SignIn
Kerala Kaumudi Online
Saturday, 27 April 2024 7.05 AM IST

രാജ്യസഭയ്ക്ക് തിളക്കമായി പി.ടി ഉഷയും ഇളയരാജയും

p-t-usha-ilayaraja

ഇന്ത്യൻ കായികരംഗത്തെ പകരംവയ്ക്കാനില്ലാത്ത പ്രതിഭ പി.ടി ഉഷയും സംഗീതമാന്ത്രികൻ ഇളയരാജയും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു. തങ്ങളുടേതായ രംഗത്ത് തനതായ മുദ്രകൾ ചാർത്തിയ ഇരുവർക്കും ലഭിച്ചത് അർഹമായ ആദരവാണ് .

നാലുപതിറ്റാണ്ടായി ഇന്ത്യൻ അത്‌ലറ്റിക്സിലെ സുവർണതാരമാണ് പ്ളാവുള്ളകണ്ടിയിൽ തെക്കേപറമ്പിൽ ഉഷയെന്ന പി.ടി ഉഷ. രാജ്യസഭാ നാമനിർദ്ദേശം പുറത്തുവിട്ടുകൊണ്ടുള്ള ട്വീറ്റിൽ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ് ഉഷയെന്ന് പ്രധാനമന്ത്രി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. ട്രാക്കിൽ മെഡലുകൾ വാരിക്കൂട്ടുമ്പോഴും പരിശീലകയായി പുതുപ്രതിഭകൾക്ക് ചിറകുകൾ നൽകുമ്പോഴും ഉഷ പുലർത്തിയ പ്രതിബദ്ധതയും ആത്മാർത്ഥതയും സമർപ്പണവും ഏവർക്കും മാതൃകയായിരുന്നു.

1984 ലോസാഞ്ചലസ് ഒളിമ്പിക്സിൽ സെക്കൻഡിന്റെ നൂറിലൊരു അംശത്തിന്റെ വ്യത്യാസത്തിന് വെങ്കലം നഷ്ടമായ ഉഷ പയ്യോളിയിൽനിന്ന് ഇതിനകം ഓടിത്തീർത്ത ദൂരവും വാരിക്കൂട്ടിയ മെഡലുകളുടെ എണ്ണവും നിസാരമല്ല. പ്രിയപ്പെട്ട മത്സരഇനമായ 400 മീറ്റർ ഹർഡിൽസിലേതുപോലെ വെല്ലുവിളികൾ ഒന്നൊന്നായി ചാടിക്കടന്നാണ് ഉഷ ട്രാക്കിലെ ഗോൾഡൻ ഗേളായി മാറിയത്.

1980കളിൽ ഇന്ത്യൻ അത്‌ലറ്റിക്സിലേക്ക് കോച്ച് ഒ.എം നമ്പ്യാരുടെ കൈപിടിച്ച് കടന്നുവന്ന പി.ടി ഉഷയുടെ പേര് ഇന്ത്യൻ ജനതയുടെ മനസിൽനിന്ന് മായ്ക്കാനാകാത്തവിധം പതിഞ്ഞു. 400 മീറ്റർ ഹർഡിൽസിൽ 38കൊല്ലം മുമ്പ് ലോസാഞ്ചലസിൽ ഉഷ കുറിച്ച 55.42 സെക്കൻഡിനെ മറികടക്കാൻ മറ്റൊരു ഇന്ത്യൻ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 1985ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ അഞ്ചു സ്വർണമുൾപ്പടെ വാരിക്കൂട്ടിയത് ആറുമെഡലുകളാണ്. ഒരു അന്താരാഷ്ട്ര അത്‌ലറ്റിക് മീറ്റിൽനിന്ന് ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ ഇന്ത്യൻ താരവും ഉഷതന്നെ. 1986 സോൾ ഏഷ്യൻ ഗെയിംസിൽ നിന്ന് ഗെയിംസ് റെക്കാഡോടെ നാലുസ്വർണവും ഒരു വെള്ളിയും നേടി ഉഷയെത്തിയപ്പോൾ സ്വീകരിക്കാൻ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവരാണ് മുൻ നിരയിലുണ്ടായിരുന്നത്.

വനിതാ താരങ്ങൾ വിവാഹത്തോടെ ട്രാക്കിൽനിന്ന് ഓടിമറയുന്ന കാഴ്ചയ്ക്ക് വിരാമമിട്ടവരിൽ പ്രമുഖയായിരുന്നു ഉഷ. കായികതാരം കൂടിയായ ഭർത്താവ് ശ്രീനിവാസന്റെ പിന്തുണയോടെ പിന്നെയും ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലുമടക്കം ഓട്ടം തുടർന്നു.1998 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിന് ശേഷമാണ് ഓട്ടക്കാരിയിൽ നിന്ന് കോച്ചായി മാറാനുള്ള തയ്യാറെടുപ്പ് തുടങ്ങിയത്. കോഴിക്കോ‌ട് ബാലുശേരിയിൽ സ്ഥാപിച്ച ഉഷ സ്കൂൾ ഒഫ് അത്‌ലറ്റിക്സിൽ നിന്ന് നിരവധി വനിതാതാരങ്ങളാണ് ചിറകടിച്ചുയർന്നത്. സ്കൂളിന്റെ തുടക്കം മുതൽ ഭർത്താവ് ശ്രീനിവാസൻ ഒപ്പമുണ്ടായിരുന്നു. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിൽനിന്ന് സ്പോർട്സ് മെഡിസിനിൽ ഡിപ്ളോമയെടുത്ത ഡോക്ടറായ മകൻ വിഗ്നേഷ് ഉജ്ജ്വലും ഇപ്പോൾ ഒപ്പമുണ്ട്. രാജ്യസഭയുടെ ട്രാക്കിലേക്ക് ഉഷയെന്ന പരിചയസമ്പന്ന എത്തുന്നത് കായികമേഖലയ്ക്ക് നൽകുന്ന പ്രതീക്ഷ വലുതാണ്. പുതിയ ചിന്തകളും നിർദ്ദേശങ്ങളുമായി പ്രചോദനദീപമായി മാറാൻ പി.ടി ഉഷയ്ക്ക് കഴിയുമെന്ന് തീർച്ചയാണ്.

ജന്മംകൊണ്ട് മലയാളിയല്ലെങ്കിലും എക്കാലവും മലയാളികൾ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ചയാളാണ് ഇളയരാജ. ഇളയരാജയുടെ പ്രതിഭാസ്പർശമേറ്റ് കാലാതീതമായ ഈണങ്ങളായി മാറിയ നാടൻശീലുകളുടെ ആസ്വാദകരല്ലാത്തവരില്ലെന്നു പറയാം.

പി.ടി ഉഷയുടെയും ഇളയരാജയുടെയും സാന്നിദ്ധ്യം രാജ്യസഭയുടെ ഒൗന്നത്യം ഉയർത്തുമെന്നതിൽ സംശയമേതുമില്ല. കലാകായിക രംഗങ്ങളിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാൻ രാജ്യസഭയിൽ ഇരുവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P T USHA AND ILAYARAJA NOMINATED TO RAJYASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.