ഇഗ ഷ്വാംടെക്ക് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിലെത്തി
പാരീസ് : ആദ്യ സെമിഫൈനലിൽ പാട്ടും പാടി ജയിച്ച് പോളണ്ടിന്റെ യുവസുന്ദരി ഇഗ ഷ്വാംടെക്ക് ഇക്കുറി ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിലെത്തുന്ന ആദ്യ താരമായി. ഇന്നലെ നടന്ന ആദ്യ സെമിയിൽ റഷ്യക്കാരി ഡാരിയ കസാക്കിനയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഇഗ തന്റെ കരിയറിലെ രണ്ടാം ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ടിക്കറ്റെടുത്തത്. ഒരു മണിക്കൂർ നാലുമിനിട്ടുമാത്രം നീണ്ട മത്സരത്തിൽ 6-2,6-1 എന്ന സ്കോറിനാണ് ഇഗ വിജയം കണ്ടത്.
21കാരിയായ ഇഗയ്ക്ക് കിടപിടിക്കുന്ന എതിരാളിയേ ആയിരുന്നില്ല തന്റെ ആദ്യ ഗ്രാൻസ്ളാം സെമിഫൈനലിനിറങ്ങിയ കസാക്കിന.ആദ്യസെറ്റുമുതൽ കസാക്കിനയുടെ സർവുകൾ ഇഗ ബ്രേക്ക് ചെയ്തുതുടങ്ങിയിരുന്നു. രണ്ടാം സെറ്റിലും ഇഗയ്ക്ക് മുന്നിൽ റഷ്യൻ താരത്തിന് പിടിച്ചുനിൽക്കാനായില്ല.
മാർട്ടിന ട്രെവിസാനും കോക്കോ ഗോഫും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാവിനെയാണ് ഇഗ ഫൈനലിൽ നേരിടുക.
സെമിയിൽ തോറ്റ് ബൊപ്പണ്ണ സഖ്യം
ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിന്റെ സെമിഫൈനലിൽ ഹൃദയഭേദകമായ തോൽവി ഏറ്റുവാങ്ങി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - ഡച്ചുകാരനായ മാറ്റ്വേ മിഡിൽകൂപ്പ് സഖ്യം. 12-ാം സീഡായ ജീൻ ജൂലിയൻ റോജർ -മാഴ്സലോ അരെവാലോ സഖ്യമാണ് ടൈബ്രേക്കറിൽ ബൊപ്പണ്ണ സഖ്യത്തെ കീഴടക്കിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4, 3-6, 6-7 (8) എന്ന സ്കോറിനാണ് ജീൻ-മാഴ്സെലോ സഖ്യം വിജയിച്ചത്. മത്സരം രണ്ട് മണിക്കൂറും ഏഴുമിനിട്ടും നീണ്ടുനിന്നു. ഇതോടെ 40കാരനായ ജീൻ ജൂലിയൻ റോജർ ആധുനിക കാലത്ത് ഫ്രഞ്ച് ഓപ്പൺ ഡബിൾസ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായമേറിയ താരമായി.
മിക്സഡ് കിരീടം ഇന - വെസ്ലി സഖ്യത്തിന്
ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ജപ്പാന്റെ ഇന ഷിബഹാര - നോർവേയുടെ വെസ്ലി കൂളോഫ് സഖ്യം സ്വന്തമാക്കി. ഫൈനലിൽ ഉൾരികെ എയ്കേരി -യോറെൻ വിലേയ്ൻ സഖ്യത്തെ 7-6(5), 6-2 നാണ് ജാപ്പനീസ്- നോർവീജിയൻ സഖ്യം തകർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |