SignIn
Kerala Kaumudi Online
Friday, 26 April 2024 10.05 AM IST

കളിക്കളം, ഇത് ചെളിക്കളം

district

പുതിയ പദ്ധതികൾ നടപ്പാക്കി കൈയടി നേടാനും നിലവിലുള്ളത് തകർത്ത് നാടിന് നാണക്കേടുണ്ടാക്കാനും ഭരണകൂടങ്ങൾക്ക് കഴിയും എന്നതിന്റെ ഉദാഹരണങ്ങളാണ് പത്തനംതിട്ടയിലെ രണ്ട് സ്റ്റേഡിയങ്ങൾ. നിരവധി കായികമത്സരങ്ങൾക്ക് വേദിയായ ജില്ലാ സ്റ്റേഡിയത്തിലേക്ക് കാലുകുത്താൻ കഴിയാത്തവിധം നശിപ്പിച്ച് കുളം തോണ്ടി. അതേസമയത്ത് തന്നെ കൊടുമൺ എന്ന കൊച്ചു ഗ്രാമത്തിൽ മനോഹരമായ സ്റ്റേഡിയം നിർമിക്കുകയും ചെയ്തു.

സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കുമായാണ് ജില്ലാ സ്റ്റേഡിയം കുഴിച്ച് കുളംതോണ്ടിയത്. കായികതാരങ്ങളുടെ പരിശീലനം മുടക്കിയതു മാത്രമല്ല, പ്രഭാത സായാഹ്ന സവാരികളും ഇല്ലാതാക്കി. എം.ജി സർവകലാശല കലോത്സത്തിന് സ്റ്റേഡിയം കുഴിച്ച് പന്തലിട്ടുകൊണ്ടായിരുന്നു നശീകരണത്തിന്റെ തുടക്കം. ആ പന്തൽ പൊളിച്ചതിന് പിന്നാലെ മറ്റൊരു പന്തലുയർന്നു, ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിന്. അതുകഴിഞ്ഞപ്പോഴാണ് സംസ്ഥാന സർക്കാർ നേരിട്ടിറങ്ങി മൈതാനമാകെ കുത്തിക്കുഴിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം പ്രദർശന വപിണനമേളയ്ക്കായി സ്റ്റേഡിയം നിറഞ്ഞ പന്തലിട്ടു. നൂറുകണക്കിന് തൂണുകളുടെ കുഴികളാണ് സ്റ്റേഡിയത്തിൽ. കായികമേളകൾക്കല്ലാതെ മറ്റൊന്നിനും സ്റ്റേഡിയം ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം തട്ടിത്തെറിപ്പിച്ച് സ്റ്റേഡിയത്തിൽ ആർക്കും എന്തും നടത്താമെന്നായി. ഇതോടെ ഇരുളടഞ്ഞത് നിരവധി കായികതാരങ്ങളുട‌െ ഭാവിയാണ്.

ജില്ലാസ്റ്റേഡിയം ഉന്നത നിലവാരമുള്ള അന്താരാഷ്ട്ര സ്റ്റേഡിയമാക്കാനുള്ള പദ്ധതികൾ ഫയലിൽ കെട്ടി സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാന യുവജനക്ഷേമ ബോർഡിന് നഗരസഭ ധാരണപത്രം സമർപ്പിച്ച് ഒരുവർഷമായിട്ടും പദ്ധതിക്ക് തുടക്കമിടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവർഷം ജനുവരിയിൽ ചേർന്ന കൗൺസിൽ യോഗം ധാരണപത്രം ഒപ്പിട്ട് അന്ന് എം.എൽ.എയായിരുന്ന വീണാജോർജിന് സമർപ്പിച്ചിരുന്നു. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയ്ക്ക് 46 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. 2018ൽ അംഗീകാരമായ പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിന് പ്രളയവും കൊവിഡും തടസമായി. വർഷം നാല് കഴിഞ്ഞതിനാൽ പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കേണ്ടതുണ്ട്. തുടർന്ന് ധനാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കണം.

സ്റ്റേഡിയത്തിൽ വെള്ളം കയറുന്നത് എങ്ങനെ ഒഴിവാക്കാമെന്ന് പഠനം നടത്തിയ ഏജൻസി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. ഇതുലഭിച്ചാൽ മാത്രമേ എസ്റ്റിമേറ്റ് പുതുക്കാനാകൂ. പാലായിലെ സ്റ്റേഡിയത്തിൽ വെള്ളം കയറിയപ്പോൾ സിന്തറ്റിക് ട്രാക്ക് തകരാറിലായതിനെ തുടർന്നാണ് പഠനം നടത്താൻ തീരുമാനിച്ചത്. മഴപെയ്താൽ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ വെള്ളക്കെട്ടുണ്ടാകുന്നത് ഒഴിവാക്കാൻ ശാസ്ത്രീയ മാർഗങ്ങളില്ലായിരുന്നു.

കഴിഞ്ഞ വർഷം ധാരണാപത്രം സമർപ്പിച്ചപ്പോൾ ധന, സാങ്കേതിക അനുമതി ഉടൻ ലഭ്യമായാൽ സ്റ്റേഡിയം പുനർനിർമ്മാണം ഒരു മാസത്തിനുള്ളിൽ ആരംഭിക്കുമെന്നായിരന്നു പ്രഖ്യാപനം. സ്റ്റേഡിയത്തിന്റെ ഉടമസ്ഥർ ആരാണ് എന്ന തർക്കത്തിൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള കഴിഞ്ഞ നഗരസഭാ ഭരണസമിതി ധാരണപത്രത്തിൽ ഒപ്പിട്ടിരുന്നില്ല. ഇപ്പോഴത്തെ എൽ.ഡി.എഫ് ഭരണസമിതി വീണ്ടും ചർച്ചകൾ നടത്തി സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയ്ക്ക് എന്ന നിലയിലാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത്.

ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ കോർട്ടുകൾ, ഹോക്കി മൈതാനം, പവലിയൻ, നീന്തൽക്കുളം, ക്രിക്കറ്റ് പിച്ച്, ഗ്യാലറി, ഹോസ്റ്റൽ എന്നിവയായിരുന്നു പദ്ധതികൾ.

കൊടുമണ്ണിനെ

കണ്ടുപഠിക്കണം

വെള്ളക്കെട്ട് നിറഞ്ഞ ജില്ലാ സ്റ്റേഡിയത്തിന്റെ സ്ഥിതി പരിതാപകരമായി തുടരുമ്പോൾ, കൊടുമൺ എന്ന കൊച്ചു ഗ്രാമത്തിൽ സിന്തറ്റിക് ട്രാക്കോടു കൂടിയ ഇ.എം.എസ് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച് നാടിന് സമർപ്പിച്ചത് അടുത്തിടെയാണ്. ദൃഢനിശ്ചയത്തോടെ മന്നോട്ടു പോയാൽ ഏതു പദ്ധതിയും വിചാരിക്കുന്ന സമയത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നതിന്റെ ഒന്നാന്തരം കാഴ്ചയാണ് കൊടുമൺ സ്റ്റേഡിയം. രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ ഒന്നാം വാർഷികവേളയിൽ കായികമന്ത്രി അബ്ദുറഹ്മാനാണ് കൊടുമൺ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. കായികതാരങ്ങളും പ്രഭാത, സായാഹ്ന സവാരിക്കാരുമെല്ലാം കൊടുമൺ സ്റ്റേഡിയം ഉപയോഗിക്കുന്നു.

കിഫ്ബി പദ്ധതിയിലൂടെ 15.10 കോടി രൂപ ചെലവഴിച്ചാണ് സ്‌റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. നടത്തിപ്പു ചുമതല സ്‌പോർട്സ് വകുപ്പ് പഞ്ചായത്തിന് കൈമാറി. അത്യാധുനിക നിലവാരത്തിലുള്ള സ്റ്റേഡിയത്തിൽ ഫുട്‌ ബാൾ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബാൾ, വോളിബാൾ കോർട്ടുകൾ, ഷട്ടിൽ കോർട്ടുകൾ, സിന്തറ്റിക് ട്രാക്ക് തുടങ്ങിയവയുടെ നിർമ്മാണവും നേരത്തെതന്നെ പൂർത്തീകരിച്ചിരിക്കുകയാണ്. ഒപ്പം കളിക്കാർക്കുള്ള വിശ്രമമുറികൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, പാർക്കിംഗ് സൗകര്യം, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ടോയ്‌ലറ്റുകൾ, ഫ്‌ളഡ്‌ലൈറ്റ് സംവിധാനം, ആധുനിക സജ്ജീകരണങ്ങൾ, പവലിയൻ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
മൂന്നരവർഷമായി ഇവിടെ കുട്ടികൾക്ക് പരിശീലനം നടക്കുന്നുണ്ട്. സ്‌പോർട്‌സ് കൗൺസിലിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെയാണ് പരിശീലനം.

മന്ത്രി മണ്ഡലത്തിൽ ജില്ലാഭരണകൂടത്തിന് കൺമുന്നിലാണ് പത്തനംതിട്ട നഗരത്തിൽ ജില്ലാസ്റ്റേഡിയം തകർന്നു കിടക്കുന്നത്. തൊടുന്യായങ്ങൾ പറഞ്ഞ് സ്റ്റേഡിയം നവീകരണം അനന്തമായി ഇനിയും നീളും. നാളെയുടെ കായിക പ്രതിഭകൾ കളിക്കളം തേടി ഒന്നുകിൽ നാടുവിടും. അല്ലെങ്കിൽ സ്വപ്നങ്ങളുടെ കൂമ്പൊടിയും. അധികൃതർ വികസന പ്രഖ്യാപനങ്ങളുമായി വീണ്ടും കളം നിറയും. അവർ കളിക്കട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.