SignIn
Kerala Kaumudi Online
Saturday, 27 April 2024 1.40 AM IST

മറ്റു ലോകങ്ങൾ തേടി ബഹിരാകാശ നേത്രങ്ങൾ

carina-nebula

ജയിംസ് വെബ്ബ് സ്പേസ് ടെലിസ്‌കോപ് വാസ്‌പ് 96 എന്ന നക്ഷത്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന വാസ്‌പ് 96 ബി എന്ന ഒരു ഗ്രഹത്തെക്കുറിച്ചുള്ള നിരീക്ഷണവിവരം നൽകിയത് ശാസ്ത്രലോകത്ത് ഉത്സാഹം ജനിപ്പിച്ചിരിക്കുന്നു. വാസയോഗ്യമായ മറ്റു ഗ്രഹങ്ങളെത്തേടിയുള്ള അന്വേഷണത്തിനു മുതൽക്കൂട്ടാണിത്.

1120 പ്രകാശവർഷം അകലെ ഫിനിക്സ് നക്ഷത്രഗണത്തിലുള്ള നക്ഷത്രത്തിനു ചുറ്റുമാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്. 3.4 ദിവസം മാത്രമെടുത്താണ് നക്ഷത്രത്തെ ചുറ്റുന്നത്. വാതകം നിറഞ്ഞിരിക്കുന്ന ആ ഗ്രഹത്തിന്റെ താപനില 1000 ഡിഗ്രി ഫാരൻ ഹീറ്ര് വരെ ഉയരുമെങ്കിലും അവിടെ ജലബാഷ്പത്തിന്റെ സാന്നിദ്ധ്യം കാണപ്പെടുന്നു. മാത്രമല്ല നല്ല മേഘാവരണവുമുണ്ട്. വ്യാഴത്തെക്കാൾ 1.2 മടങ്ങു വ്യാസമുള്ള ഈ ഗ്രഹത്തെ ആറര മണിക്കൂർ നിരീക്ഷിച്ചപ്പോഴാണ് വിവരങ്ങൾ ലഭിച്ചത്. ഭൂമിയിൽ കാണപ്പെടുന്ന തരം ജീവികൾക്കുള്ള സാദ്ധ്യത കുറവാണെങ്കിലും ഗ്രഹത്തിന്റെ ഉള്ളറകളിൽ അല്പമെങ്കിലും കാഠിന്യമുള്ള പ്രതലങ്ങളിലും ദ്രാവകരൂപത്തിലുള്ള ജലമുള്ളയിടങ്ങളിലും ജീവനുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ഭൂമിയിലെ മഹാസമുദ്രങ്ങളുടെ അടിത്തട്ടിലുള്ള സജീവ അഗ്നിപർവതങ്ങളുടെ ലാവാ ഗമനദ്വാരങ്ങളുടെ അരികുകളിൽ അത്യുഗ്രമായ താപനില അതിജീവിച്ചു സസുഖം കഴിയുന്ന എക്സ്ട്രീമോഫൈൽസ് എന്നയിനം ബാക്ടീരിയകളുണ്ട്. അത്തരത്തിലുള്ള സൂക്ഷ്മജീവികൾ പ്രപഞ്ചത്തിലങ്ങിങ്ങുള്ള ഗ്രഹങ്ങളിൽ കാണാനിടയുണ്ട്. സൂക്ഷ്മജീവികൾ നക്ഷത്രാന്തര വാതകമേഘങ്ങളിലും കണ്ടേക്കാം.

ജയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് നിയർ ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിലാണ് നിരീക്ഷണം നടത്തിയത്. ജലബാഷ്പത്തിന്റെ വർണരാജി ആദ്യനിരീക്ഷണത്തിൽ തന്നെ തിരിച്ചറിയാൻ കഴിഞ്ഞു. 1995ൽ സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന 51 പെഗാസി ബി എന്ന ഗ്രഹത്തെ കണ്ടെത്തിയ മിഷെൽ മേയർ ഭൗമസമാനമായ മറ്റു ലോകങ്ങൾ അടുത്തെങ്ങും കാണാനിടയില്ലെന്ന പക്ഷക്കാരനായിരുന്നു. പക്ഷേ 30 കോടി ഗ്രഹങ്ങൾ കാണാനിടയുള്ള ക്ഷീരപഥം എന്ന നമ്മുടെ ഗാലക്സിയിൽ ഏകദേശം മൂന്നുകോടി ഭൗമസമാന ഗ്രഹങ്ങളുണ്ടാവാം. അവയെ കണ്ടെത്തുക അതീവ ദുഷ്‌കരമാണ്. എന്നാൽ കാൽനൂറ്റാണ്ടുകാലം കൊണ്ടുള്ള പ്രയത്നത്തിന്റെ ഫലമായി വിപുലീകരിച്ച ജയിംസ് വെബ്ബ് ടെലിസ്കോപ്പ് അടുത്ത പത്തുവർഷത്തിനു മേൽ നിരീക്ഷണങ്ങൾ നടത്തി തെളിമയാർന്ന ചിത്രങ്ങളും ഗാലക്സിയിലെ ഘടകങ്ങളെക്കുറിച്ചുള്ള കൃത്യതയുള്ള വിവരങ്ങളും നൽകുമെന്നു പ്രതീക്ഷിക്കുന്നു. 25 ചതുരശ്ര മീറ്റർ വലുപ്പമുള്ള ദർപ്പണമാണ് ഈ ടെലിസ്കോപ്പിലുള്ളത്. ഇൻഫ്രാറെഡിനു പുറമേ ദൃശ്യപ്രകാശവും ഇതു നിരീക്ഷിക്കുന്നു. ആറര ടൺ ഭാരമുള്ള ഈ ഉപകരണം വിപുലീകരിച്ചതിനു പിന്നിലും അതിന്റെ വിവരങ്ങൾ അപഗ്രഥിക്കാനും 300 സർവകലാശാലകൾ സജീവമായി രംഗത്തുണ്ട്. അതുകൂടാതെ അൻപതോളം സാങ്കേതിക സ്ഥാപനങ്ങളുടെ സഹായവുമുണ്ട്. സൺ എർത്ത് ലാഗ്രാഞ്ച് പോയിന്റ് 2 എന്ന ഭൂമിയിൽ നിന്നും 15 ലക്ഷം ദൂരത്തുള്ള ഗുരുത്വാകർഷണ സ്ഥിരബിന്ദുവിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ടെലിസ്കോപ്പ് അധികം ചാഞ്ചല്യങ്ങളില്ലാതെ മിഴിവുള്ള ചിത്രങ്ങൾ ലഭ്യമാക്കുന്നു. ആദ്യകാല നക്ഷത്രങ്ങളുടെ ഉദ്‌ഭവം, നക്ഷത്രങ്ങൾ കൂട്ടം ചേർന്ന് ഗാലക്സികളായ സംഭവം, നക്ഷത്രങ്ങളുടെ പരിണാമാവസ്ഥകൾ, നക്ഷത്രത്തിനു ചുറ്റുമുള്ള ഭൗമസമാന ഗ്രഹങ്ങൾ, അത്തരം ഗ്രഹങ്ങളിൽ ജീവന്റെ ലാഞ്ചന തിരയൽ എന്നിവയൊക്കെയാണ് പ്രധാന ദൗത്യങ്ങൾ. ഏറ്റവും കുറഞ്ഞത് പത്തുവർഷം ഈ ടെലിസ്‌കോപ്പ് സജീവമായിരിക്കും. ഇപ്പോൾ നിരീക്ഷണം നടത്തുന്ന ഹബിൾ ടെലസ്കോപ്പിനെക്കാൾ അനേകമടങ്ങ് കൃത്യതയുള്ള വിവരങ്ങൾ ഇതിൽ നിന്ന് ലഭിക്കും. പ്രപഞ്ചത്തിന്റെ ഉദ്‌ഭവം, പരിണാമം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത് പ്രപഞ്ചവിജ്ഞാനീയത്തിലെ സങ്കല്പനങ്ങളുടെ മാറ്റുകൂട്ടും.

വാസ്‌പ് 96 ബി എന്ന ഗ്രഹം സൂര്യനും ബുധനും തമ്മിലുള്ള ദൂരത്തിന്റെ പത്തിലൊന്നു മാത്രം ദൂരത്തുകൂടിയാണ് ഭ്രമണം ചെയ്യുന്നത്. പക്ഷേ അതിന്റെ വലിപ്പം വ്യാഴത്തിന്റെ പകുതിയും ശനിയുടെ ദ്രവ്യ‌മാനം അത്രയുമുണ്ട്. അതിനാൽ ഗ്രഹാന്തരീക്ഷത്തിന്റെ ആഴങ്ങളിൽ ജീവൻ നിലനില്ക്കാനിടയുണ്ടെന്നു കരുതണം. കാരണം അതിന്റെ മൂടിയിരിക്കുന്ന ജലബാഷ്പമേഘങ്ങൾ നക്ഷത്രത്തിന്റെ പ്രകാശം അതിന്റെ ഉള്ളറകളിൽ എത്തുന്നതിനെ തടയുന്നുണ്ടാകും. ഏതായാലും ഭൂമിയിലെപ്പോലെയുള്ള ജീവികളെ അവിടെ പ്രതീക്ഷിക്കേണ്ടതില്ല. വലിയ ആകാരമുള്ള ജീവികളും കാണാനിടയില്ല.

പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് ദൃഷ്ടികൾ പായിക്കുമ്പോൾ പ്രപഞ്ചത്തിന്റെ ഭൂതകാലമാണ് മുന്നിൽ തെളിയുന്നത്. പ്രപഞ്ചത്തിലെ മറ്റു ഘടകങ്ങളിൽ നിന്നുള്ള പ്രകാശം എത്തിച്ചേരാൻ കാലങ്ങളേറെ എടുക്കുമെന്നതിനാൽ നമുക്ക് കഴിഞ്ഞ കാലത്തു നടന്ന സംഭവങ്ങൾ കാണാനാകുന്നു. ക്ഷീരപഥത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവർഷമാണ്. അതായത് ഈ ഗാലക്സിയുടെ അങ്ങേയറ്റത്തുള്ള ഒരു നക്ഷത്രത്തിൽ നിന്നും ഒരുലക്ഷം വർഷം മുൻപ് പുറപ്പെട്ട പ്രകാശമാണ് ഭൗമനിരീക്ഷണത്തിൽ കാണാൻ കഴിയുക. എന്നാൽ ബഹിരാകാശത്തു സ്ഥാപിച്ചിട്ടുള്ള ശക്തിയേറിയ ദൂർദശിനികൾ വളരെ അകലെയുള്ള പ്രകാശം വരെ തിരിച്ചറിയുന്നു. ഇപ്പോൾ 1350 കോടി വർഷം പഴക്കമുള്ള പ്രപഞ്ചത്തിലെ ഘടകങ്ങളുടെ നിരീക്ഷണ വിവരം നമുക്കുണ്ട്. അവയിൽ നിന്നും അക്കാലത്തു പുറപ്പെട്ട പ്രകാശമാണ് നാമിന്നു കാണുന്നത്. ഇപ്പോൾ ആ ഘടകങ്ങൾ ഉണ്ടാകാനിടയില്ല, അല്ലെങ്കിൽ അവ പരിണമിച്ചു മറ്റു ഘടകങ്ങളായിത്തീർന്നിരിക്കാം.

കാർബൺ, ഓക്സിജൻ, നൈട്രജൻ തുടങ്ങിയ വാതകങ്ങൾ ഉണ്ടെങ്കിൽ ആ ഗ്രഹങ്ങളിൽ ജീവന്റെ സാന്നിദ്ധ്യം തിരയാവുന്നതാണ്. അതുകൂടാതെ അമോണിയ, നൈട്രസ് ഓക്സൈഡ്, ഓക്സിജൻ എന്നിവ കാണപ്പെടുന്നുണ്ടെങ്കിൽ അവിടെ ജീവൻ ഉണ്ടാകാനോ ജീവൻ ഏതെങ്കിലും കാലത്ത് ആ ഗ്രഹത്തിൽ ഉദ്‌ഭവിച്ചിരിക്കാനോ സാദ്ധ്യതയുണ്ട്. ഇത്തരത്തിലുള്ള ജീവന്റെ കൈയൊപ്പുകൾ തേടാൻ സജ്ജമാണ് ഈ ടെലിസ്കോപ്പ്. ശുദ്ധമായ ഹൈഡ്രജനും ഹീലിയവും നൈട്രജൻ കാർബൺഡയോക്സൈഡ് വാതക മിശ്രിതവും മാത്രമുള്ള ഗ്രഹങ്ങളിൽ ഇ -കൊളൈ, യീസ്റ്റ് തുടങ്ങിയ സൂക്ഷ്മജീവികൾ സസുഖം കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. നേരത്തേ കെപ്ളർ ദൂരദർശിനി തിരിച്ചറിഞ്ഞ അയ്യായിരം അന്യഗ്രഹങ്ങളിലും ജീവന്റെ സാന്നിദ്ധ്യം തിരയാൻ ഈ ടെലിസ്കോപ്പിനു കഴിയും. പ്രപഞ്ചത്തിന്റെ ചെറിയൊരു പ്രദേശത്തു മാത്രം നിരീക്ഷിച്ചതിൽ നിന്നും ഇത്രയും വിവരങ്ങൾ ലഭിച്ചിരിക്കുന്നു. പ്രപഞ്ചത്തിന്റെ ആഴങ്ങൾ എന്തൊക്കെ രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്നു കണ്ടെത്തേണ്ടതുണ്ട്.

സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്ര സമുച്ചയത്തെ ആൽഫാ സെന്റോറി എന്ന വ്യൂഹത്തിലുള്ള 4.2 പ്രകാശവർഷം അകലെയുള്ള പ്രോക്‌സിമാ സെന്റോറി എന്ന നക്ഷത്രത്തിനു ചുറ്റുമുള്ള ഗ്രഹങ്ങൾ ഭൗമസമാന സാഹചര്യങ്ങളുള്ളവയാണെന്നു കരുതപ്പെടുന്നു. അതുപോലെ 20.42 പ്രകാശവർഷം അകലെയുള്ള ഗ്ളീസ് 581 എന്ന നക്ഷത്രത്തെ ചുറ്റുന്ന ഗ്ളീസ് 581 സി ഗ്രഹവും പ്രതീക്ഷകൾ നൽകുന്നു. ജയിംസ് വെബ്ബ് ടെലിസ്കോപ് ഇവയുടെയെല്ലാം വിവരങ്ങൾ താമസിയാതെ എത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAMES WEB TELESCOPE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.