SignIn
Kerala Kaumudi Online
Saturday, 27 April 2024 3.42 AM IST

ഭരണഘടനയും സജി ചെറിയാൻ പിടിച്ച പുലിവാലും

vivadavela

ഇന്ത്യൻ ഭരണഘടന ജനങ്ങളെ കൊള്ളയടിക്കാൻ മനോഹരമായി എഴുതിവച്ചിട്ടുള്ള സാധനമാണെന്നും അതിന്റെ സൈഡിൽ മതേതരത്വം ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചിട്ടുണ്ടെന്നും ബ്രിട്ടീഷുകാർ എഴുതിവച്ചത് അതേപോലെ പകർത്തി വച്ചതാണെന്നും പ്രസംഗിച്ചാണ് മന്ത്രി സജി ചെറിയാൻ രണ്ടേരണ്ട് ദിവസം കൊണ്ട് എം.എൽ.എ സജി ചെറിയാനായത്.

സി.പി.എം ഏരിയാ കമ്മിറ്റി മല്ലപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ ഡോ. തോമസ് ഐസക് പങ്കെടുക്കാനാവാത്തതിനാൽ നറുക്ക് വീണതാണ് മന്ത്രി സജി ചെറിയാന്. ഒരു കാലത്ത് സി.പി.എമ്മിൽ വി.എസ്- പിണറായി പോര് കടുത്തുനിന്നപ്പോൾ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ പിണറായി ചേരിയ്‌ക്കായി നിർണായക ചരടുവലികൾ നടത്തിയ നേതാവായിരുന്നു സജി ചെറിയാൻ. അതിന്റെ ഗുണവും ആ പക്ഷത്തിന് ലഭിച്ചു. അങ്ങനെയാണ് ആലപ്പുഴ ജില്ലയിൽ ജി. സുധാകരൻ കഴിഞ്ഞാൽ അടുത്ത പ്രബലനായി സജി ചെറിയാൻ മാറിയത് . ഇപ്പോൾ സുധാകരനെ കടത്തിവെട്ടി ആലപ്പുഴയിലെ ഒന്നാമനായി സജി ചെറിയാൻ.

മല്ലപ്പള്ളിയിലേക്ക് വരാം. സി.പി.എം ഏരിയാകമ്മിറ്റി പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത് ജനതാദൾ-എസ് സംസ്ഥാന പ്രസിഡന്റും മുൻമന്ത്രിയും ഇടതുമുന്നണിയിലെ പ്രമുഖ നേതാവുമായ മാത്യു.ടി.തോമസ് എം.എൽ.എയാണ്. മറ്റൊരു പ്രധാന സാന്നിദ്ധ്യം റാന്നിയിലെ എം.എൽ.എയായ കേരള കോൺഗ്രസ്-എമ്മിന്റെ പ്രതിനിധി പ്രമോദ് നാരായണൻ. സി.പി.എമ്മിന്റെ പത്തനംതിട്ടയിലെ ജില്ലാ സെക്രട്ടറി വേദിയിലുണ്ടായിരുന്നു. ഏരിയാസെക്രട്ടറി ഉൾപ്പെടെ പലരുമുണ്ടായിരുന്നു.

ഒന്നരമണിക്കൂറായിരുന്നു സജി ചെറിയാന്റെ പ്രസംഗം. അത് പ്രസ് വൺ ടി.വി എന്ന ഓൺലൈൻ മാദ്ധ്യമം സമ്പൂർണമായി നൽകിയിട്ടുണ്ട്. അതിൽ നിശിതമായ ഭരണകൂടവിമർശനമാണ് സജി ചെറിയാൻ നടത്തുന്നത്. അവസാനത്തെ ഏതാനും ഭാഗങ്ങളിലാണ് 'നാക്കുപിഴ' വില്ലനായി മാറിയത്. മൂന്ന് പരാമർശങ്ങളാണ് സജി ചെറിയാനെ ചതിച്ചതെന്ന് പറയാം. കൊള്ളയടി, കുന്തം-കുടച്ചക്രം, ബ്രിട്ടീഷുകാർ ഉണ്ടാക്കിയത് എന്നിവ. വിനാശകാലേ വിപരീതബുദ്ധി!

സാധാരണ കേൾവിക്കാർക്ക് വലിയ രസമൊന്നുമുണ്ടാക്കാത്ത ഒരു പ്രസംഗം അവസാനനിമിഷം വരെ കേട്ടിരുന്ന്, വിവാദം കണ്ടെത്തി വാർത്തയാക്കി പൊല്ലാപ്പുണ്ടാക്കിയെന്നത് നിസ്സാരകാര്യമല്ല. അതിന് പിന്നിൽ സജി ചെറിയാൻ സ്വന്തം കപ്പലിലെ കള്ളന്മാരെ സംശയിക്കുന്നുണ്ട്. സി.പി.എമ്മിനും സംശയമുണ്ട്. ആ സംശയം മല്ലപ്പള്ളിയിലെ പാർട്ടിയിൽ ഒരു വലിയ നടപടിയിൽത്തന്നെ കലാശിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല.

സജി ചെറിയാന്റെ പ്രസംഗഭാഗം വിവാദമായതോടെ പ്രതിഷേധവുമായി ബി.ജെ.പിയും യു.ഡി.എഫും രംഗത്തെത്തി. കോൺഗ്രസ് പറയുന്നതിൽ ന്യായമുണ്ട്. എന്നാൽ ഭരണഘടനാ സംരക്ഷകരായി ബി.ജെ.പി അവതരിക്കുമ്പോഴുണ്ടാകുന്ന യുക്തിരാഹിത്യം മുഴച്ചുനിൽക്കുകയും ചെയ്തു. ആർ.എസ്.എസിന്റെ പ്രഖ്യാപിതനിലപാടാണ് സജി ചെറിയാൻ പറഞ്ഞതെന്ന് വ്യക്തമാക്കിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സി.പി.എമ്മിനെയും, (പ്രത്യേകിച്ച് സജി ചെറിയാനെ)​ ആർ.എസ്.എസിനെയും കൂട്ടിക്കെട്ടാനും ശ്രമിച്ചു. ആർ.എസ്.എസ് സതീശന് നോട്ടീസയച്ചു. ആർ.എസ്.എസ് ആചാര്യൻ ഗുരുജി ഗോൾവാൾക്കർ എഴുതിയ വിചാരധാരയിലെ ഭരണഘടനയോടുള്ള സമീപനമാണ് സജി ചെറിയാൻ ആവർത്തിച്ചിരിക്കുന്നതെന്നായിരുന്നു സതീശന്റെ ആക്ഷേപം. വിചാരധാരയിൽ എവിടെയാണ് അങ്ങനെ പറയുന്നതെന്ന് തെളിയിക്കണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു ആർ.എസ്.എസിന്റെ നോട്ടീസ്. വക്കീൽനോട്ടീസായല്ല വെറും കത്തിന്റെ രൂപത്തിലാണ് അയച്ചത്. സതീശൻ അത് തള്ളി. പകരം ആർ.എസ്.എസിന്റെ ചില നേതാക്കൾ മുമ്പ് സതീശൻ പങ്കെടുത്ത ആർ.എസ്.എസ് ചടങ്ങുകളുടെ ഫോട്ടോകൾ പ്രസിദ്ധപ്പെടുത്തി അദ്ദേഹത്തെ കുടുക്കാൻ ശ്രമിച്ചു.

ബി.ജെ.പി സർക്കാരിന്റെ ഭരണഘടനാ ധ്വംസനം പറഞ്ഞ് ഭരണഘടനാ സംരക്ഷണ പരിപാടികൾ സംഘടിപ്പിക്കുകയാണ് ഇന്ത്യയിലെ ഇടതുപക്ഷം. അപ്പോൾ സജിയുടെ പ്രസംഗം ഇടതിന് വിശ്വാസ്യതാനഷ്ടം വരുത്തിവയ്ക്കുമെന്ന് സി.പി.എമ്മിനറിയാം. സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ദേശീയനേതൃത്വവുമായി ആശയവിനിമയം നടത്തി ഇവിടെ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് രാജിയെന്ന തീരുമാനത്തിലേക്കെത്തി.

ഞായറാഴ്ചയായിരുന്നു പ്രസംഗം. ചൊവ്വാഴ്ച രാവിലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് രാജിയും സംഭവിച്ചു. ശേഷവും മരം പെയ്തുകൊണ്ടിരിക്കുന്നതിന്റെ തുടർച്ചയാണ് ആർ.എസ്.എസ്- വി.ഡി. സതീശൻ ഏറ്റുമുട്ടൽ.

ഭരണഘടനയും ആർ.എസ്.എസും

ഇന്ത്യൻ ഭരണഘടനയെ അതേപടി അംഗീകരിക്കുന്നില്ലെന്ന് ആർ.എസ്.എസ് പ്രഖ്യാപിച്ചിട്ടുള്ളതാണ്. കെ.എസ്. സുദർശൻ വരെയുള്ള മേധാവികൾ ഈ നിലപാട് ആവർത്തിച്ചുകൊണ്ടിരുന്നു. മോഹൻ ഭഗവത് വന്ന ശേഷം ചെറിയൊരു നിലപാടുമാറ്റം പ്രകടമായെന്നത് നേരാണ്.

2018ൽ മോഹൻ ഭഗവത് നടത്തിയ പ്രഭാഷണപരമ്പരകളിൽ അദ്ദേഹം ഭരണഘടനയെക്കുറിച്ച് പറഞ്ഞ ഒരുഭാഗം ഇങ്ങനെയായിരുന്നു: " ഞങ്ങൾ ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്നു. അതിന്റെ സൃഷ്ടിക്കായി വളരെയധികം പരിചിന്തനങ്ങൾ നടന്നിട്ടുണ്ട്. അഭിപ്രായസമന്വയത്തിലൂടെയാണത് പ്രാവർത്തികമായിട്ടുള്ളത്. സംഘ് ഒരിക്കലും ഭരണഘടനയ്ക്ക് എതിര് നിന്നിട്ടില്ല." ഈ വാദഗതി കൊണ്ടാകാം ആർ.എസ്.എസ് സതീശന് നോട്ടീസയച്ചത്.

എന്നാൽ, ആർ.എസ്.എസിന്റെ യഥാർത്ഥ നിലപാട് അങ്ങനെയാണോ?

ഗോൾവാൾക്കർ വിചാരധാരയിൽ ഭരണഘടനയെ നേരിട്ട് തള്ളിപ്പറഞ്ഞിട്ടില്ലെന്ന് വാദത്തിന് വേണ്ടി പറയാം. വാക്യാർത്ഥങ്ങൾ മാത്രമെടുക്കുമ്പോഴേ അത് സാധിക്കൂ. എന്നാൽ ഗോൾവാൾക്കർ വിചാരധാരയിൽ പറയുന്നുണ്ട്, 'ഞങ്ങൾ ഞങ്ങളുടേതെന്ന് പറയുന്ന ഒന്നും തന്നെ ഈ ഭരണഘടനയിൽ ഇല്ല' എന്ന്. ഭഗവതിന് മുമ്പ് ആർ.എസ്.എസ് മേധാവിയായിരുന്ന കെ.എസ്. സുദർശനുമായി പ്രമുഖ മാദ്ധ്യമപ്രവർത്തകൻ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ സുദർശൻ മുന്നോട്ട് വയ്ക്കുന്നതും ഇതേ നിലപാടാണ്. ഇന്ത്യൻ ഭരണഘടന പൂർണമായും 1935ലെ ഗവണ്മെന്റ് ഒഫ് ഇന്ത്യാ ആക്ട് അനുസരിച്ചുള്ളതാണെന്നും മറ്റ് ചില ഭരണഘടനകളിലുള്ള ചിലത് കൂടി ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും,​ അല്ലാതെ ഉരുത്തിരിഞ്ഞ് വന്നതല്ലെന്നും സുദർശൻ പറയുന്നു.

ഭരണഘടനയുടെ അടിസ്ഥാനഘടനയിൽ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വബോധം നൽകാനുള്ള സവിശേഷാധികാരങ്ങളാണെങ്കിൽ നിങ്ങളത് അംഗീകരിക്കുമോ എന്ന ഥാപ്പറുടെ ചോദ്യത്തിന്, സുദർശൻ നൽകിയ മറുപടി ന്യൂനപക്ഷമെന്ന ആശയമേ തങ്ങൾ അംഗീകരിക്കുന്നില്ലെന്നായിരുന്നു.

ഭരണഘടന പൂർണമായും പുന:പരിശോധിക്കപ്പെടേണ്ട ഒന്നാണെന്ന് ബി.ബി.സിക്ക് നൽകിയ ഒരഭിമുഖത്തിലും സുദർശൻ പറഞ്ഞു. ഇന്ത്യൻ ഭരണഘടന വിമർശനത്തിന് അതീതമാണെന്ന് ആരും പറയുന്നില്ല. അങ്ങനെയെങ്കിൽ മാറിമാറി വന്ന ഭരണകൂടങ്ങൾ അതിൽ പലകുറി ഭേദഗതികൾ വരുത്തില്ലായിരുന്നല്ലോ.

ഇന്ത്യൻ ഭരണഘടനയുടെ വർഗസ്വഭാവത്തോട് കമ്മ്യൂണിസ്റ്റുകാർക്ക് വിമർശനമില്ലെന്നില്ല. അതവർ നേരത്തേ മുതൽ വ്യക്തമാക്കുന്നതുമാണ്. പക്ഷേ വർത്തമാനകാല ഇന്ത്യൻ ഭരണകൂടം ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ പോലും ഉല്ലംഘിക്കുന്ന സമീപനം വച്ചുപുലർത്തുന്നു എന്ന ശക്തമായ വിമർശനമുയർത്തുന്ന അവർ ഭരണഘടനാസംരക്ഷണം കാലഘട്ടത്തിന്റെ മുദ്രാവാക്യമായി ഉയർത്തുന്നു. യു.പിയിലെയും മറ്റും സമീപകാല സംഭവങ്ങൾ ( ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിന്റെ അറസ്റ്റ് ഉദാഹരണം) പലതും ഇത്തരമൊരു സംരക്ഷണ പ്രസ്ഥാനം അനിവാര്യമാണെന്ന് വിളിച്ചുപറയുന്നുമുണ്ട്.

ഇപ്പോഴത്തെ ഭരണകൂടത്തിന്റെ മാത്രം ചെയ്തിയായി ഇതിനെ കാണേണ്ടതില്ല. വർഷങ്ങളോളം കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ പലതവണ ഭരണഘടനാലംഘനം നടത്തിയതിന്റെ എത്ര ഉദാഹരണങ്ങൾ! ഉപയോഗിക്കരുതെന്ന് അംബേദ്കർ തന്നെ പറഞ്ഞ 356ാം വകുപ്പിന്റെ ദുരുപയോഗം എത്രതവണ നമ്മൾ കണ്ടു? കേരളത്തിലെ ഇടതുപക്ഷസർക്കാരിന്റെ കാലത്തും അത്തരം അനീതികൾ കാണാതിരിക്കുന്നുണ്ടോ? അലൻ, താഹ അറസ്റ്റും മാവോയിസ്റ്റ് വേട്ടയും ഈയടുത്ത കാലത്തുണ്ടായ സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സരിത്തിനെ അറസ്റ്റ് ചെയ്തതുമൊക്കെ ചെറിയ ഉദാഹരണങ്ങളാണ്. ഭരണഘടന അപ്പോൾ തന്താങ്ങളുടെ താത്‌പര്യസംരക്ഷണത്തിനായി ലംഘിക്കപ്പെടാനുള്ളതാണെന്ന് എല്ലാ ഭരണകൂടങ്ങളും ചിന്തിക്കുന്നുണ്ട്.

1935ൽ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഗവണ്മെന്റ് ഒഫ് ഇന്ത്യാ ആക്ടിൽ കേന്ദ്ര, സംസ്ഥാന, സമവർത്തി പട്ടികകളുടെ വിഭജനം നോക്കിയാൽ മനസ്സിലാവും, അതെത്രമാത്രം കേന്ദ്രത്തിന്റെ അധികാരം ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നെന്ന്. അതായത് ബ്രിട്ടീഷ് അധികാരക്കോയ്മ ഉറപ്പിച്ചെടുക്കാനുള്ളത്. അതിനെതിരെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായ നിലപാടെടുത്തു. കേന്ദ്രപട്ടികയിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തിയത് തിരുത്തണമെന്ന വാദങ്ങളുയർന്നതാണ്. ഭരണഘടന തയാറാക്കുമ്പോൾ അതെല്ലാം പാലിക്കപ്പെട്ടെങ്കിലും പിന്നീട് രാജ്യത്തും വിവിധ സംസ്ഥാനങ്ങളിലും അധികാരമേറിയ കോൺഗ്രസ് സർക്കാരുകളും ചെയ്തത് അധികാരം ഊട്ടിയുറപ്പിക്കാനായി പട്ടികകൾ തിരുത്തിയെഴുതുക എന്നതാണ്.

സജി ചെറിയാനിലേക്ക് വരാം. ഭരണഘടനയുടെ പരിമിതികൾ ഭരണകൂടത്താൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. അതിന്റെ ഭാഷ വഴിവിട്ടുപോയെന്ന് മാത്രം. വിമർശനത്തിന് പകരം അധിക്ഷേപമായി മാറുന്നത് അങ്ങനെയാണ്.

സി.പി.എമ്മും പുനർചിന്തനം നടത്തേണ്ടതുണ്ടെന്ന വിമർശനഭാഗം ആ പ്രസംഗത്തിലുണ്ട്. സി.പി.എമ്മിനെതിരായ വിമർശനമെന്ന നിലയിൽ അതിന് പ്രചാരം കൊടുത്ത് സജിക്ക് പണി കൊടുക്കാൻ പാർട്ടിക്കകത്തെ ചില സജിവിരുദ്ധർ ഒരുക്കിയ പരിപാടിയായിരുന്നു ഇതെന്ന സംശയം സി.പി.എമ്മിനകത്ത് ചർച്ചയാണ്. പക്ഷേ ചക്കിന് വച്ചത് കൊണ്ടത് കൊക്കിനായിപ്പോയി.

സജി ചെറിയാന്റെ

ഓണാട്ടുകരമൊഴികൾ

മന്ത്രിയായേപ്പിന്നെ സജി ചെറിയാനിൽ നിന്ന് പല വാവിട്ട വാക്കുകളും പുറത്ത് ചാടിയിട്ടുണ്ട്. തിരുവനന്തപുരത്ത് അനുപമയുടെ കുഞ്ഞിന്റെ ദത്ത് വിവാദം കൊടുമ്പിരിക്കൊണ്ട വേളയിൽ സജിയുടെ നാവിൽ നിന്നുതിർന്ന പരാമർശം വലിയ ചർച്ചയായതാണ്. "കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളുണ്ടാവുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞ് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിൽ പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം..."- ഇങ്ങനെ പോകുന്നു മന്ത്രിയുടെ വാക്കുകൾ.

സ്ത്രീമുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരികവകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്യുമ്പോൾ ഒരു മന്ത്രി നടത്തേണ്ട പ്രസംഗം തന്നെയാണോ ഇതെന്ന് അന്ന് പലരും ചോദിച്ചു. മന്ത്രിയായാൽ എന്തുമാകാമെന്ന മനോനില നാടിനുമുണ്ടായതിനാൽ വിവാദം അധികം കത്തിപ്പടരാതെ അടങ്ങി.

ഇതേ മന്ത്രി പിന്നീട് പുലിവാൽ പിടിച്ചത് കെ-റെയിലിൽ തൊട്ടിട്ടാണ്. കെ-റെയിൽ പദ്ധതിയായ തെക്കുവടക്ക് സിൽവർ ലൈൻ പാതയുടെ ഇരുവശവും ബഫർസോൺ ഇല്ലെന്ന് തീർത്ത് പറഞ്ഞ മന്ത്രിയായിരുന്നു സജി ചെറിയാൻ. യഥാർത്ഥത്തിൽ ബഫർസോൺ ഉണ്ടെന്ന് കെ-റെയിൽ എം.ഡി അടക്കം പറഞ്ഞ് നടക്കുമ്പോഴാണ് മന്ത്രിയുടെ വാവിട്ട വാക്ക് വീണ്ടും പുറത്ത് ചാടിയത്.

മന്ത്രിസഭയിലെ അംഗങ്ങൾക്ക് പോലും പദ്ധതിയെപ്പറ്റി ഒരു നിശ്ചയവുമില്ലെന്ന മട്ടിൽ പരിഹാസട്രോളുകൾ പ്രവഹിക്കാൻ ഒട്ടും താമസമുണ്ടായില്ല. ബഫർസോണുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ വിശദീകരിക്കേണ്ടി വന്നു. പാർട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി, തനിക്ക് തെറ്റ് പറ്റിയതാവാം, മനുഷ്യനായാൽ തെറ്റ് പറ്റാമല്ലോ എന്നുപറഞ്ഞാണ് സജി ചെറിയാൻ തടിയൂരിയത്.

ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്നാണല്ലോ. മൂന്നാമത്തെ നാക്കുപിഴ അങ്ങനെ സജി ചെറിയാന്റെ മന്ത്രിക്കുറ്റി തെറിപ്പിച്ചിരിക്കുന്നു. കണ്ടകശനി കൊണ്ടേ പോകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONSTITUTION AND SAJI CHERIAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.