SignIn
Kerala Kaumudi Online
Saturday, 01 October 2022 4.03 AM IST

ലഹരി റാഞ്ചരുത് ഈ കുരുന്നുകളെ

photo

പുതിയൊരു അദ്ധ്യയന വർഷത്തിന് തുടക്കമായി. കുഞ്ഞുങ്ങളെ വലവീശാൻ പതുങ്ങിയിരിക്കുന്ന ലഹരി മാഫിയയെ തുരത്താൻ ഓരോ വഴിയിലും ജാഗ്രതയുടെ കണ്ണുകൾ തുറന്നിരിക്കട്ടെ. ലഹരിക്ക് അടിപ്പെട്ട് അവരുടെ ബാല്യവും കൗമാരവും അടർന്നുപോകുന്നത് സമൂഹം തിരിച്ചറിയണം. ലഹരിക്കടത്തുകാരായും മയക്കുമരുന്നിന് അടിമകളായും കുട്ടികൾ രൂപാന്തരം പ്രാപിക്കുന്നത് നോക്കിനിൽക്കാനാവില്ല ഇനി. ലഹരി മാഫിയയെ പിടികൂടാനുള്ള പുത്തൻ തന്ത്രങ്ങളും നടപടികളുമായി ഉത്തരവാദിത്വപ്പെട്ടവർ വളരെ വേഗത്തിൽ രംഗത്തെത്തണം.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ 3920 വിദ്യാർത്ഥികൾ ലഹരി ചികിത്സാ കേന്ദ്രങ്ങളിലെത്തി എന്ന കണക്ക് ഞെട്ടിക്കുന്നു. 21 വയസു പോലും തികയാത്തവരാണ് ഭൂരിഭാഗവും. 40 ശതമാനം പേർ പ്രായപൂർത്തിയാകാത്തവരുമാണ്. മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തിലാണ് യുവതലമുറയെന്ന് വ്യക്തം. ഇവരെ നേരായ വഴിയിലേക്ക് നയിക്കുന്നതിനൊപ്പം ലഹരി മാഫിയയെ എന്നേക്കുമായി ഇല്ലാതാക്കാനും കഴിയണം. നിരവധി സംവിധാനങ്ങളുണ്ടെങ്കിലും ലഹരി മാഫിയ ഭയമില്ലാതെ വിഹരിക്കുകയാണ്. ഓരോ ദിവസവും പുതിയ വിദ്യാർത്ഥികൾ ലഹരിമാഫിയയുടെ വലയിൽ വീഴുന്നു.

എക്‌സൈസിന്റെ വിമുക്തി കേന്ദ്രങ്ങളിൽ കഴിഞ്ഞ 16 മാസത്തിനിടെ 3119 പേരാണ്ചികിത്സ തേടിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാർത്ഥികളിൽ നേരിയ ശതമാനം മാത്രമേ ചികിത്സാ കേന്ദ്രങ്ങളിലെത്തുന്നുള്ളൂ എന്നത് ഗൗരവമായി ചിന്തിക്കണം. വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗം രഹസ്യമായി ഇപ്പോഴും മയക്കുമരുന്ന് ഉപയോഗിക്കുന്നു.

മയക്കുമരുന്ന് കടത്താൻ കുട്ടികളെ ഉപയോഗിക്കുന്നതും കൂടിവരുന്നു. 2018 മുതൽ 2022 വരെ 852 കുട്ടികളാണ് ഇത്തരം കേസുകളിൽ പിടിയിലായത്. എം.ഡി.എം.എയും സ്‌റ്റാമ്പുമാണ് കുട്ടികളുടെയും ഇഷ്‌ട ലഹരി. വിദ്യാർത്ഥികൾ ഒൗൺലൈൻ വഴി ലഹരി ബുക്ക് ചെയ്യുന്നതാണ് പുതിയ ട്രെൻഡ്. പാഴ്‌സലായി സാധനമെത്തും. പിടിക്കപ്പെടാതിരിക്കാൻ വിലാസത്തിൽ പിശകുണ്ടാകും. ഏതെങ്കിലും വിധത്തിൽ കുടുങ്ങുമെന്നായാൽ ലഹരിവസ്തു ഉപേക്ഷിക്കും. കൗമാരക്കാർക്കായുള്ള ലഹരിക്കടത്തിന്റെ ന്യൂജെൻ മോഡലാണിത്. ഓൺലൈനിലൂടെ ഇടപാടുകൾ നടത്തുമ്പോൾ വിലാസത്തിലും ബന്ധപ്പെടാനുള്ള നമ്പരിലും ചെറിയ പിശകുകൾ വരുത്തുന്നതാണ് തന്ത്രം. വിലാസക്കാരനെ കണ്ടെത്താനാവാത്തതിനാൽ പാഴ്‌സൽ ഓഫീസിൽ അത് സൂക്ഷിക്കും. ഈ സമയത്ത് അവകാശി ഓഫീസിലെത്തും. പാഴ്‌സൽ ഓർഡർ ചെയ്‌തെന്നും കിട്ടിയില്ലെന്നും പറയും. പേര് പരിശോധിക്കുന്നതോടെ സാധനം ലഭിക്കും. നമ്പരിലും മേൽവിലാസത്തിലും തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞ് പണം നൽകി പാഴ്‌സലുമായി ഇടപാടുകാരൻ മുങ്ങും. ഈ തന്ത്രം കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയതോടെ കൊറിയറുകാർക്ക് പിടിവീണു. അവരെയും കേസിൽ പ്രതികളാക്കാൻ തുടങ്ങി. സംശയകരമായ കൊറിയർ എത്തിയാൽ അറിയിക്കണമെന്ന സംസ്ഥാന പൊലീസിന്റെയും കസ്റ്റംസിന്റെയും നിർദ്ദേശങ്ങൾ ഭാഗികമായി നടപ്പിലായതോടെ കഴിഞ്ഞ വർഷം പാഴ്‌സൽ സർവീസിലൂടെയുള്ള ലഹരിക്കടത്ത് കുറഞ്ഞു. എന്നാൽ, അടുത്തിടെ 'പാഴ്സൽ ലഹരി' വീണ്ടും സജീവമായിരിക്കുകയാണ്.

കൃത്രിമമായി നിർമ്മിക്കുന്ന (സിന്തറ്റിക്) ലഹരി വസ്തുക്കളാണ് കൗമാരക്കാർക്കിടയിലെ താരം. ഇതിൽ മുൻനിരയിലാണ് മെത്തഫിറ്റമിൻ (മെത്തലിൽ ഡയോക്‌സി മെത്തഫിറ്റമിൻ). ക്രിസ്റ്റൽ രൂപത്തിൽ വെളുത്ത പൊടിയായും കുത്തിവയ്ക്കാവുന്ന വിധത്തിലും ലഭ്യം. ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നിർമ്മിക്കുന്നുവെന്ന വിവരം മാത്രമാണ് ഇതുവരെ അന്വേഷണ ഏജൻസികൾക്കുള്ളത്. ഇന്ത്യയിൽനിന്ന് വിദേശരാജ്യങ്ങളിലേക്കും കടത്തുന്നു. കൊക്കൈയ്ൻ സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽനിന്ന് ഗൾഫു നാടുകളിലൂടെയാണ് ഇന്ത്യയിലേക്ക് കടത്തുന്നത്. പ്രകൃതിദത്ത ലഹരി, സെമി സിന്തറ്റിക്, സിന്തറ്റിക് എന്നീ മൂന്നു വിധിത്തിലാണ് ലഹരിയെ തരംതിരിച്ചിരിക്കുന്നത്. സിന്തറ്റിക് ഏറ്റവും മാരകവും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതുമാണ്. സിന്തറ്റിക് ലഹരികൾ കൂടുതലായി കടത്തുന്നത് പാഴ്‌സൽ സർവീസുകളിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലഹരി മരുന്ന് വാങ്ങാൻ പണം തികയാതെ വരുമ്പോഴാണ് പലരും ലഹരിക്കടത്തിലേക്ക് നീങ്ങുന്നത്. ചെറിയ ഇടപാടുകൾക്ക് പോലും കൈനിറയെ പണം നൽകും. ആഴ്ചയിൽ നല്ലൊരു തുക ലഭിച്ചു തുടങ്ങുന്നതോടെ ലഹരി മാഫിയയുടെ പിടുത്തത്തിൽ നിന്ന് മോചനമുണ്ടാകില്ല. ലഹരിമരുന്ന് ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ അദ്ധ്യാപകർക്ക് ഒരു പരിധി വരെ കണ്ടെത്താനാകും. കുട്ടികളെ സ്ഥിരമായി നീരീക്ഷിക്കുന്നതോടെ പലരെയും തിരിച്ചറിയാൻ കഴിയും. ചിലർ കൗൺസിലിംഗിലൂടെ നല്ലവരാകും. എന്നാൽ, മറ്റുചിലർ ഒരിക്കലും മോചിതരാകാത്ത അവസ്ഥയിലായിരിക്കും. കുടുംബബന്ധങ്ങളിലെ ശിഥിലീകരണം കുട്ടികൾ ഒറ്റപ്പെടുന്നതിനും ലഹരി തേടിയുള്ള യാത്രകൾക്കും ഇടയാക്കുന്നുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവാവിനൊപ്പം നാടുവിട്ട പ്ളസ്‌ടു വിദ്യാർത്ഥിനി വിവാഹിതയായത്. അടുത്ത ദിവസം ഈ ദമ്പതികളെ ലഹരിമരുന്നുമായി കായംകുളത്ത് വച്ച് പൊലീസ് പിടികൂടി. ഇവരും വിദ്യാർത്ഥികൾക്കാണ് ലഹരി എത്തിച്ചിരുന്നത്. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്‌നങ്ങൾ കാരണം കുട്ടികൾ ഒറ്റപ്പെടുന്നത് സ്വാഭാവികമാണ്. അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടാനോ പരിഹരിക്കാനോ ശ്രമിക്കാതെ മാതാപിതാക്കൾ പരസ്പരം പോരാടാൻ സമയം ചെലവഴിക്കുമ്പോൾ കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദങ്ങളിൽ അടിപ്പെടും. ഇത്തരത്തിൽ സ്വന്തം ലോകത്ത് ഒറ്റപ്പെട്ടുപോയ കുട്ടികൾ ലഹരിക്ക് അടിമപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്.

ലഹരിക്കെതിരെ ഫലപ്രദമായ ഇടപെടലുകൾ സ്‌കൂളുകളിൽ നിന്ന് ആരംഭിക്കണം. സ്‌കൂൾ ജാഗ്രതാ സമിതികൾ, ലഹരി വിരുദ്ധ ക്‌ളബുകൾ എന്നിവ കൂടുതൽ ഫലപ്രദമായി ഇടപെടണം. ചില സ്‌കൂളുകളിൽ സംഭവങ്ങൾ പിടിക്കപ്പെട്ടാലും പേരുദോഷമെന്ന് കരുതി നിയമപാലകരെ അറിയിക്കില്ല. ഈ പ്രവണത ഒഴിവാക്കണം. ലഹരിയുടെ വേരുകൾ പൂർണമായും അറുത്തുമാറ്റിയില്ലെങ്കിൽ അത് കൂടുതൽ കുട്ടികളിലേക്ക് പടർന്നു കയറുമെന്ന കാര്യം മറക്കരുത്. ലഹരിമാഫിയ മരുന്ന് കടത്തിനായി പലവിധ മാർഗങ്ങളാണ് പയറ്റുന്നത്. അതിനാൽ, അവയെ നിയന്ത്രിക്കാനും പിടികൂടാനും അന്വേഷണ ഏജൻസികളും പുതിയ രീതികൾ അവലംബിക്കേണ്ടതുണ്ട്.
ലഹരിമരുന്ന് പിടികൂടിയാൽ ശക്തമായ കുറ്റങ്ങൾ ചുമത്താൻ നിയമമുണ്ടെങ്കിലും അന്വേഷണങ്ങൾ കൃത്യമായ ഉറവിടങ്ങളിലേക്ക് എത്തുന്നില്ലെന്നതാണ് വാസ്തവം. കാരിയർമാരായിരിക്കും പ്രധാനമായി പിടിയിലാകുന്നത്. ഉറവിടം തേടിയുള്ള അന്വേഷണം പാതിവഴിയിൽ നിലയ്ക്കുന്നതാണ് സമീപകാല കാഴ്ച. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും എത്തിയുള്ള അന്വേഷണങ്ങൾക്ക് ചില പരിമിതികളുണ്ട്. അതിനെ തരണം ചെയ്താൽ മാത്രമേ കേരളത്തിലേക്കുള്ള ലഹരി മരുന്നുകളുടെ ഒഴുക്ക് നിലയ്ക്കൂ. വിവിധ ഏജൻസികളുടെ സംയുക്ത ഓപ്പറേഷനുകളാണ് ഫലപ്രദമായ മാർഗം. നേരത്തെ സ്വർണക്കടത്ത് പിടികൂടാനുള്ള ഏജൻസികളുടെ സംയുക്ത ഓപ്പറേഷൻ വിജയം കണ്ടിരുന്നു. പൊലീസ്, എക്‌സൈസ്, കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, നർക്കോട്ടിക് സെൽ എന്നിവർ സംയുക്തമായി അന്വേഷണ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം കേസുകളിൽ കോ - ഓർഡിനേഷന്റെ അഭാവമാണ് മുഖ്യപ്രതികളെ പിടികൂടാനാകാത്തതിന് കാരണം. അവർ പുതിയ കാരിയർമാരെ കണ്ടെത്തി മയക്കുമരുന്ന് വിപണനം തുടർന്നു കൊണ്ടേയിരിക്കും. യഥാർത്ഥത്തിൽ മയക്കുമരുന്ന് അന്വേഷണ രീതികളിൽ മാറ്റം അനിവാര്യമാണ്. എങ്കിലെ ചിലന്തിവല പോലെ പടരുന്ന ലഹരി മാഫിയയെ അമർച്ച ചെയ്യാനാകൂ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DRUG MAFIA TARGETING CHILDREN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.