SignIn
Kerala Kaumudi Online
Friday, 26 April 2024 9.38 AM IST

365 ദിവസവും അരി സൗജന്യം, മരുന്നും; 'നസ്രത്തി'ലെ നല്ല ഇടയനായി ഷിബു

p

പാവങ്ങൾക്ക് ആശ്രയമായി 'എന്റെ കൊച്ചി' ചാരിറ്റബിൾ ട്രസ്റ്റ്

കൊച്ചി: '365 ദിവസവും അരിസൗജന്യം' എന്ന ബോർഡ് തൂക്കിയ കൊച്ചു കടമുറിയുണ്ട് കൊച്ചി നസ്രത്തിൽ. പാവങ്ങൾക്ക് അരി മാത്രമല്ല, അത്യാവശ്യ മരുന്നും ഇവിടെ സൗജന്യമായി ലഭിക്കും. നസ്രത്ത് സ്വദേശി ഷിബു പൊള്ളയിൽ നയിക്കുന്ന 'എന്റെ കൊച്ചി' എന്ന ജീവകാരുണ്യ പ്രസ്ഥാനമാണ് പിന്നിൽ.

പ്രവാസ ജീവിതം അവസാനിപ്പിച്ച് 2018ൽ തിരിച്ചെത്തിയ ഷിബു കൊവിഡ് കാലത്ത് പലർക്കും സഹായമേകി. കൂട്ടുകാരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ പദ്ധതി പ്രചരിപ്പിച്ചു. കേട്ടറിഞ്ഞ് അരിക്കും മരുന്നിനുമായി ഷിബുവിനെ സമീപിച്ചത് നൂറുകണക്കിനു പേർ. ഒരാളെയും വെറുംകൈയോടെ മടക്കിയില്ല. പിന്നെ മൂന്ന് സുഹൃത്തുക്കളെ കൂട്ടി 'എന്റെ കൊച്ചി' ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് സഹായം വിപുലമാക്കി. ട്രസ്റ്റിൽ ഇപ്പോൾ 168പേരുണ്ട്. കിട്ടുന്ന സഹായങ്ങൾക്ക് കൃത്യമായ കണക്കുമുണ്ട്. അനേകർക്ക് ആശ്രയമാണിന്ന് 'എന്റെ കൊച്ചി'.

സൗജന്യ അരിയും മരുന്നും
റേഷൻ വാങ്ങാത്തവരെയും വാങ്ങിയാലും ഉപയോഗിക്കാത്തവരെയുമാണ് ഷിബു ആദ്യം സമീപിച്ചത്. അവരിൽ നിന്ന് വെള്ളയരിയും മട്ടയരിയും ഗോതമ്പും യഥേഷ്ടമെത്തി. അരി രണ്ടു കിലോയുടെ കിറ്റാക്കി. ദിവസവും വൈകിട്ട് ആറ് മുതൽ എട്ടുവരെ നസ്രത്ത് സ്റ്റാച്യു ജംഗ്ഷനിലെ സ്ഥാപനത്തിൽ കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് അരി നൽകും. ഒരിക്കൽ വാങ്ങുന്നയാൾക്ക് അടുത്തയാഴ്ച വീണ്ടും വരാം. പത്തുപേരെങ്കിലും ദിവസവും ഇവിടെയെത്തും.

മെഡിക്കൽ റെപ്പായി വിരമിച്ച വക്കോ പ്രകാശൻ എന്ന ട്രസ്റ്റ് അംഗത്തിന്റെ നേതൃത്വത്തിലാണ് മരുന്നുവിതരണം. മെഡിക്കൽ റെപ്പുമാരുടെയും ഡോക്ടർമാരുടെയും സഹായത്തോടെയാണ് മരുന്ന് ശേഖരിക്കുക. മരുന്നിന് ഡോക്ടറുടെ കുറിപ്പ് നിർബന്ധം. ജൻഔഷധി മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങി നൽകാറുമുണ്ട്.


പരിശോധനകളും പാലിയറ്റീവ് പ്രവർത്തനവും

ട്രസ്റ്റിലുള്ള ആതുരസേവകർ മാസത്തിലെ ആദ്യ ഞായറാഴ്ച രക്തം, രക്തസമ്മർദം, പ്രമേഹം തുടങ്ങി സൗജന്യ പരിശോധനകൾ നടത്തും. മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും. പാലിയേറ്റീവ് പ്രവർത്തനങ്ങളിലും ട്രസ്റ്റ് സജീവമാണ്.

ഷിബുവാണ് മാനേജിംഗ് ട്രസ്റ്റി. സേവ്യർ പി.എ, ഷീബ ഷാലി, ആന്റണി ജോയ് എന്നിവ ട്രസ്റ്റികൾ.

സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടായ ഭാര്യ ലില്ലി സെബാസ്റ്റ്യനും മക്കളായ ബൂൺ മൗറിൻ, ബെൻ ജോസഫ് എന്നിവരും ബന്ധുക്കളും ഷിബുവിന് പിന്തുണയേകുന്നു.

ഒരുപാട് പേർക്ക് സഹായം നൽകണമെന്നുണ്ട്. നല്ല മനസുള്ള നിരവധി പേരുടെ തുണയാണ് മുന്നോട്ടു നയിക്കുന്നത്.
---ഷിബു പൊള്ളയിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENTEKOCHITRUST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.