SignIn
Kerala Kaumudi Online
Friday, 26 April 2024 9.16 PM IST

ലീഡറോട് ഇതു വേണ്ടായിരുന്നു

k-karunakaran

ലീഡർ എന്നു പറഞ്ഞാൽ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന രാഷ്ട്രീയ നേതാവിന്റെ മുഖം സാക്ഷാൽ കെ.കരുണാകരന്റേതാണ്. വേഗം ആയിരുന്നു ലീഡറുടെ മുഖമുദ്ര. അത് വിമർശകർ പറയുന്നതുപോലെ സഞ്ചരിക്കുന്ന കാറിന്റെ വേഗം ആയിരുന്നില്ല. ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം ആയിരുന്നു. പ്രത്യേകിച്ച് പറഞ്ഞറിയിക്കേണ്ടതില്ല, കാരണം പല കാര്യങ്ങളിലും കേരളം അത് മനസിലാക്കിയിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ അറിയാനാകും. കെ.കരുണാകരൻ വിടപറഞ്ഞിട്ട് 12 വർഷമാകുന്നു. ഒരു വ്യാഴവട്ടം. പക്ഷേ കേരളത്തിലെ കോൺഗ്രസിനെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയ ലീഡറെ കേരള ജനത മറക്കില്ലെങ്കിലും , അദ്ദേഹത്തിന്റെ പാർട്ടിയിലെ നേതൃത്വനിര മറന്നെന്നു വേണം അനുമാനിക്കാൻ.

കെ.കരുണാകരന് തലസ്ഥാനത്ത് ഉചിതമായ സ്മാരകം നിർമ്മിക്കാൻ ഉമ്മൻചാണ്ടി സർക്കാർ നഗരത്തിന്റെ കണ്ണായ ഭാഗമായ പാളയത്ത് ബിഷപ്പ് പെരേര ഹാളിനു സമീപം 37 സെന്റ് സ്ഥലം അനുവദിച്ചിരുന്നു. പക്ഷേ നാളിതുവരെ അവിടെ ഒരു ഇലപോലും അനങ്ങിയിട്ടില്ല. ഒരു നിർമ്മാണ പ്രവർത്തനവും ഇനിയും ആരംഭിച്ചിട്ടുമില്ല. കെ.പി.സി.സി നേതൃത്വം നൽകുന്ന ഫൗണ്ടേഷനാണ് സ്മാരകം നിർമ്മിക്കേണ്ട ഉത്തരവാദിത്വമെന്ന് മകളും കോൺഗ്രസ് നേതാവുമായ പദ്മജ വേണുഗോപാൽ പറയുന്നു. ഇക്കഴിഞ്ഞ ഞായർ കെ.കരുണാകരന്റെ ജന്മനാളായിരുന്നു.

" സ്മാരകത്തിന്റെ കാര്യം ഇടയ്ക്കിടെ പൊന്തിവരുമ്പോൾ പെട്ടെന്ന് കമ്മിറ്റിയൊക്കെ കൂടും. പിന്നെ പഴയപോലെ എല്ലാവരും വിസ്മരിക്കും. അച്ഛന്റെ കാര്യത്തിൽ ആർക്കൊക്കെയോ താത്പര്യക്കുറവ് ഉണ്ടെന്ന് തോന്നിയിട്ടുണ്ട്." മുമ്പൊരു അഭിമുഖത്തിൽ കെ.മുരളീധരൻ ഈ ലേഖകനോട് പറഞ്ഞതാണിത്. ലീഡറുടെ കാര്യത്തിൽ ആർക്കാണ് ഇത്ര താത്‌പര്യക്കുറവ് ?

എ ഗ്രൂപ്പും ഐ ഗ്രൂപ്പും എന്ന പേരിൽ കെ.കരുണാകരനോട് ആശയപരമായി പയറ്റിനിന്നത് എ.കെ.ആന്റണിയായിരുന്നു. അദ്ദേഹം ഒരിക്കലും വ്യക്തിപരമായി ലീഡറോട് ദു:ർമുഖം കാട്ടിയിട്ടില്ല. ഗ്രൂപ്പും രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള പടലപ്പിണക്കങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും വ്യക്തിപരമായി ആരോടും ,അത് എതിർ രാഷ്ട്രീയചേരിയിലുള്ള ആളായാൽപ്പോലും വിദ്വേഷം കാണിക്കുന്ന ആളല്ല എ.കെ.ആന്റണി. പിന്നെയാരാണ്? എന്തായാലും ഈ ക്രൂരമായ അവഗണനയ്ക്ക് അർഹനല്ല ലീഡർ. കോൺഗ്രസിൽ ലീഡർ വളർത്തിയ ഒരു തലമുറ ഇന്ന് പാർട്ടിയിലെ പ്രധാന പദവികളിലുണ്ടുതാനും.

1967 ൽ ഒമ്പതംഗങ്ങളുമായി പ്രതിപക്ഷത്തിരുന്ന കോൺഗ്രസിനെ അധികാരത്തിൽ തിരികെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് കെ.കരുണാകരന് അവകാശപ്പെട്ടതാണ്. നാലുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയായി. കേരളത്തെ ദീർഘവീക്ഷണത്തോടെ നയിച്ച മുഖ്യമന്ത്രിയായിരുന്നു കരുണാകരൻ. കരുണാകരനെക്കുറിച്ചു പറയുമ്പോൾ അദ്ദേഹത്തിലെ ഭരണാധികാരിയുടെ സവിശേഷതകൾ കേരളം ശരിയായ രീതിയിൽ വിലയിരുത്തിയിട്ടുണ്ടോയെന്ന് സംശയമാണ്. നെടുമ്പാശേരി വിമാനത്താവളം ഇന്ന് തലയുയർത്തി നിൽക്കുമ്പോൾ അതിന്റെ ശിൽപ്പി ആരായിരുന്നെന്നു കൂടി ആലോചിച്ചു നോക്കണം. അവിടെ ഒരു വിമാനത്താവളം വരികയാണെങ്കിൽ അത് തന്റെ നെഞ്ചത്തുകൂടി ആയിരിക്കുമെന്ന് മുദ്രാവാക്യം മുഴക്കിയവർ പിൽക്കാലത്ത് അതിന്റെ ഭരണസമിതിയിൽ പ്രധാന പദവിയിലെത്തിയതും ചരിത്രം. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ എത്ര എതിർപ്പുണ്ടായാലും നടപ്പിലാക്കാൻ ഒരു മടിയും കാട്ടാത്ത ഭരണാധികാരിയായിരുന്നു കരുണാകരൻ. പ്രീഡിഗ്രി ബോർഡിന്റെ കാര്യത്തിൽ എല്ലാവരും എതിർത്തിട്ടും കരുണാകരൻ ഉറച്ചുനിന്നു. അദ്ദേഹത്തിന്റെ സർക്കാരിന് നടപ്പിലാക്കാനായില്ലെങ്കിലും തുടർന്നുവന്ന സർക്കാരിന് ആ വഴിക്കു നീങ്ങേണ്ടിവന്നു. ആശയപരമായി എതിർക്കുന്നവരുടെ അഭ്യർത്ഥനകൾ പോലും ശരിയാണെങ്കിൽ കരുണാകരൻ അത് കേൾക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുമായിരുന്നു.

അബദ്ധങ്ങൾ പറ്റിയിട്ടില്ലെന്നു പറയുന്നില്ല. ഉദ്യോഗസ്ഥർ വിശ്വസ്‌തരായി തോന്നിയാൽ കണ്ണുമടച്ചു അംഗീകരിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഈ സ്വഭാവം അല്ലെങ്കിൽ ദൗർബല്യം ചിലർ നന്നായി മുതലെടുത്തിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് റീജിയണൽ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായ രാജനെ കസ്റ്റഡിയിലെടുത്ത വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നിൽനിന്ന് മറച്ചുവച്ചതായി ലീഡർ പിൽക്കാലത്ത് ഇതെഴുതുന്നയാളിനോട് പറഞ്ഞിട്ടുണ്ട്. പാമോയിൽ വിവാദത്തിലും അദ്ദേഹത്തെ കുളത്തിൽ ചാടിച്ചത് ഉദ്യോഗസ്ഥരായിരുന്നു. ഇപ്പോൾ പല ഉദ്യോഗസ്ഥരും അതിലൊന്നുമില്ലെന്ന് കള്ളം പറഞ്ഞ് കൈകഴുകാൻ ശ്രമിക്കുന്നുണ്ടെങ്കിലും സുപ്രധാന പദവി വഹിച്ച ഉദ്യോഗസ്ഥരുടെ ചതികൾ താൻ മനസിലാക്കിയപ്പോഴേക്കും വൈകിപ്പോയെന്ന് ലീഡർ തന്നെ സ്വകാര്യസംഭാഷണത്തിൽ മനസുതുറന്നിട്ടുണ്ട്. എന്നാൽ ലീഡർ ചെയ്ത എത്രയെത്ര കാര്യങ്ങൾ എടുത്തുപറയാനുണ്ട്. സംസ്ഥാനത്ത് പത്രപ്രവർത്തകർ ഏറ്റവും വിമർശിച്ചിട്ടുള്ള നേതാക്കളുടെ മുൻനിരയിലാണ് കെ.കരുണാകരന്റെ സ്ഥാനം. എന്നാൽ പത്രപ്രവർത്തകർക്ക് പെൻഷൻ പദ്ധതി ഏർപ്പെടുത്തിയത് മുഖ്യമന്ത്രിയായ കരുണാകരനായിരുന്നു. പത്രപ്രവർത്തക പെൻഷൻ പദ്ധതിക്കായി റിപ്പോർട്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ പത്രക്കാർക്ക് പെൻഷന് അവകാശമില്ലെന്ന നോട്ടുമായി വന്നപ്പോൾ അത് വലിച്ചെറിഞ്ഞിട്ട് അനുകൂല നോട്ടെഴുതിക്കൊണ്ട് വരാൻ കരുണാകരൻ ആവശ്യപ്പെട്ടത് മുതിർന്ന പത്രപ്രവർത്തകനായ കെ.ജി.പരമേശ്വരൻനായർ അനുസ്മരിച്ചു.

പത്രപ്രവർത്തകർക്ക് കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപയുടെ പെൻഷൻ വർദ്ധനവിൽ 500 രൂപ വെട്ടിക്കുറച്ചതായാണ് ഇപ്പോൾ പുതിയ വാർത്ത. പെൻഷൻ പറ്റിയവർ ചാനൽ ചർച്ചകളിൽ സർക്കാരിനെ വിമർശിക്കുന്നതിനാലാണിതെന്ന് ആക്ഷേപമുണ്ട്. എന്തായാലും മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ടാവില്ല ഈ തീരുമാനമെന്ന് കരുതുന്നു.

കരുണാകരന് ഉചിതമായ സ്മാരകം പണിയുകയെന്നത് ചരിത്രത്തോട് നീതി പുലർത്തുകയെന്നതാണ്. സ്ഥലമുള്ള സ്ഥിതിക്ക് അവിടെ കാലം എന്നെന്നും ഓർക്കുംവിധം മഹനീയമായ സ്മാരകം നിർമ്മിക്കാൻ കോൺഗ്രസ് നേതൃത്വം മുന്നോട്ടുവരണം. ആർജ്ജവമുള്ളവരാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും. അവർ അതിന് ശ്രമിക്കുമെന്ന് വിശ്വസിക്കാം. ഒപ്പം തന്നെ നെടുമ്പാശേരി വിമാനാത്താവളത്തിന് കെ.കരുണാകരന്റെ പേര് നൽകാനുള്ള നീക്കം നടത്തണം. നാടിനു സംഭാവന നൽകിയവരെ നന്നായി സ്മരിക്കുകയെന്നതും സംസ്‌കാരത്തിന്റെ ഭാഗമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM, K KARUNAKARAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.