SignIn
Kerala Kaumudi Online
Saturday, 27 April 2024 9.13 AM IST

ആരെയും കൂസാത്ത ധീരൻ, തൊപ്പി തെറിപ്പിച്ചത് വഴിവിട്ട ചങ്ങാത്തം

ajith
എം.ആർ അജിത്കുമാർ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയൻ നാവികരെ, നടുക്കടലിൽ നങ്കൂരമിട്ട കപ്പലിലെത്തി തൂക്കിയെടുത്ത് ജയിലിലടച്ച എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്, മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴി പിൻവലിപ്പിക്കാൻ ശ്രമിച്ച ഇടനിലക്കാരനുമായി ചങ്ങാത്തമുണ്ടാക്കിയതാണ് പുകിലായത്. ഇടനിലക്കാരൻ ഷാജ് കിരണുമായി ദിവസം 30തവണ വരെ അജിത് വിളിച്ചതായി ഇന്റലിജൻസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതോടെ അജിത്കുമാറിന്റെ വിജിലൻസ് മേധാവിയുടെ തൊപ്പി തെറിച്ചു. അജിത്തിനെ ബലിയാടാക്കി രാഷ്ട്രീയ, പൊലീസ് ഉന്നതർ രക്ഷപ്പെടുകയാണെന്നും അതല്ല പൊലീസ് ഉന്നതർ പോലുമറിയാതെ അജിത് സ്വന്തം നിലയിൽ നടത്തിയ നീക്കങ്ങൾ പാളിയതാണ് നടപടിക്ക് ഇടയാക്കിയതെന്നും രണ്ട് അഭിപ്രായമുണ്ട്. ഗതാഗതകമ്മിഷണറായിരിക്കെ, ഏപ്രിൽ22ന് വിജിലൻസ് മേധാവിയായ അജിത്കുമാറിന് രണ്ടുമാസം തികയ്ക്കാനായില്ല.

സ്വപ്നയുടെ കൂട്ടാളി സരിത്തിനെ ആരോ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പാലക്കാട്ടെ പൊലീസ് നാടെങ്ങും അന്വേഷിക്കുന്നതിനിടെയാണ് കൊണ്ടുപോയത് വിജിലൻസാണെന്ന് ഷാജ് കിരൺ സ്ഥിരീകരിച്ചത്. പൊലീസിനു പോലും കിട്ടാത്ത ഈ വിവരം വിജിലൻസ് മേധാവിയാണ് കൈമാറിയതെന്നാണ് ഷാജ്കിരണിന്റെ അവകാശവാദം. ഷാജ് പറഞ്ഞ സമയത്തിനകം സരിത്തിനെ വിടുകയും ചെയ്തു. സരിത്തിന്റെ ഫോൺ പിടിച്ചെടുക്കുകയായിരുന്നു വിജിലൻസിന്റെ ലക്ഷ്യം. ഈ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ സ്വന്തം നിലയിൽ കണ്ടെത്താൻ അജിത്ത് ശ്രമിച്ചോയെന്ന് ഇന്റലിജൻസ് മേധാവി അന്വേഷിക്കുന്നുണ്ട്. സരിത്തിനെ ആരുമറിയാതെ റാഞ്ചിയതും വലിയതുക വാങ്ങി മൊഴി പിൻവലിപ്പിക്കാൻ സ്വപ്നയെ നിർബന്ധിച്ച ഇടനിലക്കാരനുമായി നിരന്തരബന്ധം പുലർത്തിയതും

ഉന്നതഉദ്യോഗസ്ഥന് ചേരാത്തതാണെന്ന് ഡി.ജി.പി മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചതിന് പിന്നാലെയാണ് അജിത് തെറിച്ചത്. പകരം നിയമനം നൽകിയിട്ടുമില്ല. യു.ഡി.എഫ് കാലത്ത് സുപ്രധാന കസേരകളിലായിരുന്ന അജിത്ത്, സോളാർ വിവാദനായികയുടെ ആരോപണത്തിൽ കുരുങ്ങിയിരുന്നു.

അജിത്തിന്റെ സാഹസങ്ങൾ

കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ, 2012ഫെബ്രുവരിയിലെ കടൽക്കൊലക്കേസിൽ ഇറ്റാലിയൻ നാവികരെ തുറങ്കലിലടച്ച് അജിത്കുമാർ ലോകശ്രദ്ധ നേടി. എൻ‌റിക്ക ലെക്സി കപ്പൽ തടഞ്ഞിടാനും പ്രതികളായ മാസിമിലിയോനോ ലത്തോറെ, സാൽവത്തോറെ ജിറോൺ എന്നീ നാവികരെയും വെടിവച്ച തോക്കും അജിത്ത് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കു ജാമ്യം ലഭിക്കാതിരിക്കാൻ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. രാജ്യാന്തര ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ‍ നഷ്ടപരിഹാരമായി ഇറ്റലി 10കോടി രൂപ കോടതിയിൽ കെട്ടിവച്ചതോടെയാണു സുപ്രീംകോടതി കേസ് അവസാനിപ്പിച്ചത്.

കൊല്ലം എസ്.പിയായിരിക്കെ പിടികിട്ടാപ്പുള്ളികളെയെല്ലാം അറസ്റ്റ് ചെയ്ത് റെക്കാർഡിട്ടു. രാഷ്ട്രീയക്കാർക്കെതിരെയും മുഖംനോക്കാതെ നടപടിയെടുത്തു. കൊല്ലം ഹൈസ്‌കൂൾ ജങ്ഷനിൽ സിഗ്നൽ നൽകാതെ റോഡിൽ കുടുക്കി ആക്ഷേപിച്ചെന്ന് അജിത്തിനെതിരെ ജില്ലാ കളക്ടർ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. കളക്ടറാണ് കു​റ്റക്കാരനെന്നായിരുന്നു എസ്.പി.യുടെ റിപ്പോർട്ട്. തിരുവനന്തപുരം കമ്മിഷണർ, തൃശൂർ റേഞ്ച് ഐ.ജി, ഉത്തരമേഖലാ ഐ.ജി എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AJITHKUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.