ടോക്കിയോ: ജപ്പാൻ കമ്പനിയായ സോണിയുടെ മുൻ സി.ഇ.ഒ നോബുയുകി ഇഡെയ് ( 84 ) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കമ്പനിയുടെ ഓഡിയോ, വീഡിയോ വിഭാഗങ്ങളിലും രാജ്യാന്തര ഓഫീസുകളിലും പ്രവർത്തിച്ചു. 1972ൽ ടോക്കിയോയിൽ മടങ്ങിയെത്തിയ അദ്ദേഹം 1995ൽ സോണിയുടെ പ്രസിഡന്റും 1999ൽ സി.ഇ.ഒയുമായി. ഡിജിറ്റൽ ലോകത്തെ സോണിയുടെ ആഗോള വളർച്ചയിൽ പ്രധാന പങ്കുവഹിച്ചയാളാണ് ഇഡെയ് . വോക്ക്മാൻ, വയോ ലാപ്ടോപ് എന്നിവയിലൂടെ സോണി തരംഗം സൃഷ്ടിച്ചത് ഇഡെയുടെ കാലത്താണ്. എന്നാൽ, എം.പി ത്രീ രംഗത്ത് ആപ്പിളിനെ കടത്തിവെട്ടാനായില്ല. 1937 നവംബർ 22ന് ടോക്കിയോയിൽ ജനിച്ച ഇഡെയ് വസെഡ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം 1960ലാണ് സോണിയിൽ ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |