SignIn
Kerala Kaumudi Online
Friday, 26 April 2024 9.33 AM IST

വെട്ടിനിരത്തലിനൊടുവിൽ ഏക നേതാവായി എടപ്പാടി

ops-and-eps

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തെക്കൻ തമിഴ്നാട്ടിലെ തേനിയിലെത്തിയപ്പോൾ സാധാരണ അണ്ണാ ഡി.എം.കെ പ്രവർത്തകർ പോലും 'ഒ.പി.എസ് മുതലമൈച്ചർ ആക വേണം' എന്നാണ് മുദ്രവാക്യം വിളിച്ചത്. പക്ഷേ, ഫലം വന്നപ്പോൾ ഒ.പനീർശെൽവത്തിന് മേൽക്കൈയുള്ള തെക്കൻ തമിഴ്നാട്ടിൽ കണ്ടത് ഡി.എം.കെയുടെ തേരോട്ടം. അണ്ണാ ഡി.എംകെ. പിടിച്ചുനിന്നത് കൊങ്കുനാട് മേഖലയിലായിരുന്നു. അവിടെ പാർട്ടിയെ നയിച്ചത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസാമിയും. മുന്നണിക്ക് ആകെ ലഭിച്ച 75 സീറ്റിൽ ഭൂരിഭാഗവും കൊങ്കുനാട് മേഖലയിലായിരുന്നു.

ഫലം വന്നപ്പോൾത്തന്നെ എടപ്പാടിയാണ് ശക്തനെന്ന് തെളിഞ്ഞു. പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഒ. പനീർശെൽവം ഇടങ്കോലിടുന്നു എന്ന പരാതി ഇ.പി.എസ് വിഭാഗക്കാർ ശക്തമായി ഉന്നയിച്ചിരുന്നു. രാജ്യസഭാ സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തിലും ഇ.പി.എസ്- ഒ.പി.എസ് പോര് കടുത്തു. അന്നുമുതലാണ് ഒരു പാർട്ടിക്ക് ഒരു നേതാവ് മതിയെന്ന ചിന്ത പാർട്ടിയിൽ ഉയർന്നുവന്നത്. അതിന്റെ സ്വാഭാവികമായ അന്ത്യമാണ് ഇന്നലെ ഒ.പി.എസിന്റെ പുറത്താകലിലൂടെ സംഭവിച്ചത്.

പാർട്ടിയിൽ എടപ്പാടി പളനിസാമിക്ക് വൻ സ്വാധീനം കൈവന്നത് മുഖ്യമന്ത്രിയായതോടെയാണ്. ജയലളിതയുടെ മരണശേഷം ഭരണമികവിലൂടെ 'മണ്ണിന്റെ മണമുള്ള മുഖ്യമന്ത്രി' എന്ന ഇമേജ് സൃഷ്ടിക്കാൻ ഇ.പി.എസിനായി. എടപ്പാടി എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ കരുത്താണ് ഇന്നലെ ചെന്നൈയിൽ കണ്ടത്. ഭരണം കൈയ്യിലുണ്ടായിരുന്നപ്പോൾ എടപ്പാടി മുഖ്യമന്ത്രി,​ പനീർശെൽവം ഉപമുഖ്യമന്ത്രി. പാർട്ടിയിൽ പനീർശെൽവം കോ-ഓർഡിനേറ്റർ. ഇ.പി.എസ് ജോയിന്റ് കോ- ഓർഡിനേറ്റർ. പാർട്ടിയിൽ രണ്ടാൾക്കും ഒരേ അധികാരം. ഭരണം നഷ്ടമായപ്പോൾ എടപ്പാടി പ്രതിപക്ഷ നേതാവായെങ്കിലും പാർട്ടിയിലെ അധികാരഘടന മാറിയില്ല. കൃത്യസമയത്ത് എടപ്പാടി പനീശെൽവത്തെ വെട്ടിനിരത്തി ആ പ്രശ്നം പരിഹരിച്ചു. ഇടക്കാല ജനറൽ സെക്രട്ടറിയായതോടെ പാർട്ടിയിലെ ഏക നേതാവും എടപ്പാടിയായി.

അകന്നും അടുത്തും

ഇ.പി.എസ്- ഒ.പി.എസ്

ജയലളിതയുടെ മരണശേഷം താത്‌ക്കാലിക മുഖ്യമന്ത്രിയായിരുന്ന ഒ.പനീർശെൽവത്തെ മാറ്റി മുഖ്യമന്ത്രിപദം എടപ്പാടിയുടെ കരങ്ങളിലേൽപ്പിച്ചത് ജയലളിതയുടെ തോഴി ശശികലയായിരുന്നു. ചിന്നമ്മയെന്ന് അറിയപ്പെട്ട ശശികല ജനറൽ സെക്രട്ടറിയായി. അന്ന് ഒ.പി.എസിനു വേണ്ടി വാദിക്കാൻ ഒൻപത് എം.എൽ.എമാർ മാത്രമാണുണ്ടായിരുന്നത്. 122 പേർ ശശികലയ്ക്കും എടപ്പാടിക്കും ഒപ്പമായിരുന്നു. ഏതാനും നാൾ കഴിഞ്ഞ് ഒ.പി.എസ് നാടകീയ നീക്കം നടത്തി. മറീനാ ബീച്ചിൽ ജയലളിതയുടെ സ്മൃതി കുടീരത്തിലെത്തി 40 മിനിട്ട് ധ്യാനത്തിരുന്നു. സകല മാദ്ധ്യമങ്ങളിലും ലൈവ് ഉറപ്പാക്കിയ ശേഷം, ശശികലയാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്നും തന്നെ രാജിവയ്പ്പിച്ചത് ശശികലയാണെന്നും തുറന്നടിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികല ജയിലിൽ ആയപ്പോഴേക്കും കളി മാറി. ഒ.പി.എസും ഇ.പി.എസും ഒരുമിച്ചു. അത് സഖ്യകക്ഷിയായ ബി.ജെ.പിയുടെ നീക്കത്തിന്റെ ഫലം കൂടിയായിരുന്നു. ഒ.പി.എസ്-ഇ.പി.എസ് സഖ്യം ആദ്യം ചെയ്തത് ശശികലയെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. മാത്രമല്ല ശശികലയുടെ സ്വത്തുക്കളും കണ്ടുകെട്ടി.

ചിന്നമ്മയ്ക്ക് ഗോളടിക്കാൻ അവസരം

ജയിലിൽനിന്നും പുറത്തുവന്ന ശശികല ഒ.പനീർശെൽവവുമായി അടുക്കാൻ ശ്രമിക്കുന്നതായി കിംവദന്തികളുയർന്നു.

പനീർശെൽവത്തിന്റെ ഭാര്യ വിജയലക്ഷ്മിയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ വൈരം മറന്ന് വി.കെ.ശശികല എത്തിയത് അണ്ണാ ഡി.എം.കെയുടെ പതാകവച്ച കാറിലായിരുന്നു.

ഇപ്പോൾ പാർട്ടിക്കു പുറത്തായ ഒ.പനീർശെൽവത്തിന് മുന്നിലുള്ള ഒരു വഴി പരസ്പര വൈരം മറന്ന് ശശികലയുമായി യോജിക്കുകയാണ്. പനീർശെൽവം ഒറ്റയ്ക്കൊരു പാർട്ടിയുണ്ടാക്കി മുന്നോട്ടു പോകാൻ തത്‌കാലം സാദ്ധ്യത കുറവാണ്. യുവനേതാക്കളിൽ, മകനും അണ്ണാ ഡി.എം.കെയിലെ ഏക എം.പിയുമായ ഒ.പി.രവീന്ദ്രകുമാർ മാത്രമാണ് ഒപ്പമുള്ളത്. പാർട്ടിയിലെ എടപ്പാടി വിരുദ്ധരെ ഒന്നിച്ചുകൂട്ടാനാകും ഒ.പി.എസിന്റെ അടുത്ത നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

അതേസമയം ശശികലയുടെ പ്രതീക്ഷകൾക്കാണ് ഇപ്പോൾ പുതുജീവൻ വച്ചിരിക്കുന്നത്. അണ്ണാ ഡി.എം.കെയിലെ വിമതരെയും അമ്മാ മക്കൾ മുന്നേറ്റ കഴകം പ്രവർത്തകരേയും ഒപ്പംകൂട്ടി വീണ്ടും ജനറൽ സെക്രട്ടറിയാകാൻ ശശികല തുനിഞ്ഞേക്കും.

കലങ്ങിത്തെളിയുമ്പോൾ

താമര വിരിയുമോ ?

1987 ഡിസംബർ 24ന് എം.ജി.രാമചന്ദ്രൻ മരിക്കുമ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമി ആരാകുമെന്നതായിരുന്നു അന്ന് അണ്ണാ ഡി.എം.കെയിൽ പൊരിഞ്ഞ പോരിന് വഴിതുറന്നത്. അടുത്ത മാസം എം.ജി.ആറിന്റെ ഭാര്യ ജാനകി മുഖ്യമന്ത്രിയായി. വിശ്വാസ വോട്ടെടുപ്പിൽ ജാനകി ജയിച്ചെങ്കിലും ഒരു മാസം പൂർത്തിയാകും മുൻപേ രാഷ്ട്രപതി ഭരണം വന്നു. 1989ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ രണ്ട് അണ്ണാ ഡി.എം.കെ മത്സരരംഗത്തുണ്ടായിരുന്നു. ഒന്ന് ജയലളിതയുടെ നേതൃത്വത്തിലും മറ്റേത് ജാനകിയുടെ നേതൃത്വത്തിലും. ജയലളിതയുടെ പാർട്ടി 28 സീറ്റ് നേടിയപ്പോൾ ജാനകിയ്‌ക്ക് അവർ സ്വന്തം മണ്ഡലത്തിൽ പോലും ജയിക്കാനായില്ല. അതോടെ അവർ രാഷ്ട്രീയം വിട്ടു. അന്ന് പ്രതിപക്ഷനേതാവായ ജയലളിത മരണം വരെ അണ്ണാ ഡി.എം.കെയുടെ അനിഷേധ്യ നേതാവായി തുടർന്നു.

ഇതേ സാഹചര്യമല്ലെങ്കിലും ഒ.പി.എസ് ആണോ ഇ.പി.എസാണോ ശക്തനെന്ന് വ്യക്തമാകാൻ ഒരു തിരഞ്ഞെടുപ്പ് വേണ്ടിവരും. നാട് തമിഴ്നാടാണ്. രാഷ്ട്രീയത്തിൽ എന്തു ട്വിസ്റ്റും സംഭവിക്കാം. പ്രത്യേകിച്ച് തമിഴ്നാട്ടിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ബി.ജെ.പി വലിയ പദ്ധതികൾക്ക് രൂപം നൽകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. നിലവിൽ ബി.ജെ.പിക്ക് നാല് സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: O PANEERSELVAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.