SignIn
Kerala Kaumudi Online
Friday, 26 April 2024 11.46 PM IST

വർക്കിച്ചായൻ തിരികെ പോകുമ്പോൾ

varky-mm

കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്നത് ജോൺ എബ്രഹാമിന്റെ കഥയിലെ ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. എത്ര വർക്കിമാരുണ്ടെന്ന് ചോദിച്ചാൽ ആദ്യം പൊൻകുന്നം വർക്കിസാർ , പിന്നെ മുട്ടത്തു വർക്കി. മൂന്നാമതായി ഒരു തലമുറ ഗുരുവായി നെഞ്ചേറ്റിയ പേരാണ് വർക്കിച്ചായൻ.

മുട്ടും കഴിഞ്ഞ് നീളുന്ന ജൂബ, തടിയൻ ഫ്രെയിമുള്ള കണ്ണട, മുറുക്കാൻ കറപടർന്ന പല്ലുകൾക്കിടയിലൂടെ നറുനിലാവ് പോലുള്ള പുഞ്ചിരി. അൻപത്തിയഞ്ച് വർഷത്തിലേറെ കോട്ടയം നഗരത്തിലൂടെ നിശബ്ദമായ് നടന്നിരുന്ന "സിനിമയുടെ നിഘണ്ടു",​ കോട്ടയംകാരുടെ വർക്കിച്ചായൻ സിനിമയില്ലാത്ത ലോകത്തേക്ക് യാത്രയായി. മോർച്ചറിയിൽ നിന്നെടുത്ത ഭൗതികദേഹം,​ അരനൂറ്റാണ്ടോളം സ്വന്തം വീടായിരുന്ന സി.പി.എം കോട്ടയം ജില്ലാക്കമ്മിറ്റി ഓഫീസിലെത്തിച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ നീണ്ടനിര ആരായിരുന്നു വർക്കിച്ചായനെന്ന് ഓർമ്മപ്പെടുത്തി. പ്രായത്തിന്റെ അവശതകൾ മറന്ന് കൊച്ചിയിൽ നിന്ന് പ്രൊഫ. സി.ആർ.ഓമനക്കുട്ടൻ എത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വർക്കിയെ സ്നേഹിക്കുന്നവരെല്ലാം എത്തി. വൈക്കം വിശ്വൻ, കെ.ജെ.തോമസ്, സുരേഷ് കുറുപ്പ് , കെ.അനിൽകുമാർ. എ.വി റസൽ തുടങ്ങി സി.പി.എം ഉന്നത നേതാക്കൾ ആദരാഞ്ജലി അർപ്പിക്കാൻ വന്നു. കോട്ടയം നഗരസഭ വക ക്രിമിറ്റേറിയം അറ്റകുറ്റപണിയിലായതിനാൽ സി.പി.എം ജീവകാരുണ്യ സംഘടനയായ അഭയത്തിന്റെ ഗ്യാസ് ക്രിമിറ്റേറിയത്തിലായിരുന്നു വർക്കിച്ചായൻ എരിഞ്ഞടങ്ങിയത്. അതും പാർട്ടിക്കായി ജീവിതം സമർപ്പിച്ച വർക്കിക്കുള്ള തിലോദകമായി.

കോട്ടയത്ത് ഫിലിം സൊസൈറ്റിയുണ്ടാക്കി 16 എം.എം ക്യാമറയിൽ സിനിമകളെടുത്ത് കുട്ടികൾക്കും ചെറുപ്പക്കാർക്കും പരിശീലനം കൊടുത്ത ചലച്ചിത്ര പ്രവർത്തകൻ. റഷ്യൻ ചലച്ചിത്രകാരന്മാരായ ഐൻസ്റ്റീന്റെയും പുഡോവ്കിന്റെയും ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഇന്ത്യയിലെ എല്ലാ ചലച്ചിത്ര മേളകളിലും സ്ഥിരമായി പങ്കെടുത്ത് സൗഹൃദങ്ങളും സിനിമയും ആഘോഷിച്ച അപൂർവവ്യക്തിത്വം. പാർട്ടി, പുസ്തകം ,സിനിമ എന്നിവ സമന്വയിപ്പിക്കുന്നതായിരുന്നു വർക്കിയുടെ ജീവിതം.

1965 മുതൽ കോട്ടയത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയ്‌ക്കൊപ്പം നടന്ന എം.എം വർക്കി എന്ന വർക്കിച്ചായന് പാർട്ടിയായിരുന്നു കുടുംബം . പാർട്ടി ഓഫീസ് വീടാക്കി ജീവിച്ച വർക്കി വിവാഹം കഴിക്കാൻ മറന്നു. എന്നാൽ വായന ജീവിതസഖിയായിരുന്നു വർക്കിയ്‌ക്ക്.
കോട്ടയത്തുള്ള രണ്ടോ മൂന്നോ തലമുറകളുടെ ഒപ്പം സുഹൃത്തും ഗുരുവുമായി സഞ്ചരിച്ചു. എന്നാൽ പാർട്ടിയുടെ പേരിൽ ഒരു സ്ഥാനവും തേടാൻ തയ്യാറായില്ല. ചലച്ചിത്രപഠനത്തിന് മലയാളത്തിൽ മികച്ച ആധികാരിക ഗ്രന്ഥം രചിച്ചു വർക്കി. ടി.കെ.രാമകൃഷ്ണൻ മന്ത്രിയായിരുന്ന കാലത്ത് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചാൽ സ്വാധീനം മൂലമെന്ന പേരുദോഷം വരാതിരിക്കാൻ പുസ്തകം പുരസ്‌കാരത്തിന് അയയ്‌ക്കാൻ വർക്കി തയ്യാറായില്ല .

കട്ടികണ്ണടയിൽ കൂടി വർക്കിച്ചായൻ കണ്ട ഫ്രെയിമിൽ നിറഞ്ഞ് നിന്നത് സിനിമയായിരുന്നു. തിരുനക്കര ക്ഷേത്രത്തിലെ പടവുകളിൽ ഗൗരവമേറിയ ചലച്ചിത്ര ചർച്ചയിൽ പ്രശസ്ത ഛായാഗ്രാഹകൻ വേണു, എം.പി സുകുമാരൻ നായർ, രാജീവ് വിജയരാഘവൻ, സുരേഷ് കുറുപ്പ്, തുടങ്ങി നിരവധി പ്രമുഖർ തങ്ങളുടെ ഗുരുവായിട്ടാണ് വർക്കിച്ചായനെ സ്‌നേഹിച്ചിരുന്നത്.
ലോക സിനിമയുടെ ജാലകം തുറന്ന വർക്കിച്ചായന് മുന്നിൽ ഇവരെല്ലാം ചെവി കൂർപ്പിച്ചു. സത്യജിത് റേ ഫിലിം ഫെസ്റ്റിവൽ ആദ്യമായി കോട്ടയത്തു നടത്തിയ മാസ്സ് ഫിലിം സൊസൈറ്റി ആ കൂട്ടായ്മയുടെ സൃഷ്ടിയായിരുന്നു. ആഴവും പരപ്പുമുള്ള വായനയിലൂടെ ആർജ്ജിച്ച അറിവ് അദ്ദേഹം സഖാക്കൾക്ക് കൈമാറി. തന്നെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയത് വർക്കിച്ചനായിരുന്നെന്ന് കഴിഞ്ഞ വായനാ ദിനത്തിൽ കുറുപ്പ് അനുസ്മരിച്ചിരുന്നു. പ്രശസ്ത ഫ്രഞ്ച് ചലച്ചിത്ര സംവിധായിക ആഗ്‌നസ് ബർട്ട് വർക്കിച്ചായന്റെ ജീവിതം മുൻ നിർത്തി നിർമ്മിച്ച ഫ്രഞ്ച് ചിത്രം വലിയ പ്രശംസ നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: M M VARKEY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.