SignIn
Kerala Kaumudi Online
Sunday, 20 September 2026 10.44 PM IST

നടന്നത് ദുഷ്‌പ്രചാരണം, പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചു, ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് ആവർത്തിച്ച് സജി ചെറിയാൻ

kk

തിരുവനന്തപുരം : ഭരണഘടനെ അവഹേളിച്ചിട്ടില്ലെന്ന് ആവർത്തിച്ച് സജി ചെറിയാൻ. രാജി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഭരണഘടനയെ ഒരുതരത്തിലും വിമർശിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് സജി ചെറിയാൻ പറഞ്ഞത്. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയാണ് ഈ ദുഷ്പ്രചരണം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. . ഇത് സി.പി.എമ്മും എൽ.ഡി.എഫും സര്‍ക്കാരും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും സജി ചെറിയാൻ പറഞ്ഞു. .

ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാന്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം നമ്മുടെ ഭരണഘടന ഇന്ന് നേരിടുന്ന അസാധാരണമായ വെല്ലുവിളികള്‍ക്കെതിരായി അതിശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള പ്രയത്നത്തിലാണ്. ത്. ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്വമായി ഏറ്റെടുത്തവരാണ് സി.പി.എമ്മും ഇടതുപക്ഷവും.

സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏഴര ദശാബ്ദ കാലയളവില്‍ പല ഘട്ടങ്ങളിലും ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള ജനാധിപത്യവും പൗരസ്വാതന്ത്ര്യങ്ങളും മാത്രമല്ല, സാമ്പത്തിക നീതിക്കുവേണ്ടിയുള്ള ലക്ഷ്യങ്ങളും അട്ടിമറിക്കപ്പെട്ടതായി നമ്മള്‍ കണ്ടതാണ്. ഈ ഘട്ടങ്ങളിലെല്ലാം ഇത്തരം നീക്കങ്ങളെ ചെറുക്കുന്നതില്‍ സി.പി.എം അഭിമാനാര്‍ഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്; ഇപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്നത്. 1975-77 ലെ അടിയന്തരാവസ്ഥ, 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി, വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ പാലിക്കാതെ അനുച്ഛേദം 370 റദ്ദാക്കുകയും ജമ്മു-കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നടപടികള്‍ എന്നിവയ്ക്കെതിരെയെല്ലാം ഉള്ള ജനകീയ സമരങ്ങളില്‍ പ്രസ്ഥാനം മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്.

കോണ്‍ഗ്രസും ഇന്നത്തെ ഭരണകക്ഷിയായ ബി.ജെ.പിയും ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പല ഘട്ടങ്ങളിലും പരാജയപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നത് ഇവര്‍ വ്യാപകമായി നടപ്പാക്കി. 1959-ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഈ രീതിയിലാണ് പിരിച്ചുവിട്ടത്. മതനിരപേക്ഷ മൂല്യങ്ങള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി വളരെ കടുത്തതാണ്. ഏറ്റവും ഒടുവില്‍ ഗുജറാത്ത് കലാപത്തിന് ഉത്തരവാദികളായവരെ തുറന്നുകാട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നടപടികളും നാം കാണുകയാണ്. ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ഞാന്‍ എന്‍റേതായ ഭാഷയും ശൈലിയുമാണ് ഉപയോഗിച്ചത്. ഒരിക്കല്‍ പോലും ഇത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഞാന്‍ കരുതിയില്ല. അങ്ങനെ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. എന്നിരിക്കിലും ഞാന്‍ പറഞ്ഞ ചില വാക്കുകള്‍ തെറ്റിദ്ധാരണാജനകമായ പ്രചരണത്തിന് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAJI CHERIYAN, SAJI CHERIYAN RESIGNATION, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA