തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തെക്കുറിച്ച് വിവിധ കോണുകളിൽ നിന്നുയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകി മന്ത്രി സജി ചെറിയാൻ. ജൂറിയുടേത് അന്തിമവിധിയാണെന്നും ഇന്ദ്രൻസിന് തെറ്റിദ്ധാരയുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. ജൂറിയ്‌ക്ക് പരമാധികാരം നൽകി. ഹോം സിനിമ കണ്ടെന്നാണ് ജൂറി ചെയർമാൻ പറഞ്ഞത്. ജൂറി എല്ലാ സിനിമകളും കണ്ടു എന്നാണ് പറഞ്ഞത്. ഹോം സിനിമ പരിഗണിക്കാത്തതിന് നിർമ്മാതാവിന്റെ പേരിലുളള കേസ് ഒരു ഘടകമായിട്ടില്ല. ജോജു ജോർജിന് അവാർഡ് കിട്ടിയത് നന്നായി അഭിനയിച്ചതിനാണ്. നന്നായി അഭിനയിച്ചവർക്കല്ലേ അവാർഡ് നൽകാനാകൂ. കോൺഗ്രസുകാർ ആരെങ്കിലും നന്നായി അഭിനയിച്ചാൽ വേണമെങ്കിൽ അടുത്തതവണ അവാർഡിന് പരിഗണിക്കാം. ഇതിനുവേണ്ടി വേണമെങ്കിൽ പ്രത്യേക ജൂറിയെത്തന്നെ വയ്‌ക്കാമെന്നും മന്ത്രി പരിഹസിച്ചു.
റോജിൻ തോമസ് സംവിധാനം ചെയ്‌ത് വിജയ് ബാബു നിർമ്മിച്ച ചിത്രമായ 'ഹോം' മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു. എന്നാൽ ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡിന് ഒരുവിഭാഗത്തിൽ നിന്നു പോലും ഹോമിന് അവാർഡ് ലഭിച്ചില്ല. തുടർന്ന് നിർമ്മാതാവായ വിജയ് ബാബുവിനെതിരായ പീഡന പരാതി കാരണം ചിത്രം ഒഴിവാക്കപ്പെട്ടതാണോ എന്ന ചോദ്യം ഉയർന്നിരുന്നു.
ഹോം സിനിമയ്ക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നതായും ജൂറി സിനിമ കണ്ടുകാണില്ലെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചത്. ഹൃദയം സിനിമയും നല്ല സിനിമയാണ്. അതിനോടൊപ്പം ചേർത്തുവയ്‌ക്കേണ്ട സിനിമയാണ് ഹോം. അവാർഡ് നൽകാതിരിക്കാനുളള കാരണം നേരത്തെ കണ്ടിട്ടുണ്ടാകാമെന്നും വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാമെന്നും ഇന്ദ്രൻസ് പറഞ്ഞു. ഹോമിന് അവാർഡ് ലഭിക്കാത്തതോടെ യൂത്ത്കോൺഗ്രസ് അദ്ധ്യക്ഷൻ ഷാഫി പറമ്പിലടക്കം ഇന്ദ്രൻസിനെ അനുകൂലിച്ചും അവാർഡ് വിതരണത്തെ വിമർശിച്ചും പ്രതികരിച്ചിരുന്നു. ഇതിനാണ് മന്ത്രി മറുപടി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |