SignIn
Kerala Kaumudi Online
Saturday, 27 April 2024 7.08 AM IST

എന്നു നേരെയാകും സർവകലാശാലകൾ

photo

സംസ്ഥാനത്തെ സർവകലാശാലകളിൽ ഏറ്റവും ഉയർന്ന ഗ്രേഡ് നേടി തിളക്കത്തോടെ നിൽക്കുന്ന കേരള സർവകലാശാലയെക്കുറിച്ച് സി.എ.ജി കഴിഞ്ഞ ദിവസം നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് ഞെട്ടലുളവാക്കുന്നതാണ്. എണ്ണമറ്റ വീഴ്‌ചകളാൽ ഈ സർവകലാശാല പുതിയൊരു റെക്കാഡ് തന്നെ സ്ഥാപിച്ചതായാണ് റിപ്പോർട്ടിൽനിന്നു മനസിലാകുന്നത്. മൂന്നുവർഷത്തിനിടെ 142 കോഴ്സുകളിൽ 28 കോഴ്സുകളുടെ സിലബസ് പരിഷ്കരിച്ചിട്ടേയില്ല. പതിമൂന്നു വർഷമായിട്ടും സിലബസ് പരിഷ്കാരം നടന്നിട്ടില്ലാത്ത അഞ്ചു കോഴ്സുകളുണ്ട്. അഞ്ചുവർഷമായിട്ടും പരിഷ്കരണമുണ്ടാകാത്ത 23 കോഴ്സുകൾ പഠിക്കാൻ വിദ്യാർത്ഥികൾ വിധിക്കപ്പെട്ടിരിക്കുന്നു. യു.ജി.സി അംഗീകാരമില്ലാതെ പത്ത് കോഴ്സുകൾ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ തുടർന്നുകൊണ്ടുപോകുന്നു. രാജ്യത്തെ സർവകലാശാലകൾ പുതിയ കോഴ്സുകളുമായി ഉന്നത വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറിയിട്ടും കാലത്തിനു യോജിക്കാത്ത പരമ്പരാഗത കോഴ്സുകളിൽ ഇവിടത്തെ സർവകലാശാലകൾ കുട്ടികളെ തളച്ചിട്ടിരിക്കുന്ന കാഴ്ചയാണു കാണാനാവുക.

പരീക്ഷാ കലണ്ടറിനെക്കുറിച്ചും സമയബന്ധിതമായി ഫലം പുറത്തുവിടുന്നതിനെക്കുറിച്ചും നല്ല തീരുമാനങ്ങൾ ഇടയ്ക്കിടെ എടുക്കാറുണ്ട്. എന്നാൽ അതിനിടയിലും സർവകലാശാലയുടെ യശസ്സിനു കളങ്കം ചാർത്തുന്ന നിരവധി പിഴവുകൾ സംഭവിക്കുന്നുണ്ട്. മുന്നൂറു ദിവസം കഴിഞ്ഞിട്ടും മൂല്യനിർണയം പൂർത്തിയാക്കാൻ കഴിയാതിരുന്ന ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ബിരുദ പരീക്ഷകൾ കഴിഞ്ഞിട്ടും ചിലതിന്റെ ഫലം വരാൻ ഒരുവർഷത്തോളമെടുത്തത് മൂല്യനിർണയം പൂർത്തിയാകാത്തതിനാലാണ്. രണ്ടുമാസത്തിനകം പുനർ മൂല്യനിർണയം പൂർത്തിയാക്കണമെന്നാണ് ചട്ടം. അതിനു വിരുദ്ധമായി എട്ടുമാസം വരെ എടുത്ത ചരിത്രമുണ്ട്. പരീക്ഷാവിഭാഗത്തിലേത് ഉൾപ്പെടെയുള്ള കമ്പ്യൂട്ടറുകളിലെ സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കാത്തതിനാൽ പിഴവുകൾ സംഭവിച്ചാലും ഉത്തരവാദിത്വം ആരിലാണെന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണ്.

അനേകം കോഴ്സുകൾ നേരിട്ടു നടത്തുന്ന സർവകലാശാലയ്ക്ക് അവശ്യം അദ്ധ്യാപക തസ്തിക വേണ്ടതാണ്. ഒൻപതു പഠനവിഭാഗങ്ങൾ പേരിനുപോലും ഒരു പ്രൊഫസർ ഇല്ലാതെയാണു പ്രവർത്തിക്കുന്നതത്രെ. പല വകുപ്പുകളും കരാർ അദ്ധ്യാപകരാണ് ഭരിക്കുന്നതെന്നു പറയാം. സ്ഥിരം അദ്ധ്യാപകരുടെ പത്തുശതമാനത്തിലധികം കരാറുകാർ പാടില്ലെന്നാണ് യു.ജി.സി നിബന്ധന. എന്നാൽ ഇവിടെ ആകെ അദ്ധ്യാപകരിൽ ഏതാണ്ട് നാലിലൊരു ഭാഗം കരാറുകാരാണ്.

സിലബസ് പരിഷ്കരണമില്ലാതെയും പുതിയ കോഴ്സുകൾ ഇല്ലാതെയും മുടന്തിനീങ്ങുന്ന സർവകലാശാല കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണ്. അന്യസംസ്ഥാനങ്ങളിലെ മികച്ച സർവകലാശാലയിൽ ചേർന്നു പഠിക്കാൻ ത്രാണിയുള്ള കുട്ടികൾ പ്ളസ് ടു കഴിഞ്ഞാൽ നേരെ വണ്ടികയറുകയാണു ചെയ്യുന്നത്. പൊതുവിദ്യാലയങ്ങളുടെ നിലയിലേക്കു സർവകലാശാലകളും എത്താതിരിക്കാൻ ഗൗരവമായി എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. അതിനുള്ള നടപടികൾ വൈകുന്തോറും അപചയത്തിന്റെ വ്യാപ്തി വർദ്ധിച്ചുകൊണ്ടിരിക്കും. അക്കാഡമിക് പണ്ഡിതരും കുട്ടികളുടെ ഭാവിയിൽ താത്‌പര്യമുള്ള വിദഗ്ദ്ധരുമൊക്കെ ചേർന്ന് ഒട്ടേറെ പരിഷ്കാര നടപടികൾ ശുപാർശ ചെയ്തിട്ടുണ്ട്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി നല്ല നിർദ്ദേശങ്ങൾ വിവിധ സമിതികൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടയ്ക്കിടെ അതൊക്കെ ഒന്നെടുത്തു വായിക്കുന്നതു നല്ലതാണ്. പണച്ചെലവ് ഇല്ലാതെതന്നെ നടപ്പാക്കാവുന്ന ഒട്ടേറെ പരിഷ്കാരങ്ങളുണ്ട്. സി.എ.ജി ഇപ്പോൾ ചൂണ്ടിക്കാട്ടിയ പിഴവുകൾ പരിഹരിക്കാൻ എന്തൊക്കെ ചെയ്യാനാവുമെന്ന് പരിശോധിക്കണം. നടപ്പാക്കേണ്ടവ ഉടൻ നടപ്പാക്കണം.

കുത്തഴിഞ്ഞ സർവകലാശാലാ ഭരണം കുട്ടികൾക്കെന്നപോലെ സർക്കാരിനും വലിയ ഭാരമാകും. നമ്മുടെ സർവകലാശാലകളിൽ എന്തൊക്കെയാണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനെങ്കിലും തിട്ടമുണ്ടായിരിക്കണം. അവിടെ ഇടയ്ക്കിടെ നടക്കുന്ന നിയമവിരുദ്ധ കാര്യങ്ങൾ പൊതുചർച്ചയാകുമ്പോഴാണ് ജനങ്ങൾക്ക് എന്തെങ്കിലുമൊക്കെ പിടികിട്ടാറുള്ളത്. കേരള സർവകലാശാലയുടെ പിഴവുകളാണ് സി.എ.ജി റിപ്പോർട്ടിലെ പരാമർശമെങ്കിലും മറ്റുള്ളവയുടെ കാര്യത്തിലും ഇതൊക്കെത്തന്നെയാകും കണ്ടെത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAG REPORT ABOUT KERALA UNIVERSITY’S OVERALL PERFORMANCE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.