ഇന്ത്യ - വെസ്റ്റിൻഡീസ് രണ്ടാം ഏകദിനം ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര
പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും. പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ മൂന്ന് റൺസിന്റെ നാടകീയ ജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ധവാനും സംഘവും ഇന്നിറങ്ങുന്നത്.
മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. മറുവശത്ത് ആദ്യ മത്സരത്തിൽ ജയത്തിനരികിൽ ഇടറിവീണ വിൻഡീസ് വിജയത്തോടെ പരമ്പര പ്രതീക്ഷ നിലനിറുത്താനുറച്ചാണ് ഇറങ്ങുന്നത്.കാൽമുട്ടിന് പരിക്കേറ്റ ജഡേജയുടെ സേവനം ഇന്നും ഇന്ത്യയ്ക്ക് ലഭിക്കില്ല. വിൻഡീസ് ടീമിൽ ഹോൾഡർ കൊവിഡിൽ നിന്ന് മുക്തനായിട്ടില്ല.
സഞ്ജുവിന്റെ സൂപ്പർ സേവ്
വിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റ് കൊണ്ട് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും വിക്കറ്റ് കീപ്പിംഗിൽ തകർപ്പൻ പ്രകടനവുമായി ആരാധകരുടേയും നിരൂപകരുടേയും കൈയടി നേടി ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. വിൻഡീസിന് ജയിക്കാൻ രണ്ട് പന്തിൽ 8 റൺസ് വേണ്ടിയിരിക്കെ മുഹമ്മദ് സിറാജ് എറിഞ്ഞ വൈഡ്ബാൾ ഇടത്തേയ്ക്ക് പറന്ന് ബൈ ഫോർ പോകാതെ തട്ടിയിട്ട് സഞ്ജു ഇന്ത്യയുടെ രക്ഷകനാകുകയായിരുന്നു.
ഉറപ്പായിരുന്ന ഫോർ പറന്ന് തടഞ്ഞ സഞ്ജുവിനെ സിറാജ് ഉടൻ തന്നെ കൈയടിച്ച് അഭിനന്ദിച്ചു. മൂന്ന് റൺസിനാണ് ഇന്ത്യയുടെ ജയമെന്നതും ഈ സേവിനൊപ്പം കൂട്ടിവായിക്കണം. ഇന്ത്യയ്ക്ക് ജയം സമ്മാനിച്ച സേവായിരുന്നു സഞ്ജുവിന്റെ ആ ഡൈവ് എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |