തിരുവനന്തപുരം:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്ന് സമാപിക്കുമ്പോൾ, പി.സി. ജോർജിന്റെ വിദ്വേഷപ്രസംഗവും പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യവും സൃഷ്‌ടിച്ച സാമുദായിക ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകൾ വോട്ടാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ.
ക്രൈസ്തവർക്കിടയിലെ മുസ്ലിംവിരുദ്ധ വികാരം മുതലെടുക്കാൻ പി.സി. ജോർജിന്റെ അറസ്റ്റിനെ ആയുധമാക്കിയതോടെ ബി. ജെ. പിക്കും വീര്യം കിട്ടി. പി.സി. ജോർജിന്റെ സാന്നിദ്ധ്യത്തിൽ ഇന്നത്തെ പ്രചാരണം തകർക്കാമെന്ന പ്രതീക്ഷയിലായിരുന്നു എൻ.ഡി.എ. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ 11ന് ഹാജരാകാൻ ജോർജിന് നോട്ടീസ് നൽകിയതോടെ അത് അനിശ്ചിതത്വത്തിലായി. തൃക്കാക്കരയിൽ നിന്ന് തന്നെ അകറ്റിനിറുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ് പൊലീസിന്റെ നോട്ടീസിന് പിന്നിൽ എന്ന മട്ടിൽ ജോർജ് ഇന്നലെ കോട്ടയത്ത് പ്രതികരിച്ചു.
പരമ്പരാഗത വോട്ട് ബാങ്ക് കാക്കുന്നതിനൊപ്പം ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറാനാണ് ഇടതുമുന്നണി ആദ്യം മുതലേ ശ്രമിച്ചത്. ജില്ലയിലെ മദ്ധ്യവർത്തി സമൂഹവും നഗരസ്വഭാവവും തിരഞ്ഞെടുപ്പുകളിൽ ഇടതിന് വെല്ലുവിളിയാണെന്ന് സി. പി. എം ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും വിലയിരുത്തിയതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ജില്ലയിൽ വലിയ നേട്ടമുണ്ടായില്ല.
യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ തകർക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നുവെന്ന തോന്നലിലാണ് യു.ഡി.എഫും കോൺഗ്രസും നീങ്ങുന്നത്. പി.ടി. തോമസിനോടുള്ള സഹതാപം തുണയ്ക്കുമെന്ന് പ്രതീക്ഷയുണ്ട്. ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന എതിരാളികളുടെ പ്രചാരണം നേട്ടമാകുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ.
പി.സി. ജോർജ് വിവാദത്തിൽ ചെറിയ വിഭാഗം ക്രൈസ്തവരെങ്കിലും ബി.ജെ.പി ചായ്‌വ് പ്രകടിപ്പിച്ചാൽ ക്ഷീണം യു.ഡി.എഫിനാകും. അതിനെ മറികടക്കാൻ ക്രൈസ്തവ നേതാക്കളിലൂടെ യു.ഡി.എഫ് ശ്രമിക്കുന്നുണ്ട്.
ജോർജിന്റെ പേരിൽ ക്രൈസ്തവമേഖലയിൽ കടന്നുകയറാനുള്ള ബി.ജെ.പി നീക്കങ്ങളെ ചെറുക്കാനാണ് ക്രൈസ്തവർക്ക് നേരേ രാജ്യത്ത് നടന്നിട്ടുള്ള സംഘപരിവാർ ആക്രമണങ്ങൾ മുഖ്യമന്ത്രി തന്നെ ആയുധമാക്കിയത്. അവസാനറൗണ്ടിൽ എ.കെ. ആന്റണി സർക്കാരിനെതിരെ അഴിച്ചുവിട്ട പ്രചാരണവും ഗുണമാകുമെന്ന് യു.ഡി.എഫ് കരുതുന്നുണ്ട്.
സമുദായ വോട്ട്
ക്രൈസ്തവ വോട്ട് 37 %
മുസ്ലിം വോട്ട് 20 %
ഹിന്ദു വോട്ട് 43 %. (കൂടുതൽ ഈഴവ വോട്ട്)