സി.ബി.ഐ അന്വേഷണം തുടങ്ങുന്നത് എട്ടു വർഷത്തിനു ശേഷം
ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡിൽ കൈതവനയ്ക്കു സമീപം കൃപാഭവൻ ലഹരി വിമോചന കേന്ദ്രത്തിലെ വ്യക്തിത്വ വികസന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ, ആലപ്പുഴ കൈതവന ഏഴരപ്പറമ്പിൽ ബെന്നിയുടെ മകൾ ശ്രേയയെ (12) സ്ഥാപന വളപ്പിലെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ നേരറിയാൻ എട്ടു വർഷത്തിനു ശേഷം സി.ബി.ഐ രംഗത്ത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഇന്നലെ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ എത്തി ബെന്നിയിൽ നിന്ന് മൊഴിയെടുത്തു.
ആലപ്പുഴ സെന്റ് ആന്റണീസ് ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ശ്രേയയെ 2010 ഒക്‌ടോബർ 17ന് പുലർച്ചെയാണ് കൃപാഭവനിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ഥാപനത്തിന് പിൻഭാഗത്തായാണ് ശ്രേയയുടെ വീട്. ഇവിടത്തെ കോട്ടേജിൽ താമസിച്ചായിരുന്നു പഠനം. 2016 ജനുവരിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്തിമ റിപ്പോർട്ട് റദ്ദാക്കിയ ശേഷമാണ് കഴിഞ്ഞ മാസം ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് തുടക്കം കുറിച്ചു.
കോട്ടേജിൽ മറ്റു കുട്ടികൾക്കും കന്യാസ്ത്രീക്കുമൊപ്പം ഉറങ്ങാൻ കിടന്ന ശ്രേയ 80 മീറ്റർ അകലെയുള്ള കുളത്തിനടുത്ത് രാത്രിയിൽ എങ്ങനെയെത്തിയെന്ന് അന്വേഷണം നടത്തിയ പൊലീസിനും ക്രൈംബ്രാഞ്ചിനും കണ്ടെത്താനായിട്ടില്ല.
2010ൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് 2011 ജൂലൈയിൽ സർക്കാർ സി.ബി.ഐയ്ക്ക് വിട്ടിരുന്നു. എന്നാൽ, ജോലിഭാരം പറഞ്ഞ് സി.ബി.ഐ കേസ് ഏറ്റെടുത്തില്ല. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കളർകോട് സ്വദേശി വേണുഗോപാലൻനായരാണ് ഹൈക്കോടതിയെ സമീപിച്ചത്.
അവശേഷിക്കുന്ന ദുരൂഹത
കൃപാഭവൻ ലഹരി വിമോചന കേന്ദ്രത്തിൽ വ്യക്തിത്വ വികസന ക്യാമ്പ് തുടങ്ങിയത് 2010 ഒക്ടോബർ 15നാണ്. ക്യാമ്പ് തുടങ്ങി മൂന്നാം നാളിലാണ് ശ്രേയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്യാമ്പിന്റെ ചുമതലയുള്ള വൈദികന്റെയും കന്യാസ്ത്രീയുടെയും അശ്രദ്ധ മൂലമുള്ള മരണം എന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. കുട്ടി തനിയെ മുറിയിൽ നിന്ന് ഇറങ്ങി കുളത്തിനടുത്ത് എത്തിയെങ്കിൽ അത് എന്തിനാണെന്ന് വ്യക്തമായില്ല.
...........................................
''മകളുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ സി.ബി.ഐ രംഗത്തെത്തിയതിനെ സ്വാഗതം ചെയ്യുന്നു. മരണം സ്വാഭാവികമല്ല. ദുരുഹതയുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. യഥാർത്ഥ പ്രതിയെ പുറത്ത് കൊണ്ടുവരണം''
(ബെന്നി, ശ്രേയയുടെ അച്ഛൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |