SignIn
Kerala Kaumudi Online
Saturday, 20 April 2024 7.14 AM IST

പായ്ക്ക് ചെയ്ത ഭക്ഷ്യധാന്യങ്ങൾക്ക് 5 ശതമാനം നികുതി. കേരളം നടപ്പാക്കില്ല

kk

വിലക്കയറ്റം തടയാൻ സർക്കാരിന്റെ കൈത്താങ്ങ്

■ വലിയ കടകളുടെ പേരച്ചടിച്ച കവറുകളിൽ വിൽക്കുന്നവയ്ക്ക് നികുതി ബാധകം.

തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന തരത്തിൽ, പായ്ക്ക് ചെയ്ത അരിക്കും പയറുൽപന്നങ്ങൾക്കും ഇതാദ്യമായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം നികുതി സംസ്ഥാനത്ത് ഈടാക്കില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അറിയിച്ചു.

കടകളിൽ തൂക്കി വിൽക്കുന്ന സാധനങ്ങൾക്ക് നികുതിയില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രാൻഡഡ് കമ്പനികൾ പായ്ക്കു ചെയ്തു വിൽക്കുന്ന അരിക്കും പയറിനുമൊക്കെ മാത്രമായിരുന്നു നേരത്തേ നികുതി.തിങ്കളാഴ്ച മുതൽ കടകളിൽ പായ്ക്ക് ചെയ്ത് വിൽക്കുന്ന ഉൽപന്നങ്ങൾക്കും 5ശതമാനം നികുതി ബാധകമാക്കി.അതോടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം ഒറ്റയടിക്ക് വില കൂടി.ഇതിൽ വൻപ്രതിഷേധമുയരുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ ആശ്വാസ നടപടി.

ചെറിയ കടകളിലും കുടുംബശ്രീക്കാർ നടത്തുന്ന സ്ഥാപനങ്ങളിലും മാർജിൻഫ്രീ പോലുള്ള സൂപ്പർമാർക്കറ്റുകളിലും പായ്ക്ക് ചെയ്ത് വിൽക്കുന്ന അരിക്കും പയറിനുമുൾപ്പെടെയാണ് നികുതി ഒഴിവാക്കിയത്. വൻകിട സൂപ്പർമാർക്കറ്റുകളിൽ കടകളുടെ പേര് അച്ചടിച്ച കവറുകളിൽ വിൽപന നടത്തുന്നവയ്ക്ക് നികുതി ബാധകമായിരിക്കും.

സാധാരണക്കാരെ ബാധിക്കുന്ന നികുതിവർദ്ധനയ്ക്ക് എതിരാണെന്നും, ഇക്കാര്യം ജി.എസ്.ടി കൗൺസിലിനെ കത്തിലൂടെയും നേരിട്ടും അറിയിച്ചിട്ടുണ്ടെന്നും നിയമസഭയിൽ ധനാഭ്യർത്ഥനകളുടെ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഇന്നലെ കത്തയച്ചിരുന്നു. ആഢംബര സ്വഭാവമുള്ളവയ്ക്ക് നികുതി ഏർപ്പെടുത്തുന്നതിന് എതിരല്ലെന്നും മന്ത്രി പറഞ്ഞു.

ബ്രാൻഡഡ് പായ്ക്ക് സാധനങ്ങളിൽ നികുതിയേർപ്പെടുത്തിയത് മറികടക്കാൻ ബ്രാൻഡ് ഒഴിവാക്കി കൊണ്ടുള്ള കുറിപ്പ് വച്ച് വിൽപന നടത്തുന്ന രീതി ഇതര സംസ്ഥാനങ്ങളിൽ വ്യാപകമായിരുന്നു. ഇത് കണക്കിലെടുത്താണ് പ്രീ പായ്ക്ക് വസ്തുക്കൾക്കും നികുതി ഏർപ്പെടുത്തിയത്. ഇതിലൂടെ സംസ്ഥാനങ്ങൾക്ക് നികുതിവരുമാനം വർദ്ധിക്കുകയും ചെയ്യും. കൊവിഡിന് ശേഷം സാമ്പത്തിക ഞെരുക്കത്തിലായ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ് ഈ നികുതിവർദ്ധനയെന്നത് കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.മാത്രമല്ല, ഇത്തരം നികുതി വർദ്ധനവിന്റെ നേട്ടം സംസ്ഥാന സർക്കാരിനുണ്ടാവില്ലെന്നാണ് ജി.എസ്.ടി. വിദഗ്ധരുടെ നിഗമനം. ഇക്കാര്യം ജി.എസ്.ടി നികുതി പരിഷ്ക്കരണ കമ്മിറ്റി ചെയർമാനും കർണാടക മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മയെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചിട്ടുണ്ട്.

അവ്യക്തത തുടരുന്നു

പായ്ക്ക് ചെയ്ത ഭക്ഷ്യധാന്യങ്ങൾക്ക് 5 ശതമാനം നികുതി ഈടാക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും, പുതിയ നികുതി പരിഷ്ക്കരണത്തിലെ ആശയക്കുഴപ്പം തുടരുന്നു. ഏതെല്ലാം രീതിയിലാണ് നികുതി ഒഴിവാകുകയെന്നും ഏതെല്ലാം കടകളിൽ ഇളവ് കിട്ടുമെന്നും വ്യക്തമല്ല.

സംസ്ഥാനത്തെ

വിൽപന

#ബ്രാൻഡഡ് പായ്ക്കറ്റ്

ഉൽപന്നങ്ങൾ -14%

#വൻകിട മാളുകളിലെ

പായ്ക്കറ്റ് വിൽപന -18%

#ചെറുകിട പലചരക്ക്

കച്ചവടം - 1.2 %

"ചെറുകിട കച്ചവടക്കാരെയും ഉൽപാദകരെയും ബാധിക്കുന്ന തരത്തിൽ നികുതി ഈടാക്കില്ല.കേന്ദ്ര സർക്കാരുമായി എന്തു പ്രശ്നമുണ്ടായാലും അംഗീകരിക്കില്ല."

-ധനമന്ത്രി കെ.എൻ.ബാലഗോപാൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.