SignIn
Kerala Kaumudi Online
Saturday, 27 April 2024 9.26 AM IST

കരിമണലും നയം മാറ്റവും

photo

കേരളത്തിന്റെ ഏറ്റവും വലിയ സ്വത്ത് കരിമണലാണ്. അതുമായി ബന്ധപ്പെട്ട ഖനനവും കയറ്റുമതിയും വിപണനവുമെല്ലാം ഇപ്പോൾ പൊതുമേഖലയുടെ കീഴിലാണ്. ഈ ധാതുസമ്പത്ത് വേണ്ടവിധം ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തിയിരുന്നെങ്കിൽ ലോകഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം എത്രയോ ഉയരുമായിരുന്നു. കടത്തിൽ മുങ്ങിയ സംസ്ഥാനമായി കേരളത്തിന് ഒരിക്കലും മുന്നോട്ട് പോകേണ്ടിയും വരുമായിരുന്നില്ല.

ധാതുഖനനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഏറ്റവും ആധുനിക ടെക്നോളജി ആവശ്യമാണ്. അക്കാര്യത്തിൽ ചവറയിലെ ടൈറ്റാനിയം ഫാക്ടറിയും ഐ.ആർ.ഇയും വളരെ പിന്നിലാണ്. അതിനാൽ റോക്കറ്റ് വേഗത്തിൽ കുതിക്കേണ്ട ഈ രംഗം ഇപ്പോഴും ഒച്ചിഴയുന്ന വേഗത്തിലാണ് . കാര്യക്ഷമമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിന്റെ വികസനത്തെ ഒരിഞ്ച് മുന്നോട്ട് നയിക്കില്ല. വില കൂട്ടി നഷ്ടം നികത്തുക എന്ന ഒരു മാർഗമേ പൊതുമേഖലയിലുള്ള പല സ്ഥാപനങ്ങൾക്കും അറിയാവൂ. സേവനങ്ങളുടെ വില കൂട്ടിയതിന്റെ പേരിൽ ഒരു പൊതുമേഖലാ സ്ഥാപനവും നഷ്ടം നികത്തി ലാഭത്തിലായിട്ടുമില്ല. അങ്ങനെ സർക്കാരിന് എടുക്കാൻ വയ്യാതായി വന്നതോടെയാണ് എയർ ഇന്ത്യ അടുത്തിടെ സ്വകാര്യ മേഖലയ്ക്ക് കൈമാറിയത്.

ഖനനരംഗത്തും വർഷങ്ങൾക്ക് മുമ്പേ സ്വകാര്യ മേഖലയെ അനുവദിക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. അതിന്റെ ഫലമായി ഇന്ത്യയിൽ ധാതുസമ്പത്തിന്റെ ഖനനരംഗം മുരടിച്ച നിലയിലാണ്. ഇതിൽ നിന്നൊരു മാറ്റത്തിന് വൈകിയെങ്കിലും കേന്ദ്ര സർക്കാർ തുനിയുന്നത് സ്വാഗതാർഹമാണ്. ഈ മേഖലയിൽ പ്രവർത്തിക്കാൻ സ്വകാര്യ വ്യവസായരംഗത്തുള്ളവരെ കൂടി അനുവദിക്കുന്ന നിയമഭേദഗതിക്കാണ് കേന്ദ്രം ഒരുങ്ങുന്നത്.സ്വകാര്യമേഖല വരുമ്പോൾ സ്വാഭാവികമായും ലോകത്തെ ഏറ്റവും ആധുനിക ടെക്നോളജിയും കടന്നുവരും. അതിലൂടെയല്ലാതെ ധാതുഖനന രംഗത്തെ രക്ഷപ്പെടുത്താൻ ആർക്കും കഴിയില്ല. ധാതുഖനനത്തിനായുള്ള എം.എം.ഡി.ആർ നിയമത്തിൽ കേന്ദ്രം മാറ്റം വരുത്തിയാൽ സ്വകാര്യരംഗത്തുള്ളവർ ധാതുഖനന മേഖലയിലേക്ക് കടന്നുവരും. ഇപ്പോൾ ധാതുഖനനം സംബന്ധിച്ച് ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ നിയമങ്ങളാണുള്ളത്.

കേന്ദ്രം നിയമഭേദഗതി വരുത്തുന്നതിലൂടെ സംസ്ഥാനം തടഞ്ഞാലും സ്വകാര്യമേഖലയ്ക്ക് അനുമതി നൽകാൻ കേന്ദ്രത്തിന് കഴിയും. മോണോസൈറ്റ്, ഇൽമനൈറ്റ് തുടങ്ങിയവയാൽ സമ്പുഷ്‌ടമാണ് കരിമണൽ. ആണവധാതുക്കളുടെ പട്ടികയിൽ നിന്ന് ഇവ ഉൾപ്പെടെ 12 എണ്ണത്തെ ക്രിട്ടിക്കൽ മിനറൽസ് വിഭാഗത്തിലാക്കാനാണ് കേന്ദ്രനീക്കം. ഇത് കേരളത്തിലെ കരിമണൽ വ്യവസായരംഗത്ത് സ്വകാര്യ മേഖലയ്ക്ക് വഴിതുറക്കും. ഇവിടെ കേരളം നോക്കേണ്ടത് സംസ്ഥാന വികസനത്തിന് ഉപകരിക്കുമോ എന്നത് മാത്രമായിരിക്കണം. ഈ മാറ്റം കൊണ്ട് കേരളത്തിന്റെ വികസനത്തിന് ആവശ്യമായ ധനം നൽകാനും കടം ഇല്ലാതാക്കാനും കഴിയുമെന്ന് ബോദ്ധ്യപ്പെട്ടാൽ അതിന് സംസ്ഥാന സർക്കാർ തടസം നിൽക്കരുത്. കമ്പനിയിലെ ന്യൂനപക്ഷത്തിന്റെ ആവശ്യങ്ങൾക്കല്ല സംസ്ഥാനത്തെ ജനങ്ങളുടെ വിശാല താത്‌പര്യത്തിന് വേണം സർക്കാർ മുൻഗണന നൽകാൻ. സന്ദർഭത്തിനനുസരിച്ച് കേരളം ഉണർന്നാൽ കേന്ദ്രത്തിന്റെ ഈ നയം മാറ്റം കൊണ്ട് ഏറ്റവും അധികം പ്രയോജനം ലഭിക്കുന്ന സംസ്ഥാനമാവും നമ്മുടേത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.