തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് വേഗത്തിൽ അനുമതി നൽകണമെന്നാവശ്യപ്പെട്ട് താൻ കഴിഞ്ഞ വർഷവും അതിനുമുമ്പും കേന്ദ്ര സർക്കാരിനയച്ച കത്തുകൾ പുറത്തായതിന് പിന്നാലെ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദ്ധതിയെ പിന്തുണച്ച് കത്തെഴുതിയതായി ഓർക്കുന്നില്ലെന്ന് ആദ്യം പറഞ്ഞ ഗവർണർ, സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് കത്തെഴുതിയതെന്ന് പിന്നീട് വിശദീകരിച്ചു. പദ്ധതിയെക്കുറിച്ച് വിവാദങ്ങളുണ്ടാവുന്നതിന് മുൻപായിരുന്നു അതെന്നും വ്യക്തമാക്കി.
രാജ്ഭവനിൽ വച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിച്ച ശേഷം സർക്കാരാണ് കത്തയയ്ക്കാൻ ശുപാർശ ചെയ്തത്. സർക്കാരിന്റെ വികസന പദ്ധതികളെ ഗവർണറായി ഇരുന്നുകൊണ്ട് എതിർക്കാനാവില്ല. ചട്ടവിരുദ്ധമായി എന്തെങ്കിലുമുണ്ടായാലേ തനിക്ക് എതിർക്കാൻ കഴിയൂവെന്നും ഗവർണർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ആഗസ്റ്റ് 16ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിനും 2020 ഡിസംബർ 24ന് അന്നത്തെ മന്ത്രി പിയൂഷ് ഗോയലിനും ഗവർണർ അയച്ച കത്തുകളാണ് പുറത്തായത്. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് കേന്ദ്ര റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും പദ്ധതിരേഖ റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും കത്തിലുണ്ട്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ എം.പിമാരുടെ വീഡിയോ കോൺഫറൻസ് യോഗത്തിന്റെ അജൻഡ കുറിപ്പിനൊപ്പമാണ് സർക്കാർ ഈ കത്ത് ഉൾപ്പെടുത്തിയത്.
ആഗസ്റ്റിലെ കത്തിലാണ്, ആദ്യ കത്തിനെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. കഴിഞ്ഞ വർഷം ജൂലായ് 13ന് മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർ ലൈനിന് അനുമതി തേടി പ്രധാനമന്ത്രിയെയും റെയിൽവേ മന്ത്രിയെയും സന്ദർശിച്ചിരുന്നതായി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനുമതിക്കായി മന്ത്രി ഇടപെടണമെന്നായിരുന്നു കത്തിലെ ആവശ്യം. അതേസമയം, നേരത്തേ സിൽവർലൈൻ കല്ലിടുന്നതിനെതിരെ പ്രതിഷേധിക്കുന്നവർക്കു നേരെയുള്ള പൊലീസ് ബലപ്രയോഗത്തെ ഗവർണർ എതിർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |