുമായ ഡെയ്‌സി റോക്ക്‌വെൽ അമേരിക്കയിലെ വെർമോണ്ട് സ്വദേശിയാണ്. 80 വയസുകാരിയായ മാ എന്ന കഥാപാത്രം ഭർത്താവിന്റെ മരണശേഷം ജന്മനാടായ പാകിസ്ഥാനിലേക്ക് യാത്രതിരിക്കാൻ ആഗ്രഹിക്കുന്നതാണ് റേത്ത് സമാധിയുടെ കഥ. കടുത്ത വിഷാദരോഗിയായ വൃദ്ധ നിശ്ചയദാർഢ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങുന്ന കഥ ഇന്ത്യാ-പാക് വിഭജന പശ്ചാത്തലത്തിലാണ് മുന്നോട്ട് നീങ്ങുന്നത്.
ബ്രിട്ടണിലോ അയർലന്റിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്‌ത പുസ്‌തകങ്ങളാണ് ബുക്കർ പുരസ്‌കാരത്തിമ് പരിഗണിക്കുന്നത്. നാലോളം നോവലുകളും നിരവധി കഥകളും ഗീതാഞ്ജലി ശ്രീ രചിച്ചിട്ടുണ്ട്. ബോറ ചുംഗിന്റെ കഴ്‌സ്‌ഡ് ബണ്ണി, ജോൺ ഫോസ് രചിച്ച എ ന്യൂ ഗെയിം സെപ്‌റ്റോളജി VI-VII, മൈക്കോ കവാകാമിയുടെ ഹെവൻ, ക്ളോഡിയ പിയോറോ എഴുതിയ 'എലീന നോസ്', ഓൾഗാ ടൊക്കാർസുക്കിന്റെ 'ദ ബുക്ക്സ് ഓഫ് ജേക്കബ്' എന്നിവയാണ് ഗീതാഞ്ജലിയുടെ പുസ്‌തകത്തിനൊപ്പം മത്സരിച്ച മറ്റ് കൃതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |