SignIn
Kerala Kaumudi Online
Friday, 26 April 2024 10.07 AM IST

പയ്യന്നൂരിന്റെ 'ഉൾപാർട്ടി' കാര്യങ്ങൾ

vija

കണ്ണൂർ ജില്ലയിലെ പ്രധാന നഗരമാണ് പയ്യന്നൂർ. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യഗ്രഹത്തിന് വേദിയായത് പയ്യന്നൂരാണ്. പയ്യന്നൂർ പവിത്രമോതിരം, പയ്യന്നൂർ വിളക്ക്, പയ്യന്നൂർ പൊതുവാൾ സദ്യ , കളിയാട്ടങ്ങളുടെ നാട് എന്നീ പേരിലും ഈ നാട് ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.

കേരളരാഷ്ട്രീയത്തിൽ ഏറെ ചർച്ചയ്ക്ക് വഴിവച്ച രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയുടെ അലോസരപ്പെടുത്തുന്ന കഥകളാണ് പയ്യന്നൂരിൽ നിന്നും ഇപ്പോൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്.

ഫണ്ട് തിരിമറി നടന്നെന്ന് പരാതി നൽകിയ സി.പി. എം പയ്യന്നൂർ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ സ്ഥാനത്തുനിന്നു നീക്കി. ഇതേത്തുടർന്ന് കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നീക്കവും ഫലം കണ്ടില്ല. ടി. ഐ മധുസൂദനൻ എം.എൽ.എയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നു ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

ടി.ഐ. മധുസൂദനൻ എം.എൽ.എയ്ക്കെതിരെയടക്കം അച്ചടക്ക നടപടിയെടുത്തത് ഫണ്ട് തിരിമറിക്കല്ലെന്നും കണക്ക് യഥാസമയം അവതരിപ്പിക്കാതെ ജാഗ്രതക്കുറവ് കാണിച്ചതിനാണെന്നുമായിരുന്നു സി.പി.എം ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. എന്നാൽ കുഞ്ഞികൃഷ്ണനെതിരെ നടപടി വന്നതോടെ സി.പി. എമ്മിന്റെ ചെങ്കോട്ടയിൽ പൊട്ടിമുളച്ച അസ്വാരസ്യങ്ങളും അപശബ്ദങ്ങളും ചെറുതല്ല.

മാനസിക അനൈക്യത്തിന്റെ പേരിലാണ് കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം. അനൈക്യം എന്നത് വിഭാഗീയതയുടെ ഇരട്ടപ്പേരാണെന്ന വ്യാഖ്യാനവും ഇക്കൂട്ടത്തിൽ പൊട്ടിമുളച്ചു. ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവർ പടച്ചുവിട്ട ചില കഥകൾ എന്നു മാത്രം പറഞ്ഞ് ഇതൊക്കെ തള്ളാൻ വരട്ടെ. ഇതിനു പിന്നിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ എന്ന അന്വേഷണത്തിലാണ് കീഴ്ഘടകമായ ബ്രാഞ്ച് മുതൽ ജില്ലാക്കമ്മിറ്റി വരെയുള്ള അംഗങ്ങളും നേതാക്കളും.

കുഞ്ഞികൃഷ്ണൻ ഉൾപ്പടെയുള്ള സഖാക്കൾ ചോരയും നീരും കൊടുത്ത് നിർമ്മിച്ച പയ്യന്നൂർ വെള്ളൂരിലെ ഒരു ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനത്തിനെത്തിയ നേതാക്കൾ അദ്ദേഹത്തിന് ഒന്നു മുഖം കൊടുക്കാൻ പോലും തയ്യാറായില്ല. കുഞ്ഞികൃഷ്ണൻ വെറും കാഴ്ചക്കാരനായി തെരുവോരത്ത് നിന്നപ്പോൾ വിരുന്നുകാർ വേദിയിൽ നിറഞ്ഞുനിന്നു. കുഞ്ഞികൃഷ്ണനെ വേദിയിലേക്ക് ക്ഷണിച്ചെങ്കിലും താൻ ആൾക്കൂട്ടത്തിലെ കാഴ്ചക്കാരനായിക്കോളാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓഫീസ് ഉദ്ഘാടനത്തിനെത്തിയ പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉൾപ്പടെയുള്ള നേതാക്കളെ പ്രവർത്തകർ ആനയിച്ച് കൊണ്ടുപോകുമ്പോഴും തെരുവിലെ കാഴ്ചക്കാരൻ മാത്രമായിരുന്നു കുഞ്ഞികൃഷ്ണൻ.

നയാപൈസ

നഷ്ടമായില്ലത്രേ

പാർട്ടി അന്വേഷണത്തിൽ നിയമസഭാതിരഞ്ഞെടുപ്പ് ഫണ്ടിലോ, എ.കെ.ജി ഭവൻ നിർമ്മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ ധനാപഹരണം നടന്നിട്ടില്ലെന്നും ജില്ലാനേതൃത്വം വിശദീകരിക്കുന്നു. ബഹുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത ധനരാജ് രക്തസാക്ഷി ഫണ്ട് കുടുംബത്തിന് നൽകുകയും, വീട് നിർമ്മിക്കുകയും കേസിന് പണം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടനിർമ്മാണത്തിന്റെയും ധനരാജ് ഫണ്ടിന്റെയും വരവുചെലവ് കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്ത് ഏരിയാകമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിൽ ചുമതലക്കാർക്ക് വീഴ്ച സംഭവിച്ചു. ഇക്കാരണത്താലാണ് മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാകമ്മിറ്റിയിലേക്കും ഏരിയാകമ്മിറ്റിയംഗമായ ടി. വിശ്വനാഥനെ ലോക്കൽ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയതും കെ.കെ. ഗംഗാധരൻ, കെ.പി. മധു എന്നിവരെ ശാസിക്കാൻ തീരുമാനിച്ചതും.

തിരഞ്ഞെടുപ്പ് ഫണ്ടിൽ സാമ്പത്തിക ക്രമക്കേടില്ലെങ്കിലും ഓഫീസ് ജീവനക്കാർക്ക് വീഴ്ചസംഭവിച്ചതായി പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. വീഴ്ചകൾ സ്വയം വിമർശനപരമായി അംഗീകരിച്ചതിനാൽ ഇവരുടെ പേരിലും നടപടി സ്വീകരിക്കുകയായിരുന്നെന്ന് ജില്ലാ സെക്രട്ടേറിയറ്റ് പറയുന്നു.

ഫണ്ട് തിരിമറിയിൽ പാർട്ടിക്ക് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ആണയിടുന്ന സി.പി.എം പക്ഷേ മൂന്ന് ഫണ്ടുകളിലായി ഒരുകോടിയോളം രൂപ അപഹരിച്ചു എന്ന തെളിവ് സഹിതമുള്ള പരാതിക്ക് മറുപടി നൽകുന്നുമില്ല. ധനരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം നേതാക്കൾ പിൻവലിച്ചതിന് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപെടെ തെളിവ് സമർപ്പിച്ചിട്ടും ഒരു അന്വേഷണം നടത്താൻ പോലും സിപിഎം ഇതുവരെ തയ്യാറായിട്ടില്ല.

പാളിപ്പോയ

അനുനയനീക്കങ്ങൾ

പയ്യന്നൂർ പോലുള്ള ഉരുക്കുകോട്ടയിലെ ചെറിയ തീപ്പൊരി പോലും വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന ഉറച്ച ബോദ്ധ്യമുള്ളതിനാലാണ് സി.പി.എം നേതൃത്വം അനുനയനീക്കങ്ങൾക്ക് പുറപ്പെട്ടത്. കുഞ്ഞിക്കൃഷ്ണനെ പയ്യന്നൂർ ഏരിയാസെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിൽ അണികൾക്കുണ്ടായ അസംതൃപ്തി പരിഹരിക്കാനും ശ്രമം തുടങ്ങി. പൊതുപ്രവർത്തനം നിറുത്തിയതായി പ്രഖ്യാപിച്ച കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിച്ച് പാർട്ടിയിൽ നിലനിറുത്താനാണ് ജില്ലാ നേതൃത്വം ശ്രമമാരംഭിച്ചത്. പ്രശ്നം പരിഹരിക്കണമെന്ന എം.വി ജയരാജൻ കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി ചർച്ചയും നടത്തി. ഫണ്ട് തിരിമറി കണക്കുകൾ പുറത്ത് വിടരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പൊതുജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം തക‍ർക്കരുതെന്നും അഭ്യർത്ഥിച്ചു. ഉന്നയിച്ച വിഷയങ്ങൾ പാർട്ടിക്കുള്ളിൽ പരിഹരിക്കാമെന്ന് ഉറപ്പും നൽകിയാണ് കുഞ്ഞികൃഷ്ണനെ പറഞ്ഞുവിട്ടത്. എന്നാല്‍ നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചതോടെ പ്രശ്നം കീറാമുട്ടിയായി മാറുകയാണ്. ടി.ഐ മധുസൂദനനെതിരെ കടുത്തനടപടി വേണമെന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്ന കുഞ്ഞികൃഷ്ണന്റെ നിലപാട് നേതൃത്വത്തിന് ഇപ്പോൾ കടുത്ത തലവേദനയായിരിക്കയാണ്.
2011 ജൂലായ് 16നാണ് പയ്യന്നൂരിലെ സജീവ സി.പി. എം പ്രവർത്തകനായ സി.വി.ധനരാജ് കൊല്ലപ്പെടുന്നത്. ധനരാജിന്റെ കടങ്ങൾ വീട്ടാനും വീടുവച്ച് നൽകാനും പാർട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തി. ധനരാജിന് പയ്യന്നൂരിലെ പാർട്ടിക്കാർക്കിടയിലുണ്ടായിരുന്ന ജനപ്രീതി കാരണം എൺപത്തിയ‌‌ഞ്ച് ലക്ഷത്തിലധികമാണ് ഫണ്ട് കിട്ടിയത്. 25 ലക്ഷം രൂപയ്ക്ക് ധൻരാജിന്റെ കുടുംബത്തിന് വീട് വച്ചുനൽകി. ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിൽ അഞ്ച് ലക്ഷം വീതവും അമ്മയുടെ പേരിൽ മൂന്ന് ലക്ഷവും സഹകരണബാങ്കിൽ സ്ഥിരനിക്ഷേപം ഇട്ടു. ബാക്കിവന്ന 42 ലക്ഷം പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ ജോയന്റ് അക്കൗണ്ടിൽ സ്ഥിര നിക്ഷേപമാക്കി.
ധനരാജിന് ഉണ്ടായിരുന്ന 15 ലക്ഷത്തിന്റെ കടംവീട്ടാതെയായിരുന്നു ഈ നിക്ഷേപം. ധൻരാജിന്റെ ഭാര്യയ്ക്ക് സഹകരണ സ്ഥാപനത്തിൽ ജോലിയുണ്ടെന്നും ആ വരുമാനത്തിൽ നിന്നും കടം വീടട്ടെ എന്നും പറഞ്ഞായിരുന്നു ഇത്. 42 ലക്ഷം സ്ഥിരനിക്ഷേപത്തിൽനിന്നും ലഭിച്ച അഞ്ച് ലക്ഷത്തിന്റെ പലിശ രണ്ടുനേതാക്കളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി. താമസിയാതെ 42 ലക്ഷവും പിൻവലിക്കപ്പെട്ടു. ഇതിനൊക്കെ ബാങ്ക് സ്റ്റേറ്റ് മെന്റ് ഉൾപ്പടെ തെളിവുമായാണ് വി.കുഞ്ഞികൃഷ്ണൻ ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V KUNJIKRISHNAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.