SignIn
Kerala Kaumudi Online
Friday, 25 September 2026 10.40 AM IST

മോഹവില കൊടുത്ത് നേടിയ ഫ്ളാറ്റുകൾ പത്താം വർഷം അപകടഭീഷണിയിൽ

flats

ദുബായ് : സമ്പാദ്യത്തിലെ നല്ലൊരു പങ്ക് ചെലവഴിച്ച് മോഹവില നൽകി സ്വന്തമാക്കിയ കിടപ്പാടം അപകട ഭീഷണിയിലാണെന്നറി‌ഞ്ഞതിന്റെ ഞെട്ടലിലാണ് ദുബായ് ലിവാനിലെ ക്യൂ പോയിന്റിലെ മയാസ 3, മസായ 4 റെസിഡൻഷ്യൽ ഫ്ളാറ്റിലെ നിവാസികൾ. നിർമ്മാണം പൂർത്തിയായി കേവലം പത്ത് വർഷം പിന്നിട്ടപ്പോഴേക്കും ഈ കൂറ്റൻ ഫ്ളാറ്റ് സമുച്ചയം തകർച്ചയിലായിരിക്കയാണ്. നിർമ്മാണത്തിലുണ്ടായ അപാകതകളാണ് കെട്ടിടം അപകടാവസ്ഥയിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ. 400ലധികം കുടുംബങ്ങളാണ് ഇതോടെ ഭീതിയിലായത്. കെട്ടിടത്തിൽ വിള്ളലും മറ്റും കണ്ടതിനെ തുടർന്ന് താമസക്കാർ പരാതി നൽകി. തുടർന്ന് വിദഗ്ദ്ധ സമിതി നടത്തിയ പരിശോധനയിലാണ് ഫ്ളാറ്റുകൾ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയത്.

വിള്ളലുകൾ,ചോർച്ച, തുരുമ്പിക്കൽ തുടങ്ങിയ അപാകതകൾ ശ്രദ്ധയിൽ പെട്ടതോടെ കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റും (ഡിഎൽഡി) ഡെവലപ്പറും ചേർന്ന് കമ്മിറ്റി രൂപീകരിച്ചത്. കെട്ടിടങ്ങൾ വിലയിരുത്തുന്നതിനും നാശനഷ്ടങ്ങളുടെ കാരണം കണ്ടെത്തുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായിട്ടായിരുന്നു ഇത്. കെട്ടിടങ്ങൾക്ക് ഘടനാപരമായ കേടുപാടുകളുൾപ്പടെയുള്ള ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് സമിതി കണ്ടെത്തി. ഇതേ തുടർന്ന് കെട്ടിടങ്ങളിലെ താമസക്കാരെ മെയിലിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെ അപ്പാർട്ട്‌മെന്റുകളുടെ വിൽപ്പന, പുതിയ പാട്ടക്കരാർ നൽകൽ, വാടക കരാറുകളുടെ രജിസ്‌ട്രേഷൻ എന്നിവ താൽക്കാലികമായി നിർത്തിവച്ചു.

പതിനാല് നിലകളുള്ള കൂറ്റൻ കെട്ടിടത്തിൽ കോൺക്രീറ്റ് തകരാർ വരെയുള്ള നിരവധി അപാകതകളാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് 2022 മാർച്ച് 31നാണ് സമർപ്പിച്ചത്. നിരവധി പരിശോധനകൾ നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മൂന്ന് മാസത്തിനുള്ളിൽ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിനോ പൊളിക്കുന്നതിനോ തീരുമാനമെടുക്കും. അതുവരെ കെട്ടിടത്തിൽ താമസിക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ കഴിയണമെന്ന് താമസക്കാരെ അറിയിച്ചിട്ടുണ്ട്.

താമസക്കാരിൽ പലരും സമ്പാദ്യത്തിലെ നല്ലൊരു പങ്കും ചെലവഴിച്ചാണ് ഫ്ളാറ്റുകൾ വാങ്ങിയത്. പലരും പിന്നെയും വലിയ തുക ഫ്ളാറ്റുകളുടെ നവീകരണത്തിനായി ചെലവാക്കിയിട്ടുണ്ട്. ദുബായ് നിയമം അനുസരിച്ച് നിർമ്മാണം കഴിഞ്ഞ് ആദ്യ പത്ത് വർഷത്തിനുള്ളിലുണ്ടാവുന്ന അപാകതകൾ കമ്പനി സ്വന്തം ചെലവിൽ പരിഹരിക്കണം. പദ്ധതി പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന തീയതി മുതലാണ് കാലാവധി ആരംഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, DUBAI APPARTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360