കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി വിജയിച്ചതിനു പിന്നാലെ എതിരാളികൾക്കെതിരെ വൻ കരുനീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി. ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്തയാളായി വിലയിരുത്തപ്പെടുന്ന കൊൽക്കത്ത സിറ്റി പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെതിരേ സി.ബി.ഐ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി.
രാജീവിനെ കസ്റ്റഡിയിൽവച്ച് ചോദ്യം ചെയ്യണമെന്നതാണ് സി.ബി.ഐയുടെ ആവശ്യം. അന്വേഷണത്തോടു സഹകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളിലും അതിർത്തിയിലെ സുരക്ഷാ ഏജൻസികളിലും സർക്കുലർ എത്തിക്കഴിഞ്ഞു. രാജീവ് കുമാർ രാജ്യം വിടുന്നതു തടയുന്നതിനു വേണ്ടിയാണിത്.
നേരത്തേ രാജീവിന് അറസ്റ്റിൽ നിന്ന് സുപ്രീംകോടതി സുരക്ഷ നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ നിയമപ്രകാരം അദ്ദേഹത്തെ കസ്റ്റഡിയിൽവച്ച് ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശാരദാ- റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളിൽ തെളിവുകൾനശിപ്പിച്ചെന്നും രാഷ്ട്രീയരംഗത്തെ ഉന്നതവ്യക്തികളെ സംരക്ഷിച്ചെന്നുമാണ് രാജീവിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇതുപ്രകാരം നേരത്തേ കോടതി ഉത്തരവ് വാങ്ങി സി.ബി.ഐ രാജീവിനെ ചോദ്യംചെയ്യലിനു ഹാജരാകാൻ വിളിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |