SignIn
Kerala Kaumudi Online
Friday, 26 April 2024 6.22 AM IST

'പൊതിച്ചോറി'ലെ ശ്രീധരനായി തിളങ്ങി രാജീവ് ആലുങ്കലിന്റെ മകൻ; ഇഷ്ടതാരങ്ങൾക്കൊപ്പം ഇനിയും അഭിനയിക്കണമെന്ന് ആകാശ്

film

കാരൂരിന്റെ "പൊതിച്ചോറ്" എന്ന വിഖ്യാതമായ കഥ പലവട്ടം വായിച്ചിട്ടുള്ള സംവിധായകൻ രാജീവ് നാഥിന് വർഷങ്ങൾക്കു മുൻപ് തുലാമഴ തോരാതെ പെയ്ത യാത്രയിൽ ഒരു കഥാപാത്രത്തെ കൂട്ടിനു കിട്ടി. അത് കഥയിലെ പ്രധാന അദ്ധ്യാപകന്റെ മകനായ ശ്രീധരനായിരുന്നു.

വിശപ്പു സഹിക്കാതെ കുട്ടിയുടെ പൊതിച്ചോറ് കട്ടെടുത്ത ഹെഡ്മാസ്റ്റർ പശ്ചാത്താപത്തോടെ സ്കൂൾ മാനേജർക്ക് എഴുതുന്ന കത്തിലെ പരാമർശത്തിൽ നിന്ന് രാജീവ് നാഥ് അധികമായി വായിച്ചെടുത്തതാണ് ശ്രീധരൻ എന്ന കൗമാരക്കാരനെ. രാജീവ് നാഥ് പറയുന്നു - പിന്നീട് ശ്രീധരനായി ഞാൻ മാറുന്നത് പോലെ തോന്നി. അവനിലൂടെ പൊതിച്ചോറിനെ പുനർവ്യാഖ്യാനിക്കണമെന്ന മോഹം തുടങ്ങി.

കഥയിൽ രോഗിണി എന്നു മാത്രം പരാമർശിയ്‌ക്കുന്ന ഭാര്യയെ ഭർത്താവിന്റെ ഗതികേടു തിരിച്ചറിയാനാകാത്ത ദേഷ്യക്കാരിയാക്കി. അച്ഛന്റെ ധർമസങ്കടങ്ങളും, തീരാ വ്യഥകളും മനസിലാക്കി അച്ഛന്റെ നിഴലായി ശ്രീധരൻ വളർന്നു. അങ്ങനെ ഹെഡ്മാസ്റ്റർ എന്ന സിനിമ പിറന്നു. വായിച്ച കഥയെ വായനക്കാരൻ പൂരിപ്പിക്കുന്നത് പോലെ സംവിധായകൻ അഭ്രപാളികളിൽ പൂരിപ്പിച്ചു. കെ ബി വേണുവുമൊന്നിച്ച് തിരക്കഥ തയാറാക്കി.

പ്രധാന അദ്ധ്യാപകനായി മോഹൻലാലും, ഇന്ദ്രൻസുമൊക്കെ നിശ്ചയിക്കപ്പെട്ടെങ്കിലും അതിന് യോഗം ലഭിച്ചത് തമ്പി ആന്റണിക്കാണ്. അച്ഛന്റെ ധർമ്മസങ്കടങ്ങൾ എല്ലാമറിഞ്ഞ് നിഴലായി കൂടെയുള്ള മകനെ ആര് അവതരിപ്പിക്കും എന്നായി പിന്നീടുള്ള അന്വേഷണം. അമേരിക്കയിലുള്ള ആലപ്പുഴക്കാരൻ വിനോദ് ഒരു വൈറൽ വീഡിയോ തമ്പി ആന്റണിയെ കാണിച്ച് കൊടുത്തു. രമേശ് പിഷാരടി ഒരു ചാനലിൽ പറഞ്ഞ മരണവീട്ടിൽ എത്തിപ്പെട്ട് പെൺമക്കളുടെ അച്ഛന് ബലിയിടേണ്ടിവന്ന ഒരു ബന്ധവുമില്ലാത്ത ഒരു ചെറുപ്പക്കാരന്റ കഥ.

അതിലെ ഒൻപത് കഥാപാത്രങ്ങൾക്കും ദൃശ്യാവിഷ്ക്കാരം നൽകിയ ഒരു പയ്യൻ. തമ്പി ആന്റണി ഉടൻ അത് രാജീവ് നാഥിന് അയച്ചു കൊടുത്തു. നിർമ്മാതാവ് ശ്രീലാൽ ദേവരാജ് പയ്യനെ ഉടൻ വിളിപ്പിച്ചു. അങ്ങിനെ മൂന്നു വയസു മുതൽ സോഷ്യൽ മീഡിയയിൽ മറ്റും സജീവമായ ചേർത്തലക്കാരൻ ആകാശ് രാജ് പ്രധാന അദ്ധ്യാപകന്റെ മകൻ ശ്രീധരനായി..!

പൊതിച്ചോറിന് സർവ്വകാല പ്രസക്തി കൈവരുന്നത് എങ്ങനാണെന്നു ചോദിച്ചാൻ രാജീവ് നാഥ് പറയും വിശപ്പ് എന്ന്. ദാരിദ്ര്യം എല്ലാക്കാലത്തും ഒരു ദു:ഖകരമായ യാഥാർത്ഥ്യമാണ്. കുട്ടിയുടെ പൊതിച്ചോറ് കട്ടെടുത്ത് തിന്നുന്ന പ്രധാന അദ്ധ്യാപകൻ ഇന്നുപക്ഷേ അത്ഭുതമായിരിക്കാം. അങ്ങനെയൊരു ദരിദ്രകാലമുണ്ടായിരുന്നു എന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം.

സമൂഹത്തിന്റെ വലിയ സ്ഥാനമാനങ്ങൾ കാത്തുസൂക്ഷിക്കാൻ വിശന്നും വിഷമിച്ചും കഴിയേണ്ടി വരുന്നവരുണ്ട് എന്ന് സംവിധായകൻ പറയുന്നു.

ചേർത്തല കണ്ടമംഗലം ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാത്ഥിയായ ആകാശ് രാജ് ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകനാണ്. സിനിമയിലെത്തിയതിനെക്കുറിച്ച് ചോദിച്ചാൽ ആകാശ് പറയും അച്ഛൻ ആരോടും എനിക്ക് വേണ്ടി അവസം ചോദിച്ചിട്ടില്ല. സ്വന്തം കഴിവിൽ വിശ്വസമുള്ളവരെല്ലാം വിജയിക്കും എന്നു പറയും.

അങ്ങനെ ഞാൻ തയ്യാറാക്കിയ ഒരു ഹാസ്യ വീഡിയോ ഒരു സിനിമയിലെ മുഴുനീള കഥാപാത്രമാകാൻ കാരണമായി. തമ്പി ആന്റണിയെ കൂടാതെ ബാബു ആന്റണി, ജഗദീഷ്, മഞ്ജു പിള്ള, പ്രേം കുമാർ, സഞ്ജു ശിവ്റാം, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, ദേവി (നടി ജലജയുടെ മകൾ), സേതുലക്ഷ്മി തുടങ്ങിയവരുമായി വെള്ളിത്തിര പങ്കിട്ടു.

ശ്രീധരനായി അഭിനയിക്കുന്ന ബാബു ആന്റണിയുടെ കുട്ടിക്കാലമാണ് സിനിമയിൽ കൂടുതൽ. ഐക്യരാഷ്ട്രസഭയിലെ ഉന്നത ഉദ്യോഗസ്ഥനും മനുഷ്യാവകാശ പ്രവർത്തകനുമായ ശ്രീധരന്റെ ഒർമ്മകളിലൂടെ കഥ വികസിക്കുന്നു. ജീവിതത്തിന്റെ ദു:ഖ ദുരിതങ്ങളിൽ വലഞ്ഞ് കുറ്റബോധം കാരണം ആത്മഹത്യ ചെയ്യേണ്ടിവന്ന പാവമൊരു അച്ചന്റെ എല്ലാ സങ്കടങ്ങൾക്കും സാക്ഷിയായ മകനായ ശ്രീധരൻ.

ചിരിക്കാനും, കളിക്കാനും, ഉല്ലസിച്ച് ഓടി നടക്കാനും മറന്നുപോയ അവന്റെ കൗമാര ബാല്യങ്ങളെ ഓർത്തെടുക്കുന്നതിലൂടെ പൊതിച്ചോറ് എന്ന കാരൂർ കഥയ്ക്ക് പുതിയ മുഖം കൈവരുന്നു. "സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ശ്രീധരനാകാൻ സംവിധായകനും കൂടെ അഭിനയിച്ചവരുടെയും പിന്തുണ ഏറെ സഹായിച്ചു." ആകാശ് പറയുന്നു.-

"സിനിമയിൽ ഇനിയും നല്ല വേഷങ്ങൾ ചെയ്യണം ഇഷ്ടതാരങ്ങളോടൊപ്പം അഭിനയിക്കണം, ആകാശ് രാജ് സ്വപ്നം വെളിപ്പെടുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM NEWS, RAJEEV ALUNKAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.