തിരുവനന്തപുരം : ആരോഗ്യ മേഖലയിൽ നമ്പർ വൺ എന്ന് മേനി നടിക്കുമ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീഴ്ചകളുടെ ഘോഷയാത്ര. കഴിഞ്ഞ ദിവസം ഡോക്ടറുടെ വേഷത്തിൽ എത്തി ഹൃദ്രോഗിയെ പരിശോധിച്ചത് കള്ളനെന്ന് ആരോപണം. പരിശോധനയ്ക്ക് ശേഷം രാത്രി വീണ്ടും എത്തിയ ഇയാൾ രോഗിയുടെ കൂട്ടിരിപ്പുകാരിൽ നിന്നും പണം അടങ്ങിയ പഴ്സ് കവർന്നു. ഇതിന് മുൻപും ഡോക്ടറുടെ വേഷത്തിൽ തട്ടിപ്പുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിലസിയിട്ടുണ്ട്.
വെഞ്ഞാറമൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് കഴിഞ്ഞ ദിവസത്തെ തട്ടിപ്പിൽ പണം നഷ്ടമായത്. രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ മോഷ്ടാവ് ഗോമതിയെ പരിശോധിച്ചിരുന്നു. സ്‌റ്റെതസ്‌കോപ്പ് ഉൾപ്പടെ ഉപയോഗിച്ച് ഇയാൾ പരിശോധന നടത്തിയപ്പോൾ ബന്ധുക്കൾക്ക് സംശയമൊന്നും തോന്നിയില്ല. ഇയാൾ വീണ്ടും പുലർച്ചെ എത്തിയാണ് പണം അടങ്ങിയ പഴ്സ് കവർന്നത്. രണ്ട് പേഴ്സുകളാണ് മോഷണം പോയത്. മെഡിക്കൽ കോളേജിലെ സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞെങ്കിലും പൊലീസിനെ അറിയിക്കാൻ പറഞ്ഞ് അവർ കൈമലർത്തുകയായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്കായാണ് ഗോമതിയെ ആശുപത്രിൽ അഡ്മിറ്റ് ചെയ്തത്. അടുത്തിടെ ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കാരണം അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരണപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |