SignIn
Kerala Kaumudi Online
Friday, 26 April 2024 8.08 PM IST

തോക്കിനായി പെടാപ്പാട്...!

photo

ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഉത്തരവിടാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സർക്കാർ അനുമതി നൽകിയതോടെ, ഗ്രാമ നഗര വ്യത്യാസമില്ലാതെ തോക്കിന് ലൈസൻസ് തേടിയുള്ള പരക്കംപാച്ചിലിലാണ് ജനം. ഏതുവിധേനയും തോക്കും ലൈസൻസും സ്വന്തമാക്കാനുള്ള അന്വേഷണങ്ങളാണ് കളക്ടറേറ്റുകളിൽ. എന്നാൽ ക്രിമിനൽ പശ്ചാത്തല പരിശോധനയടക്കം നിരവധി കടമ്പകൾ കടന്നാലേ തോക്ക് ലൈസൻസെടുക്കാനാവൂ എന്നതാണ് വസ്തുത. നിയമസഭയിലെ രേഖകൾ പ്രകാരം സ്വയരക്ഷയ്ക്കും കൃഷിസംരക്ഷണത്തിനുമായി കേരളത്തിൽ 8191തോക്ക് ലൈസൻസുണ്ട്. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് കേരളത്തിലെ തോക്ക് ലൈസൻസുകൾ 9,459 ആണ്. പുതിയ സാഹചര്യത്തിൽ തോക്ക് സ്വന്തമാക്കുന്നവരുടെ എണ്ണം ഉയരുമെന്നാണ് സൂചന.

തോക്ക് ലൈസൻസെടുക്കാൻ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ തോക്കിന്റെ ആവശ്യത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി, ആർ.ഡി.ഒ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവർ അന്വേഷിച്ച ശേഷമേ ലൈസൻസ് ലഭിക്കൂ. ക്രിമിനൽ പശ്ചാത്തലം, മൃഗങ്ങളെ വേട്ടയാടുന്ന പശ്ചാത്തലമുണ്ടോ എന്നിവയും പരിശോധിക്കും. മാനസികാരോഗ്യമുള്ളവരാണെന്ന റിപ്പോർട്ട് വേണം. തോക്ക് ഉപയോഗിക്കാനറിയുമെന്ന് തെളിയിക്കണം. വീട്ടിൽ തോക്ക് സൂക്ഷിക്കാൻ ലോക്കർപോലെ സുരക്ഷിതസംവിധാനം വേണം.

പലതട്ടുകളിലെ അന്വേഷണത്തിന് മാസങ്ങളെടുക്കും. അർഹതയുണ്ടെന്ന് കണ്ടാൽ രണ്ടുമാസത്തിനകം ലൈസൻസ് കിട്ടും.ലൈസൻസ് പുതുക്കാനും കളക്ടറുടെ വിചാരണ നേരിടണം. തോക്കുള്ളവരിലേറെയും ജീവന് ഭീഷണിയുള്ളവർ, വൻ സമ്പത്തുള്ളവർ, പ്രമുഖ വ്യവസായികൾ, ഉന്നതഉദ്യോഗസ്ഥർ, വിരമിച്ചവർ, സ്പോർട്സ് താരങ്ങൾ എന്നിവരാണ്. ജില്ലകളിൽ ഇരുനൂറിലേറെ അപേക്ഷകൾ മാസംതോറും കിട്ടുന്നുണ്ടെങ്കിലും ഭൂരിഭാഗവും തള്ളുകയാണ് പതിവ്. ലൈസൻസ് കിട്ടിയാൽ അംഗീകൃത വില്‌പനശാലയിൽനിന്ന് തോക്കുവാങ്ങി തിരകൾ സഹിതം പൊലീസിൽ ഹാജരാക്കി രജിസ്റ്റർ ചെയ്യണം.

ജയിൽശിക്ഷ അനുഭവിച്ചവർ, ക്രിമിനൽകേസിൽ പെട്ടവർ, സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചവർ, മാനസികവൈകല്യമുള്ളവർ, പൊലീസ് സംരക്ഷണം കിട്ടുന്നവർ എന്നിവർക്ക് ലൈസൻസിന് അപേക്ഷിക്കാനാവില്ല. തോക്ക് സ്വയരക്ഷയ്ക്കേ ഉപയോഗിക്കാനാവൂ. ആർക്കും ജീവഹാനി വരുത്താൻ പാടില്ല. ആത്മരക്ഷാർത്ഥം കാൽമുട്ടിന് താഴെയേ വെടിവയ്ക്കാവൂ. ലംഘിച്ചാൽ ക്രിമിനൽകുറ്റമാണ്. അഞ്ചുവർഷം വരെയാണ് ലൈസൻസ് കാലാവധി. 500രൂപയാണ് വാർഷികഫീസ്. റിവോൾവ‌ർ, പിസ്റ്റൾ, ഡബിൾബാരൽ എന്നിവ വാങ്ങാം. തോക്കിന്റെ മോഡൽ, വലിപ്പം, സീരിയൽനമ്പർ, ബുള്ളറ്റ് തുടങ്ങിയ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. പ്രതിവ‌ർഷം 200ബുള്ളറ്റുകളേ അനുവദിക്കൂ. ഒരുസമയം കൈവശം വയ്ക്കാവുന്നത് നൂറെണ്ണം മാത്രം. അനധികൃത തോക്കുപയോഗത്തിന് രണ്ടു മുതൽ പത്ത് വർഷം വരെ തടവുശിക്ഷ കിട്ടാം.

തോക്ക് ഉപയോഗിക്കാൻ ഇനിമുതൽ പൊലീസ് ജനങ്ങൾക്ക് പരിശീലനം നൽകും. തോക്ക് ലൈസൻസ് ലഭിക്കാൻ അപേക്ഷിക്കാൻ നൽകേണ്ട സർട്ടിഫിക്ക​റ്റിനായാണ് പൊലീസ് വെടിവയ്പ് പരിശീലനം നൽകുക. കേന്ദ്ര നിർദേശപ്രകാരമാണ് സംസ്ഥാന പൊലീസിനെ പരിശീലനത്തിനായി സർക്കാർ ചുമതലപ്പെടുത്തിയത്. പരിശീലനം നൽകാനുള്ള ഫീസും സിലബസും നിശ്ചയിച്ച്‌ പൊലീസ്‌ മേധാവി ഉത്തരവിറക്കി. ലൈസൻസിനായുള്ള പരിശീലനം സംബന്ധിച്ച്‌ കേന്ദ്രം പ്രത്യേക മാനദണ്ഡം പുറത്തിറക്കുന്നതു വരെയാവും പൊലീസ് പരിശീലനം നൽകുക. എട്ട് സായുധ ബ​റ്റാലിയനുകളിലാണ് പരിശീലനം നൽകുന്നത്. 13ദിവസമാണ് പരിശീലന കാലയളവ്. 1000 മുതൽ 5000 രൂപവരെയാണ് ഓരോ ദിവസത്തെയും ഫീസ്. ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ മാസങ്ങളിലെ രണ്ടാം വാരത്തിലാവും പരിശീലനം. ആയുധം സൂക്ഷിക്കാനുള്ള അടിസ്ഥാന വിവരം പഠിക്കാൻ ആയിരം രൂപയാണ് ഫീസ്. തോക്ക് സുരക്ഷിതമായി വിവിധയിടങ്ങളിൽ കൊണ്ടുപോകുന്നത് പഠിക്കാൻ ആയിരം രൂപ പുറമേ നൽണം. വെടിവച്ച് പഠിക്കാൻ ഒരു ദിവസത്തേക്ക് 5000 രൂപയാണ് ഫീസ്. ആയുധങ്ങൾ വൃത്തിയാക്കുന്നത് എങ്ങനെയെന്ന് പഠിക്കണമെങ്കിൽ ആയിരം രൂപ നൽകണം. പതിമ്മൂന്നാം ദിനത്തിൽ സിലബസ് അടിസ്ഥാനമാക്കിയുള്ള എഴുത്തു പരീക്ഷയുമുണ്ട്. പരിശീലന കോഴ്സ് വിജയിക്കുന്നവർക്ക്‌ ഫോം എസ് ഒന്ന് പ്രകാരമുള്ള സർട്ടിഫിക്ക​റ്റ് നൽകും. കുടുംബവക തോക്കുള്ളവർക്കും മറ്റും തോക്കിന്റെ ലൈസൻസ് കൈമാ​റ്റം ചെയ്തു കിട്ടുമെങ്കിലും അത് സൂക്ഷിക്കുന്നതിന് പ്രത്യേകം ലൈസൻസ് നേടേണ്ടതുണ്ട്. കു​റ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെങ്കിൽ പരിശീലനം നൽകില്ല. ആയുധം കൈവശം വയ്‌ക്കാനുള്ള കാരണമെന്താണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.

ലൈസൻസ് ആവശ്യമില്ലെന്നതിനാൽ എയർ പിസ്​റ്റളും എയർ റൈഫിളുകളും വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 10 മീ​റ്റർ മുതൽ 750 മീ​റ്റർ വരെ ദൂരപരിധിയുള്ള മോഡലുകൾ വിപണിയിലുണ്ട്. 50,000 രൂപ വരെ വിലവരുന്ന റൈഫിളുകൾ ലഭ്യമാണ്. മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന എയർ ഗണ്ണുകൾക്ക് അഞ്ച് ലക്ഷം രൂപ വരെ വിലയുണ്ട്. എയർ ഗണ്ണുകൾക്കാണ് ആവശ്യക്കാരേറെ. അതേസമയം, ലൈസൻസ് വേണ്ടെന്നു കരുതി തോന്നിയപടി എയർഗൺ ഉപയോഗിക്കാൻ കഴിയില്ല. പക്ഷികളെയും മൃഗങ്ങളെയും എയർഗൺ ഉപയോഗിച്ചു വെടിവയ്ക്കുന്നതു കു​റ്റകരമാണ്. വനമേഖലകളിൽ എയർഗൺ കൊണ്ടുപോകുന്നതും കു​റ്റകരമാണ്.

കള്ളത്തോക്കുകൾ

വ്യാപകമായി

തോക്കുവാങ്ങാൻ ലക്ഷങ്ങൾ ചെലവിടണമെങ്കിലും 35,000 മുതൽ 60,000 വരെ മുടക്കിയാൽ ഇന്റർനെറ്റിലെ അധോലോകമായ ഡാർക്ക് വെബിലൂടെ കള്ളത്തോക്കുകൾ വാങ്ങാം. ലൈസൻസില്ലാതെ കൈവശം വയ്ക്കാനും തോന്നിയതുപോലെ ഉപയോഗിക്കാനും പണം നൽകി തോക്കുകച്ചവടം വ്യാപകമാണ് ഡാർക്ക്നെറ്റിൽ. സുരക്ഷാ ഏജൻസികൾ പോലും ലൈസൻസില്ലാത്ത തോക്കുകൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ഗ്രാപ്‌നെൽ (Grapnel 1.0) സോഫ്‌റ്റ്‌വെയറുപയോഗിച്ച് പൊലീസ് പ്രത്യേകദൗത്യം തുടങ്ങിയിട്ടുണ്ട്. യു.പി, ഡൽഹി, ബീഹാർ എന്നിവിടങ്ങളിലാണ് ഓൺലൈനിലൂടെയും നേരിട്ടുമുള്ള അനധികൃത തോക്കുവില്‌പനയേറെയും. ഫേസ്ബുക്കിലൂടെയും തോക്കുകച്ചവടമുണ്ട്. ഉത്തരേന്ത്യയിൽ പ്രചാരമുള്ള നാടൻ തോക്കായ ദേശിഘട്ട മുതൽ 9 എംഎം റിവോൾവർ വരെ സമൂഹമാദ്ധ്യമങ്ങളിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ബീഹാറിലെ മുംഗാർ, രാജസ്ഥാനിലെ അൽവാർ, യു.പിയിലെ മൊറാദാബാദ്, മീറ​റ്റ് എന്നിവിടങ്ങളിലാണ് വ്യാജതോക്ക് വിൽപ്പനക്കാരേറെയും. ബീഹാറിലെ മുംഗറിൽ ഏതുതരം തോക്കും കിട്ടും. മോഡലിന് അനുസരിച്ചാണ് വില. നേരിട്ടെത്തി വാങ്ങാം. പണം മുൻകൂറായി നൽകിയാൽ വിലാസത്തിൽ എത്തിക്കും. ആഭ്യന്തര സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുന്ന ഇത്തരം സംഘങ്ങളെ നിയന്ത്റിക്കാൻ യാതൊരു നടപടിയുമില്ല.


തലസ്ഥാനത്തും

കള്ളത്തോക്ക്

തിരുവനന്തപുരം വെമ്പായത്ത് ആശാരിപ്പണിയുടെ മറവിൽ നാടൻ തോക്ക് നിർമ്മാണം നടത്തിയത് അടുത്തിടെയാണ്. സംഭവത്തെക്കുറിച്ച് സംസ്ഥാന പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അന്വേഷിക്കുകയാണിപ്പോൾ. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ ബാലൻപിള്ള നഗറിൽ എ.എസ്. മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63) എന്നിവരാണ് തോക്ക് നിർമ്മാണത്തിന് അറസ്റ്റിലായത്. നാല് നാടൻ തോക്കിന്റെ ഭാഗങ്ങളും വെടിയുണ്ടകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നാലു തോക്കിന്റെ ഭാഗങ്ങളുണ്ടായിരുന്നതിനാൽ വിൽപനയാണ് ലക്ഷ്യമെന്നാണ് പൊലീസിന്റെ നിഗമനം. ആദ്യത്തെ തവണയാണ് തോക്ക് ഉണ്ടാക്കുന്നതെന്നും വെറുതേ പരീക്ഷിച്ചതാണെന്നുമാണ് പ്രതികളുടെ മൊഴി. തോക്കിന്റെ ഭാഗങ്ങൾ തിരുവനന്തപുരത്തെ കടയിൽനിന്നു വാങ്ങിയതാണെന്നും വെടിയുണ്ടകൾ പാങ്ങപ്പാറയുള്ള ചെല്ലയ്യൻ എന്ന വ്യക്തി നൽകിയെന്നുമാണ് മൊഴി. പൊലീസിന്റെ ആർമറി വിഭാഗം വെടിയുണ്ടകൾ പരിശോധിച്ചു. എവിടെനിന്നു കിട്ടിയെന്ന് കണ്ടെത്താനാണ് ശ്രമം.

അരശുംമൂട്ടിലെ അസിമിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിലാണ് തോക്ക് നിർമ്മാണം കണ്ടെത്തിയത്. അസിം ആശാരിയും സുരേന്ദ്രൻ ടാപ്പിംഗ് തൊഴിലാളിയുമാണ്. 9എം.എം പിസ്റ്റൽ, പഴയ റിവോൾവർ, 7.62 എം.എം.എസ്.എൽ.ആർ പോലുള്ള തോക്കുകളിൽ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള സാധനങ്ങളും പിടികൂടിയിട്ടുണ്ട്. ഇവർ കൂടുതൽ തോക്കുകൾ നിർമ്മിച്ചിട്ടുണ്ടോ, ആർക്കൊക്കെയാണ് നൽകിയത് എന്നിവയെക്കുറിച്ചാണ് എ.ടി.എസ് അന്വേഷിക്കുന്നത്. തോക്കുനിർമ്മാണത്തിന് ഭീകരബന്ധമുണ്ടോയെന്നാണ് കേന്ദ്രഏജൻസികൾ അന്വേഷിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GUN LICENSE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.