കൊച്ചി : മലയാള സിനിമ താരങ്ങളുടെ സംഘനടനായ അമ്മയിൽ നിന്നും നടൻ ഷമ്മി തിലകനെ പുറത്താക്കി. ഇന്ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് തീരുമാനം എടുത്തത്. 2021 ഡിസംബറിൽ കൊച്ചിയിൽ നടന്ന അമ്മയുടെ യോഗം മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് ഷമ്മിയെ പുറത്താക്കിയത്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ വർഷം നടന്ന യോഗപരിപാടിക്കിടെ ഷമ്മി മൊബൈൽ ഉപയോഗിച്ച് ചിത്രീകരണം നടത്തുന്നത് ഭാരവാഹികൾ കാണുകയും, പ്രവർത്തിയിൽ നിന്നും നടനെ തടയുകയുമായിരുന്നു. ഇതിനൊപ്പം അമ്മ ഭാരവാഹികൾക്കെതിരെ പരസ്യമായി നിലപാടെടുത്തതും താരങ്ങളെ ചൊടിപ്പിച്ചിരുന്നു. ഷമ്മി തിലകനെതിരേ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങൾ രംഗത്തെത്തിയിരുന്നു. നടൻ ജഗദീഷ് മാത്രമാണ് ഷമ്മിയെ പുറത്താക്കുന്നതിനെതിരെ സംസാരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ബലാത്സംഗകേസിൽ ആരോപണവിധേയനായ നടനും നിർമാതാവുമായ വിജയ് ബാബു അമ്മ ജനറൽ ബോഡി യോഗത്തിനെത്തിയതും ഏറെ ചർച്ചയായിട്ടുണ്ട്. നടിയെ പീഡിപ്പിച്ച കേസിൽ നടന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് യോഗത്തിനെത്തിയത്. നേരത്തേ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്ന വിജയ് ബാബു ആരോപണം നേരിട്ടതിനെത്തുടർന്ന് കേസ് അവസാനിച്ചിട്ടേ ഇനി സംഘടനയിലേയ്ക്കുള്ളൂ എന്ന് കാട്ടി രാജി നൽകിയിരുന്നു. എന്നാൽ നിലവിൽ വിജയ് ബാബു സംഘടനയിലെ അംഗമാണ്. കളമശേരി ചാക്കോളാസ് പവിലിയനിലാണ് യോഗം നടക്കുന്നത്. അതേസമയം, വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചതിനെതിരെ ഡബ്ള്യൂ സി സിയും രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |