SignIn
Kerala Kaumudi Online
Friday, 26 April 2024 10.27 PM IST

എന്ന് വരും മറൈൻ മ്യൂസിയം?​

ponnani
ഭാരതപ്പുഴയോരത്ത് മറൈൻ മ്യൂസിയത്തിനായി നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം

പൊന്നാനി: ഭാരതപ്പുഴയോരത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ മറൈൻ മ്യൂസിയം വരുമൊ?. സംസ്ഥാനത്തെ ആദ്യ മറൈൻ മ്യൂസിയമെന്ന് കൊട്ടിഘോഷിച്ച് 11 വർഷം മുൻപ് നിർമ്മാണമാരംഭിച്ച കെട്ടിടം എന്തിന് വേണ്ടിയെന്നതിന്റെ ഉത്തരം കടൽ പോലെ അനന്തമായി കിടക്കുകയാണ്. തന്റെ സ്വപ്ന പദ്ധതിയായ മറൈൻ മ്യൂസിയം തന്നെ കെട്ടിടത്തിൽ വരുമെന്ന് പാർലമെന്റംഗം ഇ.ടി. മുഹമ്മദ് ബഷീർ പറയുന്നു. എന്നാൽ അതുറപ്പിക്കാനാകില്ലെന്ന നിലപാടിലാണ് ടൂറിസം വകുപ്പ്.

ഫിഷറീസ് സർവകലാശാലയുടെ ഗവേഷണ കേന്ദ്രമായി ഭാരതപ്പുഴയോരത്തെ കെട്ടിടം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് മറൈൻ മ്യൂസിയം വീണ്ടും ചർച്ചകളിലേക്കെത്തിയിരിക്കുന്നത്. മ്യൂസിയത്തിനായി നിർദ്ദേശിക്കപ്പെട്ട കെട്ടിടത്തിൽ മ്യൂസിയമല്ലാതെ മറ്റൊന്നും സാധ്യമാകില്ലെന്ന നിലപാടാണ് ഇ.ടി. മുഹമ്മദ് ബഷീറിന്. മറൈൻ മ്യൂസിയം ഫിഷറീസ് സർവകലാശാല ഏറ്റെടുക്കണമെന്ന പി. നന്ദകുമാർ എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. റിജി ജോൺ പൊന്നാനി ഈശ്വരമംഗലത്തെ ചമ്രവട്ടം പ്രൊജക്ട് ഓഫീസ് കോമ്പൗണ്ടിൽ നിർമ്മിക്കുന്ന മ്യൂസിയത്തിന്റെ കെട്ടിടം സന്ദർശിച്ചിരുന്നു. മ്യൂസിയം സർവകലാശാല ഏറ്റെടുക്കുന്നതിൽ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

മത്സ്യ ബന്ധന മേഖലക്ക് സഹായകമാകുന്ന തരത്തിൽ ഗവേഷണ കേന്ദ്രമാണ് ആദ്യഘട്ടത്തിൽ ഒരുക്കാൻ ധാരണയായിരുന്നത്. പൊന്നാനിയുടെ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായുള്ള ഗവേഷണങ്ങളായിരിക്കും നടക്കുക. ഉൾനാടൻ മത്സ്യകൃഷി, മത്സ്യമേഖലയിലെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം, മത്സ്യ സംസ്‌കരണത്തിന് പ്രാദേശിക ഗ്രൂപ്പുകളെ പ്രാപ്തമാക്കൽ, ഹാച്ചറികൾ ഒരുക്കൽ എന്നിവ ഗവേഷണ കേന്ദ്രത്തിനു കീഴിൽ നടപ്പാക്കാനാകും. മത്സ്യ ബന്ധന രംഗത്തെ ആധുനിക സാധ്യതകളെ മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കാൻ സഹായകമാകുന്ന തരത്തിലായിരിക്കും ഗവേഷണ കേന്ദ്രം ഒരുക്കുകയെന്നായിരുന്നു പറഞ്ഞിരുന്നത്.

പദ്ധതി അനിശ്ചിതമായി നീണ്ടുപോകുന്ന സാഹര്യത്തിലാണ് പദ്ധതി ഏറ്റെടുക്കാൻ ഫിഷറീസ് സർവകലാശാലയെ സമീപിച്ചത്. മലബാറിലെ ഓഫ് കാമ്പസ് എന്ന നിലയിൽ പൊന്നാനിയിലെ സെന്റർ മാറ്റണമെന്നതാണ് ലക്ഷ്യം. ടൂറിസം വകുപ്പിന് കീഴിലുള്ള ഈ പദ്ധതി സർവകലാശാലക്ക് ഉടൻ കൈമാറിയേക്കുമെന്നാണറിയുന്നത്. നിർമ്മാണം പൂർത്തിയായ കെട്ടിടത്തിൽ എന്തായിരിക്കും പ്രവർത്തനമാരംഭിക്കുക എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സമഗ്രമായ മറൈൻ മ്യൂസിയം ആരംഭിക്കണമെന്നതിൽ എം.പി ഉറച്ചു നിൽക്കുമ്പോൾ ഗവേഷണ കേന്ദ്രത്തിന്റെ സാദ്ധ്യതകളിലേക്കാണ് സർക്കാർ കണ്ണുകൾ തുറന്നുവെക്കുന്നത്.

മ്യൂസിയം പാതിയിൽ

അന്തർദേശീയ മാതൃകയിൽ മറൈൻ മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങളേറെ ആയെങ്കിലും തുടർച്ചയായ സാങ്കേതിക കാരണങ്ങളാൽ പദ്ധതി പൂർത്തിയാക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുക്കാൽ ഭാഗത്തോളം പൂർത്തിയായിട്ടുണ്ട്. കരാർ തുക വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളുള്ളതിനാൽ കുറേ മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. നിർമ്മിതി കേന്ദ്രക്കായിരുന്നു ചുമതല.

ചെലവ്

അഞ്ചരകോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. നാലര കോടി രൂപ സംസ്ഥാന ടൂറിസം വകുപ്പും ഒരു കോടി രൂപ ഇ.ടി മുഹമ്മദ് ബഷീറിന്റെ എം.പി ഫണ്ടിൽ നിന്നുമാണ് അനുവദിച്ചത്. രണ്ട് കെട്ടിടങ്ങളാണ് പദ്ധതിക്കു വേണ്ടി നിർമ്മിക്കുന്നത്. മ്യൂസിയം ഹാൾ, ഷാർക്ക് പൂൾ എന്നിവയാണ് കെട്ടിടങ്ങൾ. ഇതിൽ മ്യൂസിയം ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.

മറൈൻ മ്യൂസിയത്തിന്റെ ക്യൂറേഷൻ പണികളിൽ ആശങ്കയുണ്ട്: പി. ശ്രീരാമകൃഷ്ണൻ

പൊന്നാനി: മറൈൻ മ്യൂസിയത്തിന്റെ ക്യൂറേഷൻ പണികളിൽ ആശങ്കയുണ്ടെന്ന് പൊന്നാനി മുൻ എം.എൽ.എയും നോർക്ക റൂട്സ് ഉപാദ്ധ്യക്ഷനുമായ പി.ശ്രീരാമകൃഷ്ണൻ. പൊന്നാനി പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയാണ് മറൈൻ മ്യൂസിയമെന്ന ആശയം കൊണ്ടുവരുന്നത്. എം.പി ഫണ്ടിൽ നിന്ന് പ്രാഥമിക പ്രവർത്തനത്തിനുള്ള ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാൽ, പദ്ധതിയുടെ പൂർണതയെക്കുറിച്ച് യാതൊരു മുൻ വിധിയുമുണ്ടായിരുന്നില്ല. ഫിഷറീസ് സർവകലാശാലയുടെ കേന്ദ്രമാക്കി മാറ്റാനുള്ള ആലോചനകൾ ഉണ്ടായിരുന്നതാണ്. മ്യൂസിയത്തോടൊപ്പം തന്നെ സർവകലാശാലയും മുന്നോട്ടു കൊണ്ടുപോകാനായിരുന്നു ആലോചിച്ചിരുന്നതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.