SignIn
Kerala Kaumudi Online
Friday, 26 April 2024 9.00 PM IST

കേരളം നഷ്‌ടമാക്കുന്നത്...

v-muraleedharan

അഴിമതിയുടേയും കുടുംബവാഴ്ചയുടേയും തടവറയിൽനിന്ന് ഭാരതത്തെ മോചിപ്പിച്ച നരേന്ദ്രമോദി സർക്കാർ അഭിമാനകരമായ എട്ടുവർഷങ്ങൾ പൂർത്തിയാക്കുകയാണ്. എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കാൻ വിപ്ലവകരമായ പദ്ധതികളാണ് ദേശീയ ജനാധിപത്യ സർക്കാർ സ്വീകരിച്ചത്. വലിയ വെല്ലുവിളികൾക്കിടയിലും മുൻസർക്കാരുകളെ അപേക്ഷിച്ച് നാണ്യപ്പെരുപ്പം പിടിച്ചുനിറുത്താനായി.

രാജ്യത്തുനിന്ന് പട്ടിണിയകറ്റിയ പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പോലുള്ള പദ്ധതികളെ ലോകം അഭിനന്ദിക്കുന്നു. മഹാമാരിയിൽ സ്വയംപര്യാപ്ത രാഷ്ട്രത്തിനായി ആഹ്വാനം ചെയ്യുകയും അതിനുള്ള മാർഗം തേടുകയും ചെയ്തു നമ്മുടെ പ്രധാനമന്ത്രി. എന്നിട്ടും നരേന്ദ്രമോദിയോടും കേന്ദ്രസർക്കാരിനോടും വിദ്വേഷം വച്ചുപുലർത്തുകയാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ. സഹകരണാത്മക ഫെഡറലിസത്തെക്കുറിച്ച് വാചകമടിക്കുന്നവർ കേന്ദ്രസർക്കാരിനോട് എങ്ങനെ സഹകരിക്കാതിരിക്കാമെന്നതിൽ മത്‌സരിക്കുന്നു. ഇതുമൂലം കേരളത്തിലെ ജനങ്ങൾക്കാണ് വലിയ നഷ്‌ടം.
കാർഷിക വിളനാശത്തിന് ആശ്വാസമേകുന്ന ഫസൽബീമ യോജന മുതൽ പാവപ്പെട്ടവർക്ക് വീടുവച്ച് നൽകുന്ന പ്രധാൻമന്ത്രി ആവാസ് യോജന വരെ കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് മോദിവിരോധമോ കെടുകാര്യസ്ഥതയോ മൂലം കേരളത്തിന് നഷ്ടമായത്.
പ്രധാൻമന്ത്രി ആവാസ് യോജനയുടെ 195.82 കോടി ( 2016-18) . നഷ്ടമായത് കേന്ദ്രമാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാതെ പോയതിനാലാണെന്ന സി.എ.ജി കണ്ടെത്തൽ കേരളജനതയോട് സംസ്ഥാന സർക്കാർചെയ്ത കൊടുംവഞ്ചനയാണ്. സാങ്കേതിക ഗുണനിലവാരവുമുള്ള മേൽനോട്ടത്തിന്റെ അഭാവം, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ, ഭൂമി കണ്ടെത്തൽ ഇങ്ങനെ വിവിധതലങ്ങളിൽ വീഴ്ചവരുത്തി. ഇതുമൂലം അർഹരായ 25,144 ദരിദ്രകുടുംബങ്ങൾക്കാണ് വീട് നിഷേധിക്കപ്പെട്ടത്.
2016-17ൽ ആദ്യഗഡുവായ 121.90 കോടി കേന്ദ്രം അനുവദിച്ചെങ്കിലും രണ്ടാംഗഡു നേടിയെടുക്കാൻ സംസ്ഥാനം താത്‌പര്യം കാണിച്ചില്ല. മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയ 7,012 കോടി രൂപയുടെ ഗ്രാന്റിൽ 2,206 കോടിയാണ് സംസ്ഥാനസർക്കാർ പാഴാക്കിയത്. കേന്ദ്രം നൽകിയാൽ 15 ദിവസത്തിനകം കൈമാറേണ്ട തുക കൈമാറാതിരുന്നതിനാലാണിത്.
വന്യജീവി ആക്രമണം നേരിടാൻ മുപ്പതുകോടി രൂപയും ആദിവാസി സ്വാതന്ത്ര്യസമര മ്യൂസിയത്തിന് അനുവദിച്ച ഏഴുകോടിയുമെല്ലാം കേരളത്തിന് പ്രയോജനപ്പെടുത്താനായില്ല. കോടതികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രം അനുവദിച്ച 134.91 കോടിയാണ് കെടുകാര്യസ്ഥതമൂലം നഷ്ടമായ മറ്റൊന്ന്. ദേശീയപാതാവികസനവും സ്മാർട് സിറ്റി പൂർത്തീകരണവുമെല്ലാം പാതിവഴിയിൽ കിടക്കുന്നത് കേന്ദ്രപദ്ധതികളോടുള്ള നിഷേധാത്മക സമീപനം മൂലമാണ്. വികസനത്തിന് കേന്ദ്രം തടസം നിൽക്കുന്നെന്നാണ് സംസ്ഥാനമന്ത്രിമാർ പറയുന്നത്. വാസ്തവത്തിൽ 2016 മുതൽ 2021 വരെ വികസനപ്രവർത്തനങ്ങൾക്കെന്ന പേരിൽ കേരളസർക്കാരെടുത്ത കടത്തിന്റെ പകുതിതുക പോലും വിനിയോഗിച്ചിട്ടില്ലെന്ന് സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത്രയും കോടികൾ നഷ്ടപ്പെടുത്തിയവർ കേന്ദ്രം സഹായിക്കുന്നില്ലെന്നു പറഞ്ഞ് ജനത്തിന്റെ കണ്ണിൽപ്പൊടിയിടുന്നു.

കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി കുറച്ചതിനാൽ കേരളം പ്രതിസന്ധിയിലെന്നാണ് ഇപ്പോഴത്തെ വാദം. പതിനഞ്ചാം ധനകാര്യകമ്മിഷൻ റിപ്പോർട്ട് പ്രകാരം ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയുള്ള സംസ്ഥാനമാണ് കേരളം. മൂന്നേകാൽ ലക്ഷം കോടിയാണ് കേരളത്തിന്റെ പൊതുകടം. ആറുമാസത്തിനിടെ കേരളം ശമ്പളത്തിനും പെൻഷനുമായി ചെലവിട്ടത് 40,000 കോടിയാണ്. കഴിഞ്ഞ ഒരുവർഷം ആകെ ചെലവായത് 37,600 കോടിയാക്കിയിരിക്കെയാണ് ഇത്ര വലിയ വർദ്ധന. കൊവിഡ് പ്രതിസന്ധിയും യുദ്ധവും ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ, രാഷ്ട്രീയ താത്‌പര്യ സംരക്ഷണത്തിനായി കേരള സർക്കാർ നടപ്പാക്കിയ പ്രീണനനയങ്ങളാണ് ചെലവ് വർദ്ധിപ്പിച്ചത്. റിട്ടയർ ചെയ്യുന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെയെല്ലാം വൻശമ്പളത്തിൽ വീണ്ടും നിയമിച്ചും മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫിനെ മാറിമാറി നിയമിച്ച് അവർക്കെല്ലാം പെൻഷൻ കൊടുത്തും വരുംതലമുറയെ വലിയ കടക്കെണിയിലേക്ക് തള്ളിവിടുകയാണ് .


ഇന്ധനനികുതിയിൽ ഒരു രൂപപോലും കുറയ്ക്കില്ലെന്ന് വാശിപിടിക്കുന്ന കേരള സർക്കാർ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്. 2018-19ൽ സംസ്ഥാനസർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലസ്ഥാപനങ്ങൾ വരുത്തിയനഷ്ടം 1,222.06 കോടിയാണ്. കെ.എസ്.ആർ.ടി.സി, സിവിൽ സപ്ലൈസ് കോർപ്പറേഷൻ തുടങ്ങിയവയെല്ലാം കോടികൾ നഷ്ടം വരുത്തി. പൊതുമേഖലാ സ്ഥാപനങ്ങൾ നിലനിറുത്തണമെന്ന് പ്രസംഗിക്കാം. പക്ഷേ അവ നാടിന് ബാദ്ധ്യതയാക്കാതെ കൊണ്ടുനടക്കാനുള്ള ഇച്ഛാശക്തി വേണം.
മഹാമാരി തുടങ്ങിയതിന് ശേഷം കേരളത്തെ താങ്ങിനിറുത്തുന്നത് കേന്ദ്രഫണ്ടുകളാണ്. 2019-20ൽ 11,235 കോടിയാണ് ഗ്രാന്റായി അനുവദിച്ചതെങ്കിൽ 2020-21ൽ ഇത് 31,049 കോടിയാക്കി. പതിനഞ്ചാം ധനകാര്യകമ്മിഷൻ ശുപാർശകളെത്തുടർന്ന് കേരളത്തിന് അകമഴിഞ്ഞ സാമ്പത്തിക പിന്തുണയാണ് നരേന്ദ്രമോദി സർക്കാർ നൽകിവരുന്നത്.
പതിനഞ്ചാം ധനകാര്യകമ്മിഷൻ സാമ്പത്തികപ്രതിസന്ധി മറികടക്കാൻ 37, 814 കോടിയാണ് കേരളത്തിന് അനുവദിച്ചത്.
കടമെടുപ്പ് പരിധി കടന്നിട്ടും ഈ മാസം 5000 കോടി കടമെടുക്കാൻ കേരളത്തെ അനുവദിച്ചതും മറക്കരുത്. രാഷ്ട്രീയഭിന്നത രാജ്യപുരോഗതിക്ക് തടസമാവരുതെന്ന് നിർബന്ധമുള്ള നേതാവാണ് നരേന്ദ്രമോദി. സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ളവർക്ക് ആരോപണങ്ങളുന്നയിക്കാം. പക്ഷേ കണക്കുകളും വസ്തുതകളും ഇല്ലാതാക്കാൻ സാധിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 8TH ANNIVERSARY OF NDA GOVT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.