കൊല്ലം: ആയൂർ മാർത്തോമ കോളേജിൽ നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ രണ്ട് അദ്ധ്യാപകർ അറസ്റ്റിൽ. പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രൊ. പ്രിജി കുര്യൻ ഐസക്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) നിരീക്ഷകൻ ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്നലെ വൈകിട്ടാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രിജി കുര്യൻ മാർത്തോമ കോളേജിലെ എം സി എ ഡിപ്പാർട്ട്മെന്റിലെ എച്ച് ഒ ഡിയാണ്. കേസിൽ കോളേജ് ജീവനക്കാരും ആയൂർ സ്വദേശികളുമായ എസ്. മറിയാമ്മ, കെ. മറിയാമ്മ, സ്റ്റാർ സെക്യൂരിറ്റി ജീവനക്കാരും മഞ്ഞപ്പാറ സ്വദേശികളുമായ ഗീതു, ജോത്സന ജോബി, ബീന എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഉദ്യോഗസ്ഥർ പറഞ്ഞത് അനുസരിച്ചാണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതെന്ന് ജീവനക്കാർ മൊഴി നൽകിയതോടെയാണ് പ്രിജി കുര്യനെയും ഷംനാദിനെയും കസ്റ്റഡിയിലെടുത്തത്. തങ്ങൾ അത്തരത്തിലൊരു നിർദേശം നൽകിയിട്ടില്ലെന്നായിരുന്നു ഇരുവരും ആദ്യം പൊലീസിന് മൊഴി നൽകിയത്. തുടർന്ന് വനിതാ ജീവനക്കാർക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |