SignIn
Kerala Kaumudi Online
Sunday, 28 April 2024 3.14 AM IST

മലയാള സിനിമയ്ക്ക് അഭിമാന നേട്ടം

kk

മലയാളസിനിമയ്ക്ക് അഭിമാനിക്കാവുന്ന അംഗീകാരങ്ങളാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര അവാർഡിൽ ലഭിച്ചത്. രാജ്യത്തെ മികച്ച സംവിധായകനും ഗായികയ്ക്കുമുള്ള അവാർഡുകളടക്കം എട്ട് പുരസ്‌കാരങ്ങൾ മലയാളത്തെ പുണർന്നപ്പോൾ തമിഴ് ചിത്രത്തിലൂടെ മികച്ചനടിക്കുള്ള അവാർഡും മലയാളി സ്വന്തമാക്കി. കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന മലയാള സിനിമാ വ്യവസായത്തിനുതന്നെ പ്രചോദനം പകരുന്നതാണ് ഈ അവാർഡുകൾ.

കലാപരമായ മികവും വാണിജ്യവിജയത്തിനു അനുയോജ്യമായ ചേരുവകളുമായി കെ.ആർ.സച്ചിദാനന്ദൻ എന്ന സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും നാല് അവാർഡുകളാണ് കരസ്ഥമാക്കിയത്. മികച്ച സംവിധായകനായി സച്ചി തിരഞ്ഞെടുക്കപ്പെട്ടത് ആനന്ദം പകരുന്നതിനൊപ്പം നൊമ്പരവുമുണർത്തുന്നുണ്ട്. ആ കലാകാരനിൽനിന്ന് മികച്ച കലാസ‌ൃഷ്ടികൾ മലയാളത്തിന് ലഭിക്കാനിരിക്കെയാണ് നട്ടുച്ചയ്ക്കെന്നപോലെ അകാലത്തിൽ അസ്തമിച്ചത്. സച്ചിയുടെ പ്രതിഭ ആദരിക്കപ്പെട്ടതിൽ അഭിമാനിക്കാം. അയ്യപ്പനും കോശിയിലൂടെ സച്ചിതന്നെ കണ്ടെടുത്ത അട്ടപ്പാടി ആദിവാസിഊരിലെ നഞ്ചമ്മ മികച്ച ഗായികയായി രാജ്യത്തിന്റെ ശ്രദ്ധകവർന്നതും തിളക്കമാർന്ന നേട്ടമാണ്. ഏത് മലമുകളിൽ മറ‌ഞ്ഞിരുന്നാലും യഥാർത്ഥപ്രതിഭ ഉദിച്ചുയരുമെന്ന് നഞ്ചമ്മയുടെ ഈ നേട്ടം ഓർമ്മിപ്പിക്കുന്നുണ്ട്. അയ്യപ്പൻനായർ എന്ന കരുത്തുറ്റ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ബിജുമേനോൻ അയ്യപ്പനും കോശിയിലൂടെ മികച്ച സഹനടനുള്ള അംഗീകാരം നേടി. ഈ ചിത്രത്തിലെതന്നെ സംഘട്ടനരംഗങ്ങൾ സംവിധാനം ചെയ്ത മാഫിയ ശശിയ്ക്കും ടീമിനും പുരസ്ക്കാരങ്ങളുണ്ട്.

സുധ കോങ്ങര സംവിധാനം ചെയ്ത സുരറൈ പോട്രിൽ ബൊമ്മിയെന്ന നാടൻ പെൺകുട്ടിയെ മനോഹരമായി അവതരിപ്പിച്ച അപർണാ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചത് മലയാളത്തിനുകൂടിയുള്ള അംഗീകാരമാണ്. തിരുവനന്തപുരം സ്വദേശിനിയായ ശാലിനി ഉഷാനായരാണ് സുധാ കോങ്ങരയ്ക്കൊപ്പം സുരറൈ പോട്രിന്റെ തിരക്കഥ രചിച്ച് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് പങ്കിട്ടത്. ശാലിനി സിനിമയ്ക്ക് വലിയ വാഗ്ദാനമാണ്. ഈ ചിത്രത്തിലെ തന്നെ അഭിനയം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടൻ സൂര്യയ്ക്ക് മികച്ച നടനുള്ള അവാർഡ് അജയ് ദേവഗണിനൊപ്പം പങ്കിടാൻ അവസരമൊരുക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരവും സുരറൈ പോട്ര് നേടിയത് വനിതാ ചലച്ചിത്രപ്രവർത്തകർക്ക് വലിയ ആവേശം പകരും.

മികച്ച ഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം നേടിയ അനൂപ് രാമകൃഷ്ണനും ഇപ്പോൾ നമ്മോടൊപ്പമില്ല.അകാലത്തിലാണ് അനൂപും വിടപറഞ്ഞത്. മാലിക് എന്ന ചിത്രത്തിലൂടെ ശബ്ദ ലേഖനത്തിന് ശ്രീശങ്കർ, വിഷ്ണുഗോവിന്ദ്, കലാസംവിധായകനുള്ള അവാർഡ് നേടിയ അനീസ്, വാങ്ക് എന്ന ചിത്രത്തിലൂടെ പ്രത്യേക ജൂറി പരാമർശം നേടിയ കാവ്യ പ്രകാശ്, മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകൻ സെന്ന ഹെഗ്ഡെ, കഥേതര വിഭാഗത്തിൽ പുരസ്ക്കാരങ്ങൾ നേടിയ ഛായാഗ്രാഹകൻ നിഖിൽ എസ്.പ്രവീൺ, വിവരണത്തിനുള്ള അവാർഡിന് അർഹയായ ശോഭ തരൂർ, മികച്ച വിദ്യാഭാസ സിനിമയുടെ സംവിധായകൻ നന്ദൻ എന്നിങ്ങനെ മലയാളിത്തിളക്കം ഏറെയാണ്.

അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന് അമ്പത് തികയുന്നതും ജി.അരവിന്ദന്റെ തമ്പ് കാൻ ഫിലിം ഫെസ്റ്റിവലിൽ ക്ളാസിക്ക് വിഭാഗത്തിൽ പ്രദർശിപ്പിച്ചതും ഈ വർഷമാണ്. അവരുടെ പിന്തുടർച്ചയായി അവാർഡുകൾ നേടാൻ ശക്തമായൊരു നിര ഉയർന്നുവരുന്നത് ആഹ്ളാദകരമാണ്. ദേശീയ അവാർഡുകൾ മുൻവർഷങ്ങളിൽ കരസ്ഥമാക്കിയ നവപ്രതിഭകൾ പലരും പുതിയൊരു സിനിമയെടുക്കാൻ പെടാപ്പാട് പെടുന്നുണ്ട്. അവർക്ക് സംസ്ഥാനസർക്കാർ പ്രോത്സാഹനം ഒരുക്കണം. അവാർഡ് നേടിയ എല്ലാ കലാകാരന്മാർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.