SignIn
Kerala Kaumudi Online
Saturday, 27 April 2024 8.28 AM IST

മെർലിൻ മൺറോ മഴയിൽ വീണുപോയ ശലഭജന്മം

merlin-monroe

ആകാശത്തുനിന്ന് ഉതിർന്നുവീണ ഒരു തൂവെള്ള പഞ്ഞിക്കെട്ട് പോലെയായിരുന്നു മെർലിൻ മൺറോ... യൗവനം തീരുംമുമ്പേ പെരുംമഴയിൽ വീണ് അലിഞ്ഞുപോയൊരു പഞ്ഞിക്കെട്ട്... ലോകസൗന്ദര്യാരാധകരുടെ മനംകവർന്ന മെർലിൻ, ലഹരിയിലും പ്രശസ്തിയിലും വഴുതിവീണ് ജീവിതം ഹോമിക്കുമ്പോൾ പ്രായം 36 !



നോർമാ ജീൻ മോർട്ടൻസൺ എന്ന അമേരിക്കൻ യുവതി മെർലിൻ മൺറോയായി പരിണമിച്ചിടത്തുനിന്നാണ് കഥയുടെ തുടക്കം. 1920 കളിൽ ജീവിച്ചിരുന്ന മെർലിൻ മില്ലർ എന്ന സംഗീതജ്ഞന്റെ പേരിൽ നിന്ന് മെർലിനും അമ്മയുടെ കുടുംബപ്പേരിൽ നിന്നു മൺറോയും സ്വീകരിച്ചതോടെ നോർമാ ജീൻ മെർലിൻ മൺറോയായി. പിന്നീട് ലോകം മാദകസൗന്ദര്യം സമം മെ‌ർലിൻ മൺറോ എന്ന് ചേർത്തെഴുതിത്തുടങ്ങി. എന്നാൽ, അതിലേക്കുള്ള മെർലിന്റെ യാത്ര ഒട്ടും സൗന്ദര്യമുള്ളതായിരുന്നില്ല.

1926 ജൂൺ ഒന്നിന് ലോസ് ആഞ്ചലസിലായിരുന്നു മെർലിന്റെ ജനനം. മറ്റു പല പ്രശസ്തരേയും പോലെ ദുരിതപൂർണമായ ബാല്യകാലമായിരുന്നു മെർലിനേയും കാത്തിരുന്നത്. പിതാവാരാണെന്ന് അറിയാത്ത ബാല്യം. പ്രശസ്ത ഹോളിവുഡ് നടൻ ക്ലർക്ക് ഗാബിളാണ് മെർലിന്റെ പിതാവെന്ന് അക്കാലത്ത് ഒരു വിവാദമുയർന്നു. എന്നാൽ, അതിനെ സാധൂകരിക്കാൻ തക്ക തെളിവുകളൊന്നും കാലം സൂക്ഷിച്ചുവച്ചിരുന്നില്ല. മെർലിന്റെ അമ്മ ഗ്ലാഡിസ് മനോരോഗത്തിലേക്ക് വഴുതിവീഴുകയും ചെയ്തു. പതിയെ അവർക്ക് സ്മൃതിഭ്രംശം സംഭവിക്കുക കൂടി ചെയ്തതോടെ മെർലിൻ കൂടുതൽ ദുരിതത്തിലായി.

തന്റെ ബാല്യകാലത്തിലേറിയ പങ്കും മെർലിൻ ചെലവഴിച്ചത് അനാഥാലയത്തിലായിരുന്നു. 1937ൽ മെർലിന്റെ കുടുംബസുഹൃത്തായ ഗ്രേസും അവരുടെ ഭർത്താവ് ഡോക് ഗൊദാർദും ചേർന്ന് കുറച്ചുകാലം മെർലിനെ സംരക്ഷിച്ചു. ദമ്പതിമാർ ഇരുവരും കടുത്ത മതവിശ്വാസികളായിരുന്നു. മതാചാരങ്ങൾ കർശനമായി പാലിച്ചുപോയിരുന്ന അവർ മെർലിനെ സിനിമാ കാണുന്നതിൽനിന്ന് വിലക്കിയിരുന്നു. എന്നാൽ 1942ൽ ഡോക് ഗോദാർദിന് മറ്റൊരു സ്ഥലത്തേക്ക് ട്രാൻസ്ഫറായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മെർലിനെ കൂടെ കൊണ്ടുപോകാൻ അവർക്ക് കഴിയുമായിരുന്നില്ല.

അങ്ങനെ തന്റെ ഏഴാം വയസിൽ മെർലിൻ ഫോസ്റ്റർ ഹോമിലാക്കപ്പെട്ടു. ഫോസ്റ്റർ ഹോമിൽ കഴിഞ്ഞിരുന്ന കാലത്ത് പലതവണ മൺറോ ലൈംഗിക ചൂഷണത്തിന് ഇരയായി. 11-ാം വയസിൽ താൻ ബലാത്സംഗത്തിനിരയായെന്ന് പിന്നീടൊരിക്കൽ മെർലിൻ തന്നെ പറഞ്ഞിട്ടുണ്ട്. ഗൊദാർദ് ദമ്പതികളുടെ മരണത്തിന് ശേഷം മൺറോ തന്റെ കാമുകൻ ജിമ്മി ഡോഗെർട്ടിയെ വിവാഹം ചെയ്തു. അപ്പോൾ വെറും 16 വയസുമാത്രമായിരുന്നു മെർലിന്റെ പ്രായം. മർച്ചന്റ് നേവിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന ഡോഗെർട്ടി ദക്ഷിണ പസഫിക്കിലേക്കു പോയതിനെത്തുടർന്ന് മൺറോ കാലിഫോർണിയയിലെ ഒരു ആയുധനിർമാണ ശാലയിൽ ജോലിക്കു കയറി. ഫാക്ടറിയിലെ ജോലിക്കിടയിലാണ് ആ സൗന്ദര്യം ഒരു ഫോട്ടോഗ്രാഫറുടെ കണ്ണിൽ പെടുന്നത്. 1946ൽ ഡോഗെർട്ടി തിരിച്ചുവരുമ്പോൾ ഒരു മോഡൽ എന്ന നിലയിൽ മെർലി പ്രശസ്തയായി കഴിഞ്ഞിരുന്നു. അക്കാലത്താണ് നോർമാ ജീൻ മോർട്ടൻസൺ എന്ന പേരുപേക്ഷിച്ച് മെർലിൻ മൺറോ എന്ന നാമം സ്വീകരിക്കുന്നത്.

സിനിമയാണ് തന്റെ ജീവിതമെന്നു മനസിലാക്കിയ മെർലിൻ 1946ൽ ഡോഗർട്ടിയുമായുള്ള ബന്ധം പിരിഞ്ഞു. അതേ വർഷം തന്നെ ആദ്യ സിനിമയിൽ അഭിനയിക്കാനുള്ള കരാറും അവർ ഒപ്പിട്ടു. പിന്നീടാണ് ലോകമറിയുന്ന മെർലിൻ മൺറോയായി അവരുടെ ജീവിതം തുടങ്ങുന്നത്. നീലക്കണ്ണും തുടുത്ത ചുണ്ടുകളും കുസൃതിയൊളിപ്പിച്ച ചിരിയുമുള്ള ആ സൗന്ദര്യം അപ്പോഴേക്കും മോഡലിംഗിലൂടെ പുറംലോകത്തെത്തി തുടങ്ങിയിരുന്നു. 1950ലാണ് മൺറോയുടെ ആദ്യ സിനിമ പുറത്തുവരുന്നത്. ജോൺ ഹസ്റ്റന്റെ ദി ആസ്‌ഫാൾട്ട് ജംഗിൾ എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തോടെയായിരുന്നു മെർലിന്റെതുടക്കം. പിന്നീട് പുറത്തിറങ്ങിയ ഓൾ എബൗട്ട് ഈവ് എന്ന ചിത്രം മെർലിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി. അധികം താമസിക്കാതെ തന്നെ അവർ ഹോളിവുഡിലെ ഏറ്റവും പ്രശസ്തയായ നടി എന്ന പദവിയിലേക്കെത്തുകയും ചെയ്തു. 1953ൽ പുറത്തിറങ്ങിയ നയാഗ്രയിൽ കാമുകനെ കൂട്ടുപിടിച്ച് ഭർത്താവിനെ കൊല്ലുന്ന സ്ത്രീയായി മെർലിൻ തകർത്തഭിനയിച്ചു. ഒരു സെക്‌സ് സിംബൽ എന്ന നിലയിലേക്കുള്ള മെർലിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു ആ ചിത്രം. ജെന്റിൽമെൻ പ്രിഫെർ ബ്ലോണ്ട്‌സ്, ഹൗ ടു മാരി എ മില്യനെയർ, ദയർ ഈസ് നോ ബിസിനസ് ലൈക്ക് ഷോ ബിസിനസ്, സെവൻ ഇയർ ഇച്ച് തുടങ്ങിയ പടങ്ങൾ സൂപ്പർഹിറ്റുകളായി.

ലോകം അറിയപ്പെടുന്ന താരമായപ്പോഴും മാനസികമായി സുഖകരമല്ലാത്ത അവസ്ഥയിലൂടെയാണ് മെർലിൻ കടന്നുപോയത്. പ്രശസ്തി അവരെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചുവെന്നുവേണം പറയാൻ. വിഖ്യാത നടൻ ലോറൻസ് ഒളിവർ നിർമാണവും സംവിധാനവും ചെയ്ത ദി പ്രിൻസ് ആൻഡ് ഷോ ഗേൾ എന്ന സിനിമ ബ്രിട്ടനിൽ സൂപ്പർഹിറ്റായതോടെ മെർലിന്റെ പ്രശസ്തി അമേരിക്കയ്ക്ക് പുറത്തേക്കും വ്യാപിച്ചു. ഒളിവർ തന്നെയായിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ സഹതാരങ്ങളോടുള്ള തുടർച്ചയായ മോശം പെരുമാറ്റങ്ങൾ സിനിമാസെറ്റുകളിൽ മെർലിന്റെ സ്വീകാര്യത ഇടിയാൻ ഇടയാക്കി. മയക്കുമരുന്നിനോടുള്ള അവരുടെ ഭ്രമം ചർച്ചയായിത്തുടങ്ങി. തുടർന്നുള്ള വർഷങ്ങൾ മെർലിന് അത്ര ശുഭകരമായിരുന്നില്ല. 1960ൽ ഇറങ്ങിയ ലെറ്റ്‌സ് മേക്ക് ലവും 61ൽ പുറത്തിറങ്ങിയ മിസ്‌ഫിറ്റ്‌സും ബോക്‌സ് ഓഫീസ് പരാജയങ്ങളായി. 1962ൽ പുറത്തിറങ്ങിയ സംതിംഗ് ഗോട്ട് ടു ഗിവ് മൺറോയുടെ അവസാന ചിത്രമായി. സിനിമാ ചിത്രികരണത്തിനിടയിൽ മെർലിൻ അപ്രത്യക്ഷയായതിനെത്തുടർന്ന് ചിത്രീകരണം തടസപ്പെട്ട സിനിമ റിലീസായില്ല.

1962 ഓഗസ്റ്റ് അഞ്ച്. തന്റെ സൗന്ദര്യംകൊണ്ട് ലോകത്തെ അമ്പരിപ്പിച്ച മെർലിനെ അമിതമായി ഉറക്കഗുളിക കഴിച്ച് മരിച്ചനിലയിൽ തന്റെ കിടപ്പറയിൽ കണ്ടെത്തി. അപ്പോഴവർക്ക് പ്രായം 36. ഇതൊരു കൊലപാതകമാണെന്ന അഭ്യൂഹവും ഏറെക്കാലം നിലനിന്നു. മൺറോയുടെ മരണത്തിനു പിന്നിൽ ജോൺ.എഫ് കെന്നഡി, റോബർട്ട് കെന്നഡി സഹോദരന്മാർക്ക് പങ്കുള്ളതായും അന്ന് ആരോപണമുയർന്നിരുന്നു. മരിച്ചിട്ട് 60 വർഷങ്ങൾ പിന്നിടുമ്പോഴും ലോകം മെർലിൻ മൺറോയെ അവരുടെ സൗന്ദര്യത്തിന്റെ പേരിൽ, സിനിമകളുടെ പേരിൽ, പോരാട്ടങ്ങളുടെ പേരിൽ, വിഷാദമയമായ അവരുടെ ജീവിതത്തിന്റെ പേരിൽ ഒക്കെ ഓർത്തുകൊണ്ടേയിരിക്കുകയാണ്, ഇപ്പോഴും...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARILYNE MANROE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.